Connect with us

Articles

പ്രശ്‌നം ലൈംഗികത മാത്രമല്ല

Published

|

Last Updated

ഏറെ ഗൗരവത്തോടെയും ആസൂത്രണത്തോടെയും അഭിമുഖീകരിക്കപ്പെടേണ്ട ഒരു പ്രശ്‌നത്തിലേക്കാണ് സെപ്തംബര്‍ 11 നു സിറാജ് പ്രസിദ്ധീകരിച്ച ടി എ അലി അക്ബറിന്റെ “പ്രവാസികളുടെ പെണ്ണുങ്ങള്‍” എന്ന ചിന്ത ശ്രദ്ധ ക്ഷണിക്കുന്നത്. പുതിയ കാലത്തെ കേരളീയ സമൂഹത്തെ, വിശേഷിച്ച് മുസ്‌ലിം സമുദായത്തെ ആശങ്കപ്പെടുത്തുകയും നിസ്സഹായമായ രീതിയില്‍ വേദനിപ്പിക്കുകയും ചെയ്യുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളുള്ള പ്രശ്‌നമാണ് സഹോദരിമാരുടെ സദാചാരവിരുദ്ധ – അവിഹിത കഥകളും കഥകള്‍ക്കു പിറകിലെ യാഥാര്‍ഥ്യങ്ങളും. മുസ്‌ലിം സമൂഹത്തില്‍ ഈ പ്രശ്‌നത്തിന്റെ തോത് ആപേക്ഷികമായി കുറഞ്ഞതാണെങ്കിലും സദാചാര മൂല്യങ്ങള്‍ക്കും കുടുംബ ഭദ്രതക്കും ഉയര്‍ന്ന പ്രാധാന്യം കൊടുക്കുന്ന സമൂഹമെന്ന നിലയില്‍ കൂടുതല്‍ ഉത്കണ്ഠയും ചര്‍ച്ചയും ഇത് സൃഷ്ടിക്കുന്നു.
പ്രവാസികളുടെ മാത്രമല്ല, സമുദായത്തിന്റെ മൊത്തം കുടുംബാന്തരീക്ഷത്തെയും ഈ പ്രശ്‌നം ബാധിക്കുന്നുണ്ട്, പെണ്‍മക്കളെയും ഒരുപക്ഷേ, അവരേക്കാള്‍ ഉമ്മമാരെ/ഭാര്യമാരെയും. പല കാരണങ്ങളാല്‍ പ്രവാസികളുമായി ബന്ധപ്പെട്ടവ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നുവെന്നു മാത്രം. സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്ന പല കഥകളും ആധികാരികമല്ലെങ്കിലും വളര്‍ന്നുവരുന്ന ഗൗരവതരമായ ഒരു സാമൂഹിക വിപത്തായി ഇതിനെ പരിഗണിക്കുകയും പരിഹാരങ്ങള്‍ക്കായി ആസൂത്രിത പദ്ധതികള്‍ രൂപപ്പെടുത്തുകയും ചെയ്യേണ്ടതുണ്ട്.
പുതിയ കാലത്തെ അസാന്മാര്‍ഗിക പ്രവണതകളോട് സമൂഹത്തില്‍- നന്മ കാംക്ഷിക്കുന്നവരിലും പ്രബോധകരിലും വരെ -ഒരു തരം നിസ്സഹായമായ ഉദാസീനത വളര്‍ന്നു വരുന്നുണ്ട്. ഒന്നും ചെയ്തിട്ട് കാര്യമില്ല/ ഒന്നും ചെയ്യാനില്ല, പുതിയ കാലം/ സമൂഹം അങ്ങനെയാണ് എന്നൊരു ദീനമായ പരാജിത മനോഭാവം നമ്മെ ദുര്‍ബലരാക്കുന്നുണ്ടെന്ന് തോന്നുന്നു. അധാര്‍മികതക്കെതിരായ പ്രതിരോധത്തെ ദുര്‍ബലപ്പെടുത്തുന്ന ആ മനോഭാവം തിരുത്തുന്നിടത്തു നിന്നായിരിക്കും തുടങ്ങാനുള്ളത്. ദുഷിച്ച കാലത്തെ സമൂഹങ്ങളിലെല്ലാം അത്തരമൊരു സാധ്യത ഉണ്ടായിരുന്നല്ലോ. കാലത്തെ പഴിക്കാതെ അതിനെ ധീരമായും തന്ത്രപരമായും അഭിമുഖീകരിച്ചപ്പോഴാണല്ലോ വലിയ സാമൂഹിക പരിവര്‍ത്തനങ്ങള്‍ സാധ്യമായത്.
സത്യത്തില്‍ ശാസ്ത്രീയവും വ്യവസ്ഥാപിതവുമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഒരു പരിധി വരെ ഈ പ്രവണതകള്‍ നിയന്ത്രണവിധേയമാക്കാവുന്നതേയുള്ളൂ. വിശേഷിച്ച് കേരളത്തിലെ മുസ്‌ലിം സമുദായത്തിന് താഴെത്തട്ടില്‍ പരന്നുകിടക്കുന്ന സംഘടിത നെറ്റ്‌വര്‍ക്കും ശക്തമായ മഹല്ല് സംവിധാനവും ഉള്ളതുകൊണ്ട്. പ്രശ്‌നത്തിന്റെ വ്യാപ്തി, പരിസരം, കാരണങ്ങള്‍, മനഃശാസ്ത്ര തലങ്ങള്‍, പരിഹാരങ്ങള്‍ എന്നിവ പഠിച്ചും ആലോചിച്ചും പ്രതിരോധം ശക്തിപ്പെടുത്തണമെന്നു മാത്രം. അത്തരമൊരു നീക്കം ഉണ്ടാകാതെയാണ് നാം നിസ്സഹായത ഭാവിക്കുന്നതെങ്കില്‍ സ്വയം തന്നെ പഴിക്കുന്നതായിരിക്കും ഭേദം. “നാം കാലത്തെ പഴിക്കുന്നു, പിഴ നമ്മുടെതാണ്, നാം മാത്രമാണു നമ്മുടെ കാലത്തിന്റെ വൈകല്യം” എന്നു ഇമാം ശാഫിഈ(റ) യുടെ കവിതാ സാരം ഇവിടെ ഓര്‍ക്കാം.
സ്ത്രീപുരുഷ മനസ്സുകളുടെ മൗലിക സ്വഭാവങ്ങളാണു ഈയന്വേഷണത്തില്‍ ആദ്യം പരിഗണിക്കേണ്ട ഒന്ന്. മനഃശാസ്ത്രപരമായി സ്ത്രീയുടെ ഏറ്റവും അടിസ്ഥാനപരമായ ആവശ്യം “കെയര്‍” (care) ആണെന്നു പഠനങ്ങള്‍ കാണിക്കുന്നു. പരിഗണനയും സ്‌നേഹവും അംഗീകാരവും ശ്രദ്ധയും എല്ലാം തരം പോലെ ചേരുന്നതാണ് കെയര്‍. ലൈംഗികതയും സൗന്ദര്യവുമല്ല സ്ത്രീക്കു പരമ പ്രധാനം, ലൈംഗികത കെയറിന്റെ ഭാഗമായി വരുമെങ്കിലും. ബോധപൂര്‍വമോ അബോധമായോ കെയര്‍ കിട്ടുന്നിടത്തേക്കു പെണ്‍മനസ്സ് ചാഞ്ഞിരിക്കും. ശരിയായ രീതിയില്‍ കെയര്‍ ചെയ്താല്‍ സ്ത്രീ, അവള്‍ പോലും അറിയാതെ അയാളുടെ അടിമയാകും. ഇവിടെയാണ് ഭര്‍ത്താക്കന്മാരും മാതാപിതാക്കളും പരാജയപ്പെടുന്നത്, ഒന്നിനും കൊള്ളാത്തവനെന്നു നാം കരുതുന്ന കാമുകന്‍/ ജാരന്‍ വിജയിക്കുന്നതും. ഇക്കാര്യത്തില്‍ അമ്പേ പരാജയമാകുന്നത് പലപ്പോഴും പ്രവാസിയായിരിക്കും.
നമ്മുടെ കുടുംബ/ സാമൂഹികാന്തരീക്ഷത്തില്‍ സ്ത്രീകള്‍ക്ക് അവരാഗ്രഹിക്കുന്ന കെയര്‍ നല്‍കുന്നത് ആരാണ്? ഈ ചോദ്യം കേരളത്തിലെ കുടുംബ ജീവിതത്തിന്റെ പതിതാവസ്ഥകളെക്കൂടി പരിശോധിക്കാന്‍ നമ്മെ നിര്‍ബന്ധിക്കുന്നുണ്ട്. വലിയൊരു ഭാഗം മലയാളികളുടെയും കുടുംബ, ദാമ്പത്യ ജീവിതം പരാജയമാണെന്നു നിരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നു (മലയാളികളല്ലാത്തവരുടെത് വിജയമാണോ എന്നറിഞ്ഞു കൂടാ..!). സ്‌നേഹവും പരിഗണനയും അംഗീകാരവും ഇത്തരം കുടുംബാന്തരീക്ഷത്തില്‍ മാതാപിതാക്കളും മക്കളും തമ്മിലും ദമ്പതികള്‍ തമ്മിലും വേണ്ടത്ര പകടിപ്പിക്കപ്പെടുന്നില്ല. ചില ചോദ്യങ്ങള്‍ക്ക് ഉത്തരമന്വേഷിച്ചാല്‍ ഇക്കാര്യം വ്യക്തമാകും. നമ്മുടെ മോശം വികാരങ്ങളും (ദേഷ്യം, പ്രതിഷേധം, വിയോജിപ്പ്..) പ്രതികരണങ്ങളും നാം ഏറ്റവും കൂടുതല്‍ “പകടിപ്പിക്കാറുള്ളത്” ആരോടാണ്? കുടുംബത്തിനകത്തുള്ളവരോടോ പുറത്തുള്ളവരോടോ? നാം ഒരു മാസം എത്ര തവണ മക്കളോട്/ ഭാര്യയോട്/ ഭര്‍ത്താവിനോട് നെഗറ്റീവായി(നിഷേധാത്മകമായി) സംസാരിക്കാറുണ്ട്? എത്ര തവണ അഭിനന്ദനപൂര്‍വം/ സ്‌നേഹപൂര്‍വം/ പ്രശംസാപൂര്‍വം സംസാരിക്കാറുണ്ട്? ഏതാണ് വളരെക്കൂടുതല്‍? മക്കളുടെ കാര്യത്തില്‍ ഇതിന്റെ തോത് പരിതാപകരമാം വിധം നെഗറ്റീവാണ്.
ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ സ്‌നേഹപൂര്‍വവും വിരുദ്ധവുമായ ആശയവിനിമയത്തില്‍ കുറേക്കൂടി ഭേദപ്പെട്ട അനുപാതം ഉണ്ടായേക്കാം. പക്ഷേ, പല ദാമ്പത്യങ്ങളിലും അക്കാര്യം കഷ്ടമാണ്. സ്‌നേഹപ്രകടനവും പരസ്പരമുള്ള സ്‌നേഹപൂര്‍വമായ കെയറും അപ്രത്യക്ഷമാകുകയും റൊമാന്‍സ് മരിച്ച കേവലം യാന്ത്രിക പ്രക്രിയയായി ദാമ്പത്യജീവിതം മാറുകയും ചെയ്തിട്ടുണ്ട്. വിവാഹത്തിന്റെ ആദ്യ കാലങ്ങളിലെ റൊമാന്‍സിന് ശേഷം പരസ്പര സന്തോഷത്തിനു വേണ്ടി ഒന്നിച്ചു യാത്ര പോകാത്തവര്‍, വല്ലപ്പോഴുമെങ്കിലും ഒറ്റക്കു കുറേ നേരം ഒന്നിച്ചു ചെലവഴിക്കാന്‍ സമയം കാണാത്തവര്‍, ഇണക്കു വേണ്ടതെന്തൊക്കെയെന്ന് ഇപ്പോഴും അറിയാത്തവര്‍/ അന്വേഷിക്കാത്തവര്‍, പരസ്പരം സ്‌നേഹസമ്മാനങ്ങള്‍ നല്‍കി ദാമ്പത്യത്തിലെ പച്ചപ്പ് നിലനിര്‍ത്താന്‍ ശ്രമിക്കാത്തവര്‍, സ്വകാര്യവേളകളില്‍ നല്ല വസ്ത്രവും നല്ല പെരുമാറ്റവും കൊണ്ട് ഇണയെ ആകര്‍ഷിക്കാന്‍ ശ്രമിക്കാത്തവര്‍, ഇണക്ക് ലൈംഗിക സംതൃപ്തി ലഭിക്കുന്നുവെന്ന് ഉറപ്പ് വരുത്താത്തവര്‍, കല്യാണത്തിന്റെ ആദ്യകാലത്തിനു ശേഷം പരസ്പര പ്രണയം മനോഹരമാക്കാനുള്ള ഒരു ശ്രമവും നടത്താത്തവര്‍, ഒരു പുസ്തകം പോലും അക്കാര്യത്തില്‍ വായിക്കാത്തവര്‍….അങ്ങനെ പോകുന്നു ആ നിര. ചോരയും നീരും വികാരങ്ങളുമുള്ള മനുഷ്യരാണ് ഇണകളെന്ന് നാം മറന്നു പോകുന്നു.
ഭര്‍ത്താവില്‍ നിന്നു കിട്ടാത്ത കെയര്‍ പുറത്തു നിന്നു കിട്ടുമ്പോള്‍ ദുര്‍ബലരായ സ്ത്രീകള്‍ വീണുപോകുന്നു. അത് അന്യസംസ്ഥാന തൊഴിലാളിയാണോ പ്രായം കൂടിയവനാണോ അന്യ മതസ്ഥനായ ഡ്രൈവറാണോ എന്നൊക്കെ ചിന്തിക്കാനുള്ള വിവേകം അവര്‍ക്ക് നഷ്ടപ്പെടുന്നു. ജീവിതത്തില്‍ നിലവില്‍ ലഭിക്കാത്ത മനോഹാരിതയും റൊമാന്‍സും അതിലൂടെ ലഭിക്കുമെന്നവര്‍ വ്യാമോഹിക്കുന്നു. പിഴപ്പിക്കാനറിയുന്നവര്‍ ഈ പ്രലോഭനം നല്‍കുന്നതില്‍ വിദഗ്ധരായിരിക്കും. നാട്ടിലുണ്ടായിട്ടും താന്‍ പറയുന്നത് കേള്‍ക്കാന്‍ സമയവും മനസ്സുമില്ലാത്ത/ വിദേശത്തു നിന്നു ഫോണ്‍ വിളിച്ച് തനിക്ക് ഓര്‍ത്തു വെക്കാന്‍ പറ്റുന്ന സ്‌നേഹലാളനകളുടെ സംഭാഷണം തരാന്‍ കഴിയാത്ത ഭര്‍ത്താവിനു പകരം താന്‍ പറയുന്നതെല്ലാം കേള്‍ക്കാനും താന്‍ പങ്ക് വെക്കുന്നതെല്ലാം സ്വീകരിക്കാനും സന്നദ്ധനായി അവര്‍ക്കവരെ അനുഭവപ്പെടും. അവിടെ പെണ്ണ് വീഴും, ഒരു കുടുംബം തകരും, ചിലപ്പോള്‍ പല ജീവിതങ്ങളും. മാതാപിതാക്കളില്‍ നിന്നും വീട്ടിലെ അന്തരീക്ഷത്തില്‍ നിന്നും കെയര്‍ കിട്ടാത്ത പെണ്‍കുട്ടിയുടെ കാര്യത്തിലും സംഭവിക്കുന്നത് ഇതു തന്നെ.
കെയറിന്റെ പ്രശ്‌നം മാത്രമല്ല ഈ വിപത്തിന്റെ കാരണം. അതൊക്കെ കിട്ടുമ്പോഴും ദുരന്തങ്ങളുണ്ടാകുന്നുണ്ട്. തെറ്റായതില്‍ പിശാച് കൂടുതല്‍ ആകര്‍ഷണം തോന്നിപ്പിക്കുമല്ലോ. പക്ഷേ, അടിസ്ഥാനപരമായ ഒരു മനഃശാസ്ത്ര പ്രശ്‌നം സൂചിപ്പിച്ചുവെന്നു മാത്രം. വൈകാരികവും മാനസികവുമായ വിവിധ തലങ്ങളെക്കുറിച്ച് ആഴത്തില്‍ പഠനം നടക്കേണ്ടതുണ്ട്. സാമൂഹിക കാരണങ്ങളും ടെക്‌നോളജി ഒരുക്കുന്ന ആനുകൂല്യങ്ങളും ജീവിതം ആസ്വദിക്കാന്‍ മാത്രമെന്ന ബോധം സൃഷ്ടിക്കുന്ന പരിസരവും തുടങ്ങി നിരവധി കാരണങ്ങള്‍ വേറെയും ഉണ്ട്. എങ്കിലും കിട്ടേണ്ടത് കിട്ടേണ്ടിടത്തു നിന്നു കിട്ടാത്തതു കൊണ്ട് അത് പുറത്തു തേടിപ്പോകാനുള്ള പ്രലോഭനം തന്നെയാണ് ഏറ്റവും പ്രധാനമായി അഭിസംബോധന ചെയ്യപ്പെടേണ്ടത്. ആ പ്രലോഭനത്തെ അതിജയിക്കാനും ഇല്ലായ്മ ചെയ്യാനുമുള്ള വഴികള്‍ ആവിഷ്‌കരിക്കപ്പെടേണ്ടതുമുണ്ട്.
തന്റെ പെണ്ണിന്/മകള്‍ക്ക് തന്നെ വിട്ടു പോകാനാകാത്ത വിധമുള്ള കെയറും സ്‌നേഹവും നല്‍കാനും അത് പ്രകടിപ്പിക്കാനും കഴിയുകയാണ് ഒരു പരിഹാരം. അത് കൂറേക്കൂടി നന്നായി പഠിച്ചേ പറ്റൂ. പെണ്ണ് കെട്ടിപ്പോയെന്നല്ലാതെ എങ്ങനെ മനോഹരമായൊരു ദാമ്പത്യം രൂപപ്പെടുത്താം/ എങ്ങനെ നല്ല മക്കളെ വളര്‍ത്തിയെടുക്കാം എന്ന് ഒരു തരം പഠനവും അന്വേഷണവും നടത്താത്തവരാണ് വലിയ പറ്റം. അത് ഒരാവശ്യമാണെന്നു പോലും ചിന്തിക്കാത്തവരുമുണ്ട്. എന്തൊക്കെയോ ധാരണകളും മുറിവിവരങ്ങളും അജ്ഞതയുമാണ് അവര്‍ക്ക് ദാമ്പത്യം മുന്നോട്ടു കൊണ്ടുപോകാനുള്ള ഇന്ധനം. സ്‌നേഹപൂര്‍വവും ഭദ്രവുമായ ദാമ്പത്യവും കുടുംബ ബന്ധവും രൂപപ്പെടുത്താന്‍ ഓരോരുത്തരും പഠിച്ചു കൊണ്ടേയിരിക്കുകയാണ് വേണ്ടത്. ക്ലാസുകളും ട്രെയ്‌നിംഗുകളും കൗണ്‍സലിംഗുകളും സി ഡികളും പുസ്തകങ്ങളും ഇക്കാര്യത്തില്‍ സഹായിക്കും.
കുടുംബത്തിനു അനുവദനീയമായ രീതിയിലുള്ള ആസ്വാദനങ്ങള്‍ ലഭിക്കുന്നുവെന്നും അതിലവര്‍ക്ക് സംതൃപ്തിയുണ്ടെന്നും ഉറപ്പ് വരുത്തേണ്ടതുണ്ട്. പ്രവാസികള്‍ ഇതില്‍ കുറേക്കൂടി ശ്രദ്ധപുലര്‍ത്തേണ്ടവരാണ്. നാട്ടില്‍ വന്നു തിരിച്ചുപോരുമ്പോള്‍ അടുത്ത വെക്കേഷന്‍ വരെ തന്നെ ഓര്‍ത്തു കാത്തിരിക്കാന്‍ പോന്ന നിമിഷങ്ങള്‍ സമ്മാനിച്ചാണു പോരുന്നതെന്നു ഉറപ്പ് വരുത്തണം. ആ ഓര്‍മകളെ സ്‌നേഹമസൃണമായ സംഭാഷണങ്ങളിലൂടെ പിന്നീട് റിഫ്രഷ് ചെയ്തുകൊണ്ടിരിക്കുകയും വേണം. അപ്പോള്‍ വിരഹത്തിന്റെ ചൂടിന് കുറേ ആശ്വാസമുണ്ടാകും. പെണ്ണിനു കേള്‍വിയും സംസാരവും ഏറെ ആനന്ദം പകരുമെന്നതാണ് അവരെ വീഴ്ത്തുന്ന ഒരു ഘടകം. അതേ കാര്യത്തെ ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്താനാകുമ്പോള്‍ ദാമ്പത്യം സുരക്ഷിതവും ആനന്ദകരവുമാകും.
കൊച്ചുമക്കളോട് കുറേ നേരം സംസാരിക്കുമ്പോഴും ഭാര്യയോട് സ്‌നേഹം പ്രകടിപ്പിച്ചു കൊണ്ട് സംസാരിക്കാന്‍ സമയം കണ്ടെത്താത്ത പ്രവാസികളുണ്ട്. കൂടെയുള്ളവര്‍ ഇണയോടു കുറേ നേരം സംസാരിക്കുന്നത് കാണാനിഷ്ടപ്പെടുകയും 40 വയസ്സായ തനിക്ക് ദാമ്പത്യത്തില്‍/ പ്രണയത്തില്‍ മരവിപ്പ് വന്നിരിക്കാം. എന്നാല്‍ 30 വയസ്സായ ഭാര്യ അങ്ങനെയാകണമെന്നില്ലെന്ന ഓര്‍മ വേണം. ഇണയുടെ വികാരങ്ങളെയും മനസ്സിനെയും വായിക്കാന്‍ കഴിയാതാകുന്നിടത്തു നിന്നാണ് ദുരന്തങ്ങള്‍ മുള പൊട്ടുന്നത്. പ്രണയം പൂവിട്ടു നില്‍ക്കുന്നതല്ലാത്ത കാലത്തൊന്നും കുറേ നേരം വെറുതെ സംസാരിക്കുന്നത് ആണിന് താത്പര്യമുണ്ടാകണമെന്നില്ല, കുറേ നേരം കേള്‍ക്കുന്നത് വിശേഷിച്ചും. പക്ഷേ, പെണ്ണിന് വേണ്ടി ചില താത്പര്യക്കേടുകള്‍ താത്പര്യങ്ങളാക്കാന്‍ കഴിയണം. ഇട മുറിയാത്ത വീട്ടുകാര്യങ്ങളും മക്കളുടെ പ്രശ്‌നങ്ങളും പല തരം അസ്വസ്ഥതകളും കൊണ്ട് കലങ്ങിയിരിക്കുന്ന ഇണയുടെ മനസ്സിന് എന്നും തന്നെ വിളിച്ച് എല്ലാ ഭാരവും അലിയിച്ചു കളയുന്നൊരു ഭര്‍ത്താവുണ്ടെങ്കില്‍ പ്രലോഭനങ്ങളെ പ്രതിരോധിക്കാനുള്ള ശേഷി കൂടും. അവള്‍ക്ക് അദ്ദേഹത്തെ വഞ്ചിക്കുന്നത് ഓര്‍ക്കാന്‍ പോലും കഴിയണമെന്നില്ല. പറയുന്നതു കേള്‍ക്കാന്‍ ഭര്‍ത്താവിനു നേരമില്ലാതിരിക്കുമ്പോഴാണ് ജാരന് നേരമുണ്ടാകുന്നത്, ദുരന്തവും.
തീരാത്ത ബാധ്യതകള്‍ക്കും വലിയ വീട് വെക്കാനും അര്‍ഥശൂന്യമായ കാര്യങ്ങള്‍ക്കും വേണ്ടി ദീര്‍ഘകാലം പ്രവാസം തുടരുന്നതിനു പകരം ഇടക്ക് നാട്ടില്‍ പോകാന്‍ പ്രവാസികള്‍ ശ്രദ്ധിച്ചേ പറ്റൂ. പോക്കുവരവ് മുമ്പത്തേതിനേക്കാള്‍ സാധ്യവും പ്രയാസം കുറഞ്ഞതുമായിരിക്കുമ്പോള്‍ വിശേഷിച്ചും. മറ്റു ബാധ്യതകളെക്കാള്‍/ആഡംബരങ്ങളെക്കാള്‍ വലിയ ബാധ്യതയാണ് ഇണയുടെയും മക്കളുടെയും വൈകാരിക സംതൃപ്തിയെന്ന ബോധ്യം മനസ്സിലുറപ്പിച്ചേ പറ്റൂ.
സോഷ്യല്‍ മീഡിയ ഉപയോഗം ചതിക്കുഴികള്‍ തുറന്നു വെക്കുന്നു. ഉപയോഗിച്ചേ തീരൂ എങ്കില്‍ ചില മുന്‍കരുതലുകള്‍ നന്നായിരിക്കും. ഫെയ്‌സ്ബുക്ക്, ഇമെയില്‍ എ്ക്കൗണ്ടുകളുടെ പാസ് വേഡുകള്‍ പരസ്പരം അറിഞ്ഞിരിക്കുന്നത് നന്നായേക്കും. വാട്ട്‌സ് ആപ്പ് ആണ് മറ്റൊരു മുഖ്യന്‍. സഹോദരിമാര്‍ സ്ഥിരം ഉപയോഗിക്കുന്ന നമ്പറിന് പകരം ആരുമറിയാത്തൊരു സ്വകാര്യനമ്പറില്‍ വാട്ട്‌സ് ആപ്പ് ക്രിയേറ്റ് ചെയ്താല്‍ ആവശ്യമുള്ളവരോട് അങ്ങോട്ടു ബന്ധപ്പെട്ടാല്‍ മതിയാകും. യുവതികളും പെണ്‍കുട്ടികളും അവരുടെ പേഴ്‌സനല്‍ നമ്പറില്‍ നിന്ന് ഓട്ടോറിക്ഷക്കും ഷോപ്പുകളിലേക്കും മറ്റും വിളിച്ച് സ്വകാര്യ നമ്പര്‍ ഷെയര്‍ ചെയ്യുന്നത് ഒഴിവാക്കുന്നതും ഗുണം ചെയ്യും. മിസ് കോളുകളും അപരിചിത മെസേജുകളുമാണല്ലോ പലപ്പോഴും വില്ലന്‍മാര്‍. അവ ഒഴിവാക്കാന്‍ സഹായിക്കും ഇത്തരം കാര്യങ്ങള്‍. മക്കളെയും ഭാര്യമാരെയും സദ്‌വൃത്തരുടെ കഥകളിലൂടെ സംസ്‌കരിക്കാനും പരലോക ബോധമുള്ളവരാക്കാനും ശ്രദ്ധ വെക്കണം. സ്വയം കഴിയില്ലെങ്കില്‍ അതിനു പര്യാപ്തമായ പ്രസിദ്ധീകരണങ്ങളും സി ഡികളും വീട്ടിലെത്തിച്ചു കൊടുത്തും അവ വായിക്കുന്നുണ്ടെന്നുറപ്പ് വരുത്തിയും അതു സാധ്യമാക്കാം.
വ്യക്തിഗതമായ ശ്രദ്ധകള്‍ക്കും പരിഹാരങ്ങള്‍ക്കും പുറമെ മഹല്ല് കമ്മിറ്റികള്‍ക്കും പ്രബോധന കൂട്ടായ്മകള്‍ക്കും ഏറെ ചെയ്യാനുണ്ട്. ഇത്തരം ദുരന്തങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെടുമ്പോള്‍ ദുഃഖിക്കുകയോ ആഘോഷിക്കുകയോ ചെയ്യുന്നതില്‍ ഒതുങ്ങുന്നു ഇടപെടലുകള്‍. സ്ത്രീകളിലും പെണ്‍മക്കളിലും നല്ല ബോധവത്കരണങ്ങള്‍ സംഘടിപ്പിക്കുന്നതു തന്നെ പ്രധാനം. വിശ്വാസിക്കു ഇഹലോക#േത്തക്കാള്‍ വലിയ ആഘോഷവും ആനന്ദവും വേണ്ടത് അടുത്ത ലോകത്താണെന്ന ബോധ്യത്തിലൂന്നി വേണം ബോധവത്കരണങ്ങള്‍. ജീവിതമെന്നാല്‍ രണ്ടാള്‍ കളിയാണെന്നു നിനച്ച് അബദ്ധങ്ങളില്‍ ചാടിപ്പോയവരുടെ കഥകള്‍ക്ക് മിക്കവാറും ദാരുണമായ അന്ത്യമായിരിക്കും. അവയെക്കുറിച്ച് ബോധ്യപ്പെടുത്തപ്പെടണം. ചാടിപ്പോയി പെട്ടുപോയവരുടെ അനുഭവങ്ങള്‍ പാഠത്തിനു വേണ്ടി പ്രസിദ്ധീകരിച്ച് അവ ബോധവത്കരണത്തിനു മാധ്യമമാക്കാം.
മഹല്ലുകളും പ്രദേശങ്ങളും കേന്ദ്രീകരിച്ച് ദാമ്പത്യവും കുടുംബ ബന്ധവും കൂടുതല്‍ ഭദ്രവും മനോഹരവുമാക്കുന്നതിനുള്ള ക്ലാസുകളും ട്രെയ്‌നിംഗുകളും നല്‍കണം. ഇക്കാര്യത്തില്‍ ക്രിസ്ത്യന്‍ സമുദായത്തെ മാതൃകയാക്കാമെന്നു തോന്നുന്നു. വനിതാ കൗണ്‍സലര്‍മാരെ ലഭ്യമാക്കുന്നത് രക്ഷപ്പെടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സഹായകമാകും. ആത്മഹത്യചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ടെലഫോണ്‍ കൗണ്‍സലിംഗ് കൊടുക്കും പോലെ അവിഹിതക്കുരുക്കില്‍ കുടുങ്ങിയവര്‍ക്ക് വഴി കാട്ടാന്‍ ടെലഫോണ്‍ കൗണ്‍സലിംഗുകള്‍ സംവിധാനിക്കുന്നത് സഹായകമായേക്കും.
മാധ്യമങ്ങളിലൂടെ – സോഷ്യല്‍ മീഡിയകളടക്കം – ഇത്തരം സംഭവങ്ങള്‍ പ്രചരിപ്പിക്കുന്ന പ്രവണത നിരുത്സാഹപ്പെടുത്തേണ്ടതാണ്. രണ്ട് പ്രശ്‌നങ്ങളാണ് അതിനുള്ളത്. ദുരന്തമാണെങ്കിലും ഇത്തരം കാര്യങ്ങള്‍ കേള്‍ക്കുന്നതിലും വായിക്കുന്നതിലും ആളുകള്‍ ആനന്ദം കണ്ടെത്തുകയാണ് ചെയ്യുന്നത്, റിപോര്‍ട്ടുകളിലൂടെ ലഭിക്കുന്ന ബോധവത്കരണത്തിനു പകരം ആസ്വാദനമാണ് പലപ്പോഴും സംഭവിക്കുന്നത്. അതിലേറെ പ്രധാനമായി, ഇതൊക്കെ സാധാരണമാണ് എന്ന പ്രതീതി ജനിപ്പിക്കുന്നു വാര്‍ത്തകളുടെ പ്രചാരണം. തിന്മ ലാഘവവത്കരിക്കപ്പെടുന്നു. ചപല മനസ്സുകളെ അത് പ്രചോദിപ്പിക്കുകയാണ് ചെയ്യുക, അവരാണല്ലോ ഇരകളാകാന്‍ സാധ്യതയുള്ളവരും.
മഹല്ലുകളും കൂട്ടായ്മകളും ജാഗ്രതയോടെയിരിക്കുകയാണ് മറ്റൊരു പരിഹാരം. വീട്ടുകാരല്ലാത്ത എല്ലാവര്‍ക്കും അറിയുമായിരക്കും എന്നതാണ് പലപ്പോഴും രഹസ്യബന്ധങ്ങളുടെ സ്വഭാവം. ഉത്തരവാദിത്വബോധവും പക്വതയുമുള്ളവരുടെ ജാഗ്രതാ സമിതിയുണ്ടായാല്‍ നാട്ടിലെ പല ദുരനുഭവങ്ങളും തടയാന്‍ കഴിയും. വ്യക്തികളുടെ സ്വകാര്യതകള്‍ ചുഴിഞ്ഞന്വേഷിക്കുകയും അപവാദങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യുന്ന വലിയ തെറ്റുകളിലേക്ക് അത് വഴുതിപ്പോകാതിരിക്കാന്‍ ശ്രദ്ധിച്ചു കൊണ്ടു വേണം ജാഗ്രത പാലിക്കാന്‍. ഓരോ നാടിന്റെയും സാഹചര്യത്തിനനുസരിച്ച് പലതരം പ്രതിരോധ പദ്ധതികളും ബോധവത്കരണങ്ങളും ആസൂത്രണം ചെയ്യാന്‍ മനസ്സ് വെച്ചാല്‍ കഴിയും. നിസ്സഹായബോധത്തിനു പകരം കാലത്തെ തിരുത്തണമെന്ന ഉറച്ച മനസ്സ് വേണമെന്നു മാത്രം.
ആസ്വാദനങ്ങളെല്ലാം ഈ ലോകത്തു നിന്നു തന്നെ വേണമെന്ന വാശിയില്‍ കുറവുകളും അറിവില്ലായ്മയുമൊക്കെ പരസ്പരം സഹിക്കാനും തിരുത്താനും ശ്രമിക്കുന്നതിനു പകരം എല്ലാവരെയും വഞ്ചിച്ചും പരലോകം മറന്നും സുഖം നോക്കിപ്പായുന്നവര്‍ വലിയ കുഴികളിലാണ് വീഴാറെന്ന് സഹോദരിമാര്‍ സ്വയം ഓര്‍ക്കുന്നതാണ് അടിസ്ഥാന പരിഹാരം. മരണത്തിനു തൊട്ടുമുമ്പ് തിരിഞ്ഞു നോക്കുമ്പോള്‍ വര്‍ഷങ്ങളുടെ വ്യഭിചാരവും വഞ്ചനയും പ്രിയപ്പെട്ടവരുടെയെല്ലാം ശാപവും ആയുസ്സും സൗന്ദര്യവും ആരോഗ്യവും നല്‍കിയ പടച്ചവനോടുള്ള നന്ദികേടുമാണ് ബാക്കിയാകുന്നതെന്നു കാണുമ്പോഴുള്ള അന്ധകാരത്തെ ഭയക്കാനായാല്‍ എല്ലാവര്‍ക്കും നന്ന്. അതിനു സ്വയം കഴിയാത്തവരെ ഉണര്‍ത്താനുള്ള സാമൂഹിക ബാധ്യത പാലിക്കാന്‍ നാം മറന്നു പോകുകയുമരുത്.

 

---- facebook comment plugin here -----

Latest