സുല്‍ത്താന്‍ ബത്തേരിയില്‍ ബി ജെ പി നേതാവിന് വെട്ടേറ്റു

Posted on: September 13, 2014 8:50 am | Last updated: September 13, 2014 at 8:50 am
SHARE

സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയില്‍ ബി.ജെ.പി. നേതാവിനെ എട്ടംഗ സംഘം വെട്ടിപരിക്കേല്‍പ്പിച്ചു. ബി.ജെ.പി. സുല്‍ത്താന്‍ ബത്തേരി പഞ്ചായത്ത് സെക്രട്ടറി മൂലങ്കാവ് 64 മുതിരയില്‍ ലിലില്‍കുമാര്‍ (25) നാണ് സാരമായി പരിക്കേറ്റത്. ഇയാള്‍ സുല്‍ത്താന്‍ ബത്തേരിയിലെ സ്വാകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.
വ്യാഴാഴ്ച രാത്രി 11 ഓടെ മൂലങ്കാവ് 64ലാണ് സംഭവം. രാത്രി സുല്‍ത്താന്‍ ബത്തേരി സര്‍വ്വീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണബോര്‍ഡുകള്‍ സ്ഥാപിച്ചതിന് ശേഷം ബൈക്കില്‍ വീട്ടിലേക്ക് മടങ്ങവെയാണ് സംഭവം. പാതയോരത്ത് ഒളിച്ചിരുന്ന എട്ടംഗ സംഘം റോഡിന് കുറെ കയര്‍കെട്ടി തന്നെ വീഴ്ത്തുകയും തുടര്‍ന്ന് വടിവാള്‍, കൈകോടാലി എന്നീ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നുവെന്ന് ലിലില്‍കുമാര്‍ പോലിസന് മൊഴിനല്‍കിയിരിക്കുന്നത്.
പ്രതികള്‍ ഓടിരക്ഷപ്പെട്ടുയായിരുന്നുവത്രെ. ഇയാള്‍ സഞ്ചരിച്ചിരുന്ന ബൈക്കും അക്രമികള്‍ അടിച്ചുതകര്‍ത്തു. തുടര്‍ന്ന് ബി ജെ പി പ്രവര്‍ത്തകരെത്തിയാണ ലിലില്‍കുമാറിനെ സുല്‍ത്താന്‍ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഇയാളുടെ തലക്കും പുറത്തും വലതുകൈക്കും സാരമായി പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതേസമയം അക്രമത്തിന് പിന്നില്‍ ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരാണെന്ന് ബി.ജെ.പി. സുല്‍ത്താന്‍ ബത്തേരി നിയോജകമണ്ഡലം പ്രസിഡന്റ് കെ പി മധു ആരോപിച്ചു.