അമേരിക്കയുടെ ഇസില്‍ വിരുദ്ധ നീക്കത്തില്‍ ചൈനയും പങ്കാളിയാകില്ല

Posted on: September 12, 2014 11:55 pm | Last updated: September 12, 2014 at 11:55 pm
SHARE

CHINAബീജിംഗ്: ഇസില്‍ തീവ്രവാദികള്‍ക്കെതിരെ അമേരിക്ക പ്രഖ്യാപിച്ച സംയുക്ത ദൗത്യത്തില്‍ ചൈനയും പങ്കെടുക്കില്ല. ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങള്‍ ഇതിനകം തന്നെ ദൗത്യത്തില്‍ നേരിട്ട് പങ്കെടുക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇറാഖിലും സിറിയയിലുമായി നടക്കുന്ന സൈനിക നീക്കത്തില്‍ ചൈനയുടെ പങ്കാളിത്തം അമേരിക്ക തേടിയിരുന്നു. സിന്‍ജിയാംഗ് പ്രവിശ്യയിലെ സംഘര്‍ഷം ചൂണ്ടിക്കാട്ടി തീവ്രവാദത്തിന്റെ ഇരയാണ് ചൈനയെന്ന നിലയിലായിരുന്നു അമേരിക്കയുടെ ക്ഷണം. എന്നാല്‍ സൈനിക നടപടിക്ക് ധാര്‍മിക പിന്തുണ മാത്രമേ ചൈന നല്‍കുകയുള്ളൂവെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമം വ്യക്തമാക്കുന്നു. തീവ്രവാദവിരുദ്ധ നടപടിയുടെ പേരില്‍ അമേരിക്ക സ്വന്തം താത്പര്യങ്ങള്‍ നടപ്പാക്കുകയാണെന്ന നിലപാടാണ് ചൈനക്കുള്ളത്. അമേരിക്കന്‍ സുരക്ഷാ ഉപദേഷ്ടാവ് സൂസന്‍ റൈസ് ആണ് സഹകരണം തേടി ചൈനീസ് നേതൃത്വത്തെ സമീപിച്ചത്.

ഇസിലെനിതിരായ നടപടിയില്‍ ചൈന നേരിട്ട് പങ്കാളിയാകുമോ എന്ന ചോദ്യത്തിന് ‘പരസ്പരം ബഹുമാനിക്കുകയെന്ന തത്വത്തിലാണ് ചൈന ഊന്നുന്നത്. ആഗോള സമാധാനത്തിനായി അന്താരാഷ്ട്ര സമൂഹം കൈകൊള്ളുന്ന ഏത് നടപടിയോടും ചൈന സഹകരിക്കുമെ’ന്നായിരുന്നു വിദേശകാര്യ വക്താവ് ഹുവാ ചുന്‍യിംഗ് പ്രതികരിച്ചത്. ഇറാഖിലും സിറിയയിലും ചൈനീസ് സൈനികര്‍ എത്തുമോ എന്ന ചോദ്യത്തിന് അവര്‍ മറുപടി പറഞ്ഞില്ല. സിറിയയിലും ഇറാഖിലും വ്യോമാക്രമണം ശക്തമാക്കുമെന്ന് ബരാക് ഒബാമ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇസില്‍ സംഘത്തെ ഉന്‍മൂലനം ചെയ്യുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. ഇസിലിനെതിരെ അമേരിക്ക വിശാല സഖ്യം രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ബ്രിട്ടന്‍, ഫ്രാന്‍സ്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ സഖ്യത്തിന് സമ്മതം മൂളാത്തത് അമേരിക്കക്ക് തിരിച്ചിടിയായിരിക്കുകയാണ്.
സൂസന്‍ റൈസിന്റെ സഹകരണ അഭ്യര്‍ഥന ചൈന സ്വീകരിച്ചുവെന്ന നിലയിലാണ് വാഷിംഗ്ടണ്‍ പോസ്റ്റ് കഴിഞ്ഞ ദിവസം വാര്‍ത്ത പ്രസിദ്ധീകരിച്ചത്. ഇതിനുള്ള മറുപടിയായാണ് ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസ് നയം വ്യക്തമാക്കിയിരിക്കുന്നത്. ചൈനയും അമേരിക്കയും തമ്മില്‍ തീവ്രവാദത്തിന്റെ കാര്യത്തില്‍ സമാനമായ കാഴ്ചപ്പാട് പങ്കുവെക്കുന്നുണ്ട്. എന്നാല്‍ ഇറാഖ്- സിറിയ ദൗത്യത്തില്‍ ചൈന നേരിട്ട് ഇറങ്ങുമെന്ന് താന്‍ കരുതുന്നില്ലെന്ന് ചൈനാ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്റര്‍നാഷനല്‍ സ്റ്റഡീസിലെ ഡോംഗ് മാന്യുവാന്‍ പറഞ്ഞു. സിന്‍ജിയാംഗ് പ്രവിശ്യയിലെ ഉയ്ഗൂര്‍ മുസ്‌ലിംകളില്‍ ചിലര്‍ ഇസില്‍ സംഘത്തോടൊപ്പം ചേര്‍ന്നുവെന്ന് ചില പാശ്ചാത്യ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ചൈന ഇത് സ്ഥിരീകരിച്ചിട്ടില്ല. ഉയ്ഗൂര്‍ മുസ്‌ലിംകളുടെ സംഘടനകളും ഈ വാര്‍ത്ത നിഷേധിച്ചിട്ടുണ്ട്.