Connect with us

Gulf

20ല്‍ താഴെയുള്ളവര്‍ക്ക് ഉത്തേജക പാനീയങ്ങള്‍ വില്‍ക്കുന്നത് നിയമവിരുദ്ധം

Published

|

Last Updated

അബുദാബി: ഉത്തേജക പാനീയങ്ങള്‍ 20 വയസ്സില്‍ താഴെയുള്ളവര്‍ക്ക് വില്‍പന നടത്തുന്നത് നിയമ വിരുദ്ധമാക്കുമെന്ന് അധികൃതര്‍. അടുത്ത വര്‍ഷംമുതലാണ് ഇത് നിയമമാക്കി ഔദ്യോഗികമായി പ്രഖ്യാപനം ഉണ്ടാകുക.
15 പൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് ഉത്തേജക പാനീയങ്ങള്‍ വില്‍ക്കുന്നതിനുള്ള വിലക്ക് നേരത്തെ രാജ്യത്ത് നിലവിലുണ്ട്. എന്നാല്‍ ഉത്തേജക പാനീയങ്ങള്‍ കാരണം ചെറുപ്രായത്തിലുള്ളവര്‍ നേരിട്ടേക്കാവുന്ന ആരോഗ്യപരവും അല്ലാത്തതുമായ പ്രശ്‌നങ്ങള്‍ പരിഗണിച്ചാണ് സാമ്പത്തിക മന്ത്രാലയം, ഉത്തേജക പാനീയങ്ങള്‍ ഉപയോഗിക്കാനുള്ള കുറഞ്ഞ വയസ്സ് 20 ആയി പുനക്രമീകരിക്കാന്‍ തീരുമാനിച്ചത്.
നിയമം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ രാജ്യത്തെ ബന്ധപ്പെട്ട ചില്ലറ വില്‍പന കേന്ദ്രങ്ങളായ സൂപ്പര്‍മാര്‍ക്കറ്റ്, ഗ്രോസറി തുടങ്ങിയവക്ക് വിവരം നല്‍കും. നിയമം ലംഘിച്ച് 20 കുറഞ്ഞ പ്രായക്കാര്‍ക്ക് ഉത്തേജക പാനീയങ്ങള്‍ വില്‍ക്കുന്നത് പിടിക്കപ്പെട്ടാല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുമെന്നും ഇതുമായി ബന്ധപ്പെട്ട് ആരോഗ്യ മന്ത്രാലയം അധികൃതര്‍ അറിയിച്ചു.
ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിലുള്ള സ്ഥാപനങ്ങളില്‍ ഉത്തേജക പാനീയങ്ങള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ടുള്ള തീരുമാനം ആരോഗ്യമന്ത്രാലയത്തിലെ ഉന്നത സമിതിയുടെ കഴിഞ്ഞ യോഗത്തില്‍ എടുത്തിട്ടുണ്ടെന്ന് മന്ത്രാലയത്തിനു കീഴിലെ ഉപഭോക്തൃ സംരക്ഷണ സമിതി ഡയറക്ടര്‍ ഡോ. ഹാശിം അല്‍ നുഐമി പറഞ്ഞു. ഒക്‌ടോബറില്‍ നടക്കുന്ന സമിതിയുടെ അടുത്ത യോഗത്തില്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നും അല്‍ നുഐമി അറിയിച്ചു.
അതോടൊപ്പം, ഉത്തേജക പാനീയങ്ങളുടെ നിലവിലുള്ള മൂലക മിശ്രണങ്ങളുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളില്‍ മാറ്റങ്ങള്‍ വരുത്തുന്നതിനെക്കുറിച്ചും ആരോഗ്യ മന്ത്രാലയത്തില്‍ ആലോചന നടക്കുന്നതായും അധികൃതര്‍ വ്യക്തമാക്കി.

Latest