ഗര്‍ഭകാലത്തെ അമിത പാല്‍ ഉപയോഗം ഗര്‍ഭസ്ഥ ശിശുവിന് ദോഷകരം

Posted on: September 12, 2014 10:05 pm | Last updated: September 12, 2014 at 10:06 pm
SHARE

pregnentവെല്ലിംഗ്ടണ്‍: ഗര്‍ഭിണികള്‍ അമിതമായി പാല്‍ ഉപയോഗിക്കുന്നത് ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യത്തെ ബാധിക്കുമെന്ന് പഠനം. ശിശുവിന്റെ ശരീരത്തില്‍ ഇരുമ്പിന്റെ അംശം കുറയുന്നതിന് ഇത് കാരണമാകുന്നുവെന്നാണ് ന്യൂസിലാന്റിലെ യൂണിവേഴ്‌സിറ്റി ഓഫ് ഓക്ക്‌ലാന്റിലെ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

തലച്ചോറിന്റെ ആരോഗ്യകരമായ വളര്‍ച്ചക്ക് അവിഭാജ്യഘടകമാണ് ഇരുമ്പ്. ഗര്‍ഭാവസ്ഥയിലുള്ള കുട്ടികളുടെ തലച്ചോറിന്റെ വളര്‍ച്ച അതിവേഗത്തിലായതിനാല്‍ ശരീരത്തിലെ ഇരുമ്പിന്റെ കുറവ് തലച്ചോറിന്റെ പ്രവര്‍ത്തനങ്ങള്‍, സ്വഭാവ രൂപീകരണം, ബുദ്ധിവളര്‍ച്ച തുടങ്ങിയവയെ ബാധിക്കും.
ന്യൂസിലാന്റില്‍ ജനിക്കുന്ന ഏഴ് ശതമാനം കുട്ടികളിലും ഇരുമ്പിന്റെ കുറവ് കാണുന്നു. ഇത് ഭൂരിപക്ഷവും ഗര്‍ഭകാലത്ത് അമിതമായി പാല്‍ കുടിക്കുന്ന സ്ത്രികള്‍ക്ക് ജനിക്കുന്ന കുട്ടികളിലാണ്.

പ്രസവ സമയത്ത് ഇരുമ്പിന്റെ പോരായ്മ ഉള്ള സ്ത്രികള്‍ തൂക്കം കുറഞ്ഞ് ആരോഗ്യമില്ലാത്ത കുഞ്ഞിന് ജന്മം നല്‍കുന്നു. പിന്നീട് കുട്ടിയ്ക്ക് നല്‍കുന്ന മുലപ്പാലിലും ഇരുമ്പിന്റെ അംശം കുറയുന്നതിനാല്‍ ഇത് കുട്ടിയുടെ പിന്നീടുള്ള വളര്‍ച്ചയെയും കാര്യമായി ബാധിക്കുന്നു. ശരീരത്തിനാവശ്യമായ ഇരുമ്പിന്റെ കുറവ് ലോകവ്യാപകമായി അനുഭവപ്പെടുന്ന ആരോഗ്യപ്രശ്‌നമാണ്. പ്രസവശേഷം സ്ത്രികളുടെയും കുട്ടികളുടെയും ആരോഗ്യത്തെ അഞ്ച് വര്‍ഷത്തിലധികം പ്രതിസന്ധിയിലാക്കാന്‍ ഇത് കാരണമാകുന്നു.

1997ല്‍ ഗര്‍ഭിണികളായ സ്ത്രികളിലെ ശരീരത്തിലെ ഇരുമ്പിന്റെ കുറവ് മൂന്നു ശതമാനം മാത്രമായിരുന്നപ്പോള്‍ പുതിയ സര്‍വേ പ്രകാരം അത് ഏഴു ശതമാനമായി ഉയര്‍ന്നിട്ടുണ്ട്.