ചൊവ്വയെ വരുതിയിലാക്കാന്‍ ഐ എസ് ആര്‍ ഒ നാസയുമായി കൈകോര്‍ക്കുന്നു

Posted on: September 12, 2014 7:24 pm | Last updated: September 12, 2014 at 7:24 pm
SHARE

ISRO-Logoചൊവ്വാ പര്യവേഷണത്തില്‍ അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുമായി കൈ കോര്‍ത്ത് ഐ എസ് ആര്‍ ഒ ജോയിന്റ് വര്‍ക്കിംഗ് ഗ്രൂപ്പ് രൂപീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഈമാസം 21 ന് നാസയുടെ മാവെനും 24 ന് ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും സൗരകേന്ദ്രീകൃത ഭ്രമണപഥത്തില്‍ നിന്ന് ചൊവ്വ കേന്ദ്രമായ ഭ്രമണപഥത്തിലേക്ക് മാറും. നിര്‍ണായകമായ ഈ പ്രക്രിയയ്ക്കുള്ള ഒരുക്കത്തിലാണ് രണ്ട് ഏജന്‍സികളും. ഇന്ത്യയുടെ പേടകത്തിനായി ഡീപ് സ്‌പേസ് നെറ്റ് വര്‍ക്ക് ഒരുക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഐ എസ് ആര്‍ ഒക്ക് നാസയുടെ സഹായം ലഭിക്കുന്നുണ്ട്.

ഇരു ഏജന്‍സികളുടെ പര്യവേഷണത്തില്‍ ലഭിക്കുന്ന വിവരങ്ങള്‍ പഠനത്തിനായി പരസ്പരം കൈമാറാനാണ് ധാരണ. 2008ല്‍ ഐ എസ് ആര്‍ ഒ വിക്ഷേപിച്ച ചാന്ദ്രയാന്‍ ഒന്ന് നല്‍കിയ വിവരങ്ങള്‍ ഉപയോഗിച്ച് നടത്തിയ പഠനത്തിലാണ് നാസ ചന്ദ്രോപരിതലത്തില്‍ ജലസാനിധ്യം സ്ഥിരീകരിച്ചത്.