ഓട്ടോ ടാക്‌സി നിരക്ക് വര്‍ധിപ്പിക്കും

Posted on: September 12, 2014 11:43 pm | Last updated: September 12, 2014 at 11:44 pm
SHARE

autoതിരുവനന്തപുരം: ഓട്ടോറിക്ഷകളുടെയും ടാക്‌സി കാറുകളുടെയും നിരക്ക് കാലികമായി പരിഷ്‌കരിക്കുമെന്ന് ഗതാഗമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
നിരക്ക് വര്‍ധിപ്പിക്കണമെന്ന ശിപാര്‍ശയടങ്ങിയ ജസ്റ്റിസ് എം രാമചന്ദ്രന്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് മന്ത്രിസഭാ യോഗത്തിന്റെ പരിഗണനയിലാണെന്നും മന്ത്രി പറഞ്ഞു. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധം നിരക്ക് വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്നും തിരുവഞ്ചൂര്‍ പറഞ്ഞു.
ഓട്ടോറിക്ഷയുടെ മിനിമം ചാര്‍ജ് 15 രൂപയില്‍ നിന്ന് 20 രൂപയാക്കാനാണ് റിപ്പോര്‍ട്ടിലെ ശിപാര്‍ശ. ഈ തുകക്ക് യാത്ര ചെയ്യാവുന്ന കുറഞ്ഞ ദൂരം ഒന്നര കിലോമീറ്റര്‍ തന്നെയായിരിക്കും. എന്നാല്‍ അതു കഴിഞ്ഞു കിലോമീറ്ററിന് 10 രൂപയെന്നത് 11 രൂപയാകും. സാദാ ടാക്‌സി കാറുകളുടെ മിനിമം നിരക്ക് 100 രൂപയില്‍ നിന്ന് 200 രൂപയാക്കും. പിന്നീടുള്ള ഓരോ കിലോമീറ്ററിനും നിലവിലുള്ള ഒമ്പത് രൂപ എന്നത് 10 ആയി ഉയരും. 220രൂപയാണ് എ സി ടാക്‌സിയുടെ മിനിമം നിരക്ക്. പിന്നീടുള്ള ഓരോ കിലോമീറ്ററിന് 10 രൂപയില്‍ നിന്ന് 11 രൂപയാകും. ആഡംബര ടാക്‌സികള്‍ക്ക് വലിപ്പമനുസരിച്ചു കിലോമീറ്ററിന് 15 രൂപ വരെ വര്‍ധനയുണ്ടാകും.
ജസ്റ്റിസ് എം രാമചന്ദ്രന്‍ അധ്യക്ഷനായും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ശ്രീലേഖ, നാറ്റ്പാക് സീനിയര്‍ എന്‍ജിനീയര്‍ ഇളങ്കോവന്‍, സാമ്പത്തിക ശാസ്ത്രജ്ഞനായ ഡോ. ബി എ പ്രകാശ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് ഓട്ടോ, ടാക്‌സി നിരക്കുവര്‍ധന സംബന്ധിച്ച ശിപാര്‍ശകള്‍ സമര്‍പ്പിച്ചത്.