Connect with us

Editorial

വ്യാജ ഡോക്ടര്‍

Published

|

Last Updated

ആരോഗ്യ േമേഖലക്ക് കടുത്ത ഭീഷണിയായിരിക്കയാണ് വ്യാജ ഡോക്ടര്‍മാരുടെ പെരുപ്പം. മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത യോഗ്യതകള്‍ പ്രദര്‍ശിപ്പിച്ച് പ്രാക്ടീസ് നടത്തുന്ന വ്യാജ അലോപ്പതി ഡോക്ടര്‍മാരുടെ എണ്ണം രാജ്യത്ത് പത്ത് ലക്ഷത്തിലേറെയും ആയുര്‍വേദ, സിദ്ധ, യുനാനി ഡോക്ടര്‍മാരുടെ എണ്ണം നാല് ലക്ഷത്തോളവും വരുമെന്നാണ് കണക്ക്. കേരളത്തില്‍ സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലായി പതിനായിരക്കണക്കിന് വ്യാജ ഡോക്ടര്‍മാര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലബാര്‍ മേഖലയില്‍ മാത്രം 20,000 വ്യാജ ഡോക്ടര്‍മാര്‍ ഉണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. ചെറുകിട ആശുപത്രികളില്‍ മാത്രമല്ല, സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ വരെ ഇത്തരക്കാര്‍ വിലസുന്നുണ്ട്. ആയുര്‍വേദത്തിലോ ഹോമിയോപ്പതിയിലോ മാത്രം പരിജ്ഞാനമുള്ളവര്‍ അലോപ്പതിക്ക് ചികിത്സിക്കുന്നതും വ്യാപകമാണ്. അടുത്തിടെ തമിഴ്‌നാട് സര്‍ക്കാര്‍ നടത്തിയ ഒരു പരിശോധനയില്‍ എട്ടാം ക്ലാസ് വരെ പഠിച്ചവരും, എസ് എസ് എല്‍ സി യോഗ്യത മാത്രമുള്ളവരും എം ബി ബി എസ് ഡോക്ടര്‍മാരെന്ന വ്യാജേന ചികിത്സ നടത്തുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരക്കാര്‍ കേരളത്തിന്റെ ഗ്രാമപ്രദേശങ്ങളിലുമുണ്ടെന്നാണ് വിവരം. ഇതിനിടെ തിരുവനന്തപുരം ജില്ലയില്‍ പകര്‍ച്ചവ്യാധി നിയന്ത്രണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടപ്പാക്കിയ “സേഫ് തിരുവനന്തപുരം” പദ്ധതിയോടനുബന്ധിച്ച് ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ നിരവവധി വ്യാജ ഡോക്ടര്‍മാരെ പിടികൂടിയിരുന്നു. ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ വിദഗ്ധ ഡോക്ടമാര്‍ നടത്തേണ്ട ചികിത്സാമുറകള്‍ പോലും ഈ മുറിവൈദ്യന്മാര്‍ നടത്താറുണ്ടത്രെ. അണുനശീകരണ സംവിധാനം ഇല്ലാതെയും കാലാവധി കഴിഞ്ഞ മരുന്നുകള്‍ നല്‍കിയും ഉപയോഗിച്ച സിറിഞ്ചും സൂചിയും വീണ്ടും ഉപയോഗിച്ചും ഇവര്‍ ചികിത്സ നടത്തുന്നതായും ആരോഗ്യ വകുപ്പിന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കൈമാറിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ മഞ്ഞപ്പിത്തം, എയ്ഡ്‌സ് തുടങ്ങിയ രക്തജന്യ രോഗങ്ങള്‍ വര്‍ധിച്ചു വരുന്നതില്‍ വ്യാജ ഡോക്ര്‍മാരുടെ ചികിത്സക്ക് പങ്കുള്ളതായും വിലയിരുത്തപ്പെടുന്നുണ്ട്.
മറ്റേത് മേഖലകളിലെയും പോലെ മെഡിക്കല്‍ രംഗത്തുമുണ്ട് വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍. അഞ്ചോ ആറോ ലക്ഷം രൂപ കൊടുത്താല്‍ ലഭ്യമാകുന്ന, മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരമില്ലാത്ത ഈ കോഴ്‌സാണ് പല ഡോക്ടര്‍മാരും എം ബി ബി എസിന് പുറമെയുള്ള അധിക യോഗ്യതയായി പ്രദര്‍ശിപ്പിക്കുന്നതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വെളിപ്പെടുത്തുന്നു. ഇക്കാര്യം സര്‍ക്കാഖിന്റെ ശ്രദ്ധയില്‍ പെടുത്തിയ ഐ എം എ വ്യാജന്മാരെ തടയാന്‍ എത്രയും വേഗത്തില്‍ നിയമനടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഒരു പൊതുപ്രവര്‍ത്തകന്‍ നല്‍കിയ ഹരജി പരിഗണിക്കവേ, സ്വകാര്യ ആശുപത്രികളിലെ വ്യാജ ഡോക്ടര്‍മാരെ കണ്ടെത്തി നിയമപരമായി നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയും ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കുകയുണ്ടായി. സ്വകാര്യ ആശുപത്രികളെ നിയന്ത്രിക്കുന്നതിനുള്ള ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ബില്‍ സര്‍ക്കാര്‍ പരിശോധിച്ചു വരികയാണെന്നും അത് നിയമമായാല്‍ മാത്രമേ ഇക്കാര്യം പരിഗണിക്കാന്‍ കഴിയുകയുള്ളുവെന്നുമായിരുന്നു ഇതിന് ആരോഗ്യ വകുപ്പിന്റെ പ്രതികരണം. “സേഫ് തിരുവനന്തപുരം” പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് നടത്തിയതു പോലെ വ്യാജ ഡോക്ടര്‍മാര്‍ക്കെതിരായ പരിശോധന സംസ്ഥാനത്തൊട്ടാകെ വ്യാപിപ്പിക്കാന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിരുന്നതാണ്. അതും നടപ്പിലായില്ല.
നിലവിലുള്ള നിയമങ്ങള്‍ ക്രോഡീകരിച്ച് ഏകീകൃതവും സമഗ്രവുമായ മെഡിക്കല്‍ പ്രാക്ടീഷനേഴ്‌സ് ബില്‍ കൊണ്ടുവരികയാണ് വ്യാജ ചികിത്സകരെ നിയന്ത്രിക്കുന്നതിന് വിദഗ്ധര്‍ മുന്‍വെക്കുന്ന നിര്‍ദേശം. 1953ല്‍ നിലവില്‍ വന്ന ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ പ്രാക്ടീഷണേഴ്‌സ് നിയമവും, 1914 ലെ മദ്രാസ് മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നിയമവും മൂന്ന് കേന്ദ്ര നിയമങ്ങളുമാണ് ഇപ്പോള്‍ പ്രാബല്യത്തിലുള്ളത്. സംസ്ഥാനത്ത് സമഗ്രവും ഏകീകൃതവുമായ നിയമം നടപ്പാക്കുന്നതിനായി രണ്ട് ബില്ലുകള്‍ നാല് തവണ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു. കേന്ദ്ര നിയമത്തിന് വിരുദ്ധമായ ചട്ടങ്ങള്‍ ഉള്ളതിനാല്‍ പ്രസ്തുത ബില്ലുകള്‍ കേന്ദ്രം തിരിച്ചയക്കുകയാണുണ്ടായത്. പല വിധ കാരണങ്ങളാല്‍ നിയമ നിര്‍മാണത്തില്‍ വരുന്ന ഈ കാലതാമസം വ്യാജ ഡോക്ടര്‍മാര്‍ക്ക് തുണയാകുകയാണ്.

Latest