Connect with us

Kerala

സുധീരന്‍ അഭിനവ വി എസ് ചമയുന്നെന്ന് യൂത്ത് കോണ്‍ഗ്രസ്

Published

|

Last Updated

തിരുവനന്തപുരം: കെ പി സി സി അധ്യക്ഷന്‍ വി എം സുധീരന്‍ അഭിനവ വി എസ് ചമയുകയാണെന്ന് യൂത്ത് കോണ്‍ഗ്രസ് വിമര്‍ശം. ന്യൂസ് ചാനലുകളുടെ റേറ്റിംഗ് കൂട്ടാനുള്ള ബ്രാന്‍ഡ് അംബാസിഡറായി സുധീരന്‍ മാറരുതെന്നും യൂത്ത് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ഇന്നലെ തിരുവനന്തപുരത്ത് ചേര്‍ന്ന യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമിതി യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷനെതിരെ രൂക്ഷ വിമര്‍ശമുയര്‍ന്നത്.

അദ്ദേഹത്തിന്റെ നിലപാടുകള്‍ സര്‍ക്കാറിനെ ഒറ്റപ്പെടുത്തുന്നതാണ്. മദ്യനയം ഉള്‍പ്പടെയുള്ള വിഷയങ്ങളില്‍ പാര്‍ട്ടി നേതാക്കളെ സമൂഹത്തിനു മുന്നില്‍ മോശക്കാരായി ചിത്രീകരിക്കാന്‍ സുധീരന്‍ ശ്രമിക്കുന്നു. എ ഗ്രൂപ്പ് അംഗമാണ് വിമര്‍ശനം ഉന്നയിച്ചതെങ്കിലും പിന്നീട് സംസാരിച്ച ഐ ഗ്രൂപ്പ് അംഗങ്ങളും സുധീരനെതിരെ തിരിഞ്ഞു. കോണ്‍ഗ്രസിലെ പുനഃസംഘടന താഴേത്തട്ടില്‍ മാത്രം ഒതുക്കിനിര്‍ത്താതെ മേല്‍ത്തട്ടിലും നടപ്പിലാക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. സംസ്ഥാന ഭാരവാഹികളുടെയും പാര്‍ലിമെന്റ് പ്രസിഡന്റുമാരുടെയും യോഗമാണ് തിരുവനന്തപുരത്ത് ചേര്‍ന്നത്.
മദ്യനയത്തില്‍ ആശയക്കുഴപ്പമുണ്ടാക്കുന്ന ഘടകകക്ഷി നേതാക്കള്‍ക്ക് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തണമെന്ന് യൂത്ത് കോ ണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡീന്‍ കുര്യാക്കോസ് യോഗത്തിനു ശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു. യു ഡി എഫിലെ മന്ത്രിമാരായ ചില നേതാക്കള്‍ മദ്യനയത്തിനെതിരെ പുറത്തു പ്രതികരിക്കുന്നത് ശരിയല്ല. ഇത്തരം പ്രതികരണങ്ങള്‍ സര്‍ക്കാറിന്റെ നിലപാടുകളെ ദുര്‍ബലപ്പെടുത്തും. ബന്ധപ്പെട്ട ഘടകകക്ഷി നേതാക്കള്‍ ഇവരെ തിരുത്താന്‍ തയ്യാറാകണം. സുപ്രീം കോടതി വിധി സര്‍ക്കാറിനേറ്റ തിരിച്ചടിയല്ലെങ്കിലും ഖേദകരമാണ്. സര്‍ക്കാറിന്റെ മദ്യനയത്തിന് യൂത്ത് കോണ്‍ഗ്രസിന്റെ പൂര്‍ണ പിന്തുണയുണ്ട്. വ്യാജമദ്യം സംസ്ഥാനത്ത് ഒഴുകാന്‍ സാധ്യതയുള്ളതിനാല്‍ യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ അസംബ്ലി മണ്ഡലാടിസ്ഥാനത്തില്‍ ജാഗ്രതാ സമിതികള്‍ രൂപവത്കരിക്കും.
കോണ്‍ഗ്രസ് പുനഃസംഘടനയുമായി ബന്ധപ്പെട്ട് കെ പി സി സി നേരത്തെ തീരുമാനിച്ച നിബന്ധനകളില്‍ മാറ്റംവരുത്തിയതായും ഡീന്‍ കുറ്റപ്പെടുത്തി. 10 വര്‍ഷം തുടര്‍ച്ചയായി പാര്‍ട്ടി ഭാരവാഹികളായവരെ മണ്ഡലം, ഡി സി സി നിലവാരത്തില്‍ തുടരാന്‍ നിബന്ധനയുണ്ടായിരുന്നു. എന്നാല്‍ ഈ നിബന്ധനയില്‍ മാറ്റംവരുത്തിയത് ഒരു കാരണവശാലും അംഗീകരിക്കാനാകില്ല. പുനഃസംഘടനയില്‍ യുവാക്കള്‍ക്കു വ്യക്തമായ പ്രാതിനിധ്യം വേണം. നിലവിലെ ഡി സി സി ഭാരവാഹികളുടെ അംഗസംഖ്യ നോക്കിയാല്‍ മുതിര്‍ന്നവരെ നിലനിര്‍ത്താനോ പുതിയവരെ ഉള്‍പ്പെടുത്താനോ കഴിയില്ല.
സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ബൂത്ത് കമ്മിറ്റികള്‍ ഒറ്റദിവസം രൂപവത്കരിച്ചത് ചരിത്ര നേട്ടമാണ്. പത്ത് വര്‍ഷം ഭാരവാഹിത്വം പൂര്‍ത്തീകരിച്ച മണ്ഡലം മുതല്‍ ഡി സി സി വരെയുള്ള സീനിയര്‍ നേതാക്കളെ അതതു കമ്മിറ്റികളിലെ എക്‌സിക്യൂട്ടീവില്‍ നിലനിര്‍ത്തണം. പി എസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടുന്ന കാര്യത്തില്‍ അധികൃതര്‍ നിഷേധാത്മക നിലപാട് തുടരുകയാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം.
ഈ മാസം 25ന് കേന്ദ്രമ്രന്തിമാരുടെ കാര്യാലയങ്ങളിലേക്ക് യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ മാര്‍ച്ചില്‍ കേരളത്തില്‍ നിന്ന് 1000 പേര്‍ പങ്കെടുക്കും. പ്രളയത്തില്‍ കഷ്ടത അനുഭവിക്കുന്ന കാശ്മീരിലെ ജനങ്ങളെ സഹായിക്കുന്നതിനായി യൂത്ത് കോണ്‍ഗ്രസ് ഫണ്ട് സ്വരൂപിക്കും. ഒക്‌ടോബര്‍ രണ്ടിന് ആഗോള വെല്ലുവിളികളും ഗാന്ധിസവും എന്ന വിഷയത്തില്‍ സംസ്ഥാനത്തെ 20 പാര്‍ലിമെന്റ് മണ്ഡലങ്ങളിലും സെമിനാറുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Latest