റോഡിലെ കുഴിയടക്കല്‍ പ്രഹസനമായി; തൊഴിലാളികളെ വ്യാപാരികള്‍ തിരിച്ചയച്ചു

Posted on: September 13, 2014 12:30 am | Last updated: September 12, 2014 at 10:30 pm
SHARE

നീലേശ്വരം: റോഡിലെ കുഴിയടക്കല്‍ പ്രസഹനം നടത്താനെത്തിയ തൊഴിലാളികളെ വ്യാപാരികളും വഴിയാത്രക്കാരും ചേര്‍ന്ന് തുരത്തി. നീലേശ്വരം മെയിന്‍ ബസാറില്‍ ഗ്യാസ് ഏജന്‍സിക്ക് സമീപത്തെ റോഡിലെ അഗാധ ഗര്‍ത്തങ്ങള്‍ നികത്താനെന്ന പേരില്‍ ബാഗില്‍ ടാറിംഗ് മിശ്രിതവുമായി എത്തിയ തൊഴിലാളികളെ സംഘടിതരായ വ്യാപാരികളും വഴിയാത്രക്കാരും ചേര്‍ന്ന് തിരിച്ചയക്കുകയായിരുന്നു.
കുഴികളിലെ പൊടിമണ്ണു പോലും നീക്കാതെ ടാറിംഗ് മിശ്രിതം നിരത്തിയതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്. മെയിന്‍ ബസാറിലെ റോഡരികിലുള്ള വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടിയിട്ട് മാസങ്ങളായി. ഇതിലൂടെ നിരന്തരം റോഡിലേക്ക് വെള്ളം ഒഴുകിയെത്തുന്നതുമൂലമാണ് വന്‍ കുഴികള്‍ രൂപപ്പെട്ടത്. പൊട്ടിയ പൈപ്പ് ഇനിയും നന്നാക്കിയിട്ടില്ല. ഈ സ്ഥിതിയില്‍ ഇവിടെ നടത്തുന്ന കുഴിയടക്കല്‍ പ്രായോഗികമല്ലെന്ന് പരിസരവാസികള്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല കുഴികളിലെ പൊടിമണ്ണ് നീക്കം ചെയ്യാതെ ടാറിംഗ് മിശ്രിതം നിരത്തുന്നത് ഇരുട്ടുകൊണ്ട് ഓട്ട അടക്കുന്നതിന് തുല്യമാകുമെന്നും ഇവര്‍ പറയുന്നു.
കുഴിയടക്കല്‍ കാര്യക്ഷമമായിട്ടാണോ നടക്കുന്നതെന്ന് പരിശോധിക്കാന്‍ പി ഡബ്ല്യൂ ഡി യുടെ എഞ്ചിനീയറോ, യഥാര്‍ഥ കരാറുകാരനോ തൊഴിലാളികളുടെ കൂടെയുണ്ടായിരുന്നില്ല. ഖജനാവിന് ലക്ഷങ്ങള്‍ നഷ്ടമാകുന്ന രീതിയിലുള്ള ഇത്തരം സൂത്രപ്പണി അംഗീകരിക്കാനാവില്ലെന്ന തീരുമാനത്തില്‍ പൊതുജനങ്ങള്‍ ഉറച്ചുനിന്നതോടെ കുഴികള്‍ അടക്കാനെത്തിയ തൊഴിലാളികള്‍ തിരിച്ചുപോയി.