Connect with us

Gulf

ജൂലൈയില്‍ 16; ദുബൈയില്‍ റോഡപകടങ്ങളില്‍ പൊലിഞ്ഞത് 106 ജീവനുകള്‍

Published

|

Last Updated

ദുബൈ: 2014ന്റെ ആദ്യ ഏഴുമാസങ്ങള്‍ക്കിടയില്‍ ദുബൈയിലെ റോഡുകളില്‍ പൊലിഞ്ഞത് 106 ജീവനുകള്‍. ദുബൈ പോലീസ് പുറത്തുവിട്ട കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഏറ്റവും കൂടുതല്‍ റോഡപകട മരണങ്ങള്‍ നടന്നത് കഴിഞ്ഞ ജുലൈ മാസത്തിലാണ്. 16 മരണങ്ങള്‍ ആ മാസം സംഭവിച്ചു. ആദ്യ ആറുമാസങ്ങള്‍ക്കിടയില്‍ ദുബൈയില്‍ 90 വാഹനാപകടങ്ങളാണ് സംഭവിച്ചത്.
ഡ്രൈവര്‍മാര്‍ റോഡ് സുരക്ഷാ നിയമങ്ങള്‍ പാലിക്കുന്നതില്‍ സംഭവിക്കുന്ന പിഴവുകളാണ് കഴിഞ്ഞ ദിവസം നടന്ന അപകടത്തില്‍ നാലു ജീവന്‍ നഷ്ടപ്പെടാന്‍ ഇടയാക്കിയത്. അക്കാഡമിക് സിറ്റിയില്‍ സംഭവിച്ച വാഹനാപകടത്തിലാണ് 17നും 19നും ഇടയില്‍ പ്രായമുള്ള നാലു വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടത്.
നിയമത്തില്‍ പരിഷ്‌കാരങ്ങള്‍കൊണ്ടുവരലോ കൂടുതല്‍ കര്‍ശനമായ ശിക്ഷ ഉറപ്പാക്കുന്ന നിയമങ്ങള്‍ കൊണ്ടുവരലോ മാത്രം അപകട മരണങ്ങള്‍ക്ക് അറുതിയാവില്ല. വാഹനം ഒടിക്കുന്നവര്‍ മനസുവെച്ചാലെ അപകടങ്ങളും മരണങ്ങളും പരമാവധി കുറച്ചുകൊണ്ടുവരാന്‍ സാധിക്കൂ.
ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്ന പ്രായം കുറക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് ആവശ്യം ഉയരുന്നുണ്ടെങ്കിലും അക്കാര്യത്തില്‍ യാതൊരു തീരുമാനവും ആഭ്യന്തര മന്ത്രാലയം കൈകൊണ്ടിട്ടില്ലെന്ന് ആര്‍ ടി എ ലൈസന്‍സിംഗ് വിഭാഗം സി ഇ ഒ അഹമ്മദ് ഹാഷിം ബെഹ്‌റൂസിയാന്‍ വ്യക്തമാക്കി. പുതിയ ഡ്രൈവര്‍മാര്‍ക്ക് വാഹനം ഓടിക്കുന്നതില്‍ പരിചയം ലഭിക്കുന്നത് വരെ പുതിയ രീതി നടപ്പാക്കുന്നതിനെക്കുറിച്ച് ആലോചിച്ചുവരികയാണ്.
വാഹനങ്ങളുടെ വേഗ പരിധി കുറക്കുന്നതിനെക്കുറിച്ച് അധികൃതര്‍ ആലോചിച്ചുവരികയാണ്. ഇത് അപകടങ്ങള്‍ കുറക്കാന്‍ ഇടയാക്കുമെങ്കിലും ദീര്‍ഘകാല പരിഹാരമായി കണക്കാക്കാനാവില്ല. വിവിധ രാജ്യക്കാര്‍ താമസിക്കുന്ന ഒരു നഗരമാണ് ദുബൈ. വിവിധ ഭാഷകളും സംസ്‌കാരങ്ങളും നഗരത്തിന്റെ മുഖമുദ്രയാണ്. 120 രാജ്യങ്ങളില്‍ നിന്നുള്ള മനുഷ്യരാണ് നഗരത്തില്‍ വസിക്കുന്നത്. അതിനാല്‍ തന്നെ ബഹുഭൂരിപക്ഷം ലൈസന്‍സുകളും നേടുന്നത് പുറം രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. ഇവരുടെ ഡ്രൈവിംഗ് വൈദഗ്ധ്യം എത്രമാത്രമാണെന്ന് അറിയാന്‍ സംവിധാനമില്ല. ഡ്രൈവര്‍ എന്ന നിലയില്‍ ഇവരെല്ലാം വിവിധ സാഹചര്യങ്ങളില്‍ എങ്ങിനെയെല്ലാം പെരുമാറുമെന്നും മുന്‍കൂട്ടിപ്പറയുക വയ്യ.
ചെറിയ പ്രായത്തിലെ ഗതാഗത നിയമങ്ങളക്കുറിച്ചും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനെക്കുറിച്ചും ബോധവത്കരണം നടക്കുകയാണ് ഏറ്റവും അദികവും. ഇതിലൂടെ മാത്രമേ ഗതാഗത സുരക്ഷയെക്കുറിച്ച് തികഞ്ഞ ബോധമുള്ള ഒരു പുതു സമൂഹത്തെ സൃഷ്ടിച്ചെടുക്കാന്‍ സാധിക്കൂ.
ചെറിയ പ്രായത്തില്‍ ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത് റോഡപകടങ്ങള്‍ കുറക്കാന്‍ പരിഹാരമാവുമെന്ന് തോന്നുന്നില്ലെന്ന് റോഡ് സെയിഫ്റ്റി യു എ ഇ ഡോട്ട് കോം എന്ന സൈറ്റിന്റെ ഉടമയായ തോമസ് എഡല്‍മാന്‍ അഭിപ്രായപ്പെട്ടു.
പരിചയമില്ലാത്ത ഡ്രൈവര്‍ വാഹനം ഓടിക്കുമ്പോള്‍ വാഹനം ഓടിക്കുന്നതില്‍ വിദഗ്ധനായ ഒരാള്‍ ഒപ്പം ഉണ്ടാവണമെന്ന നിയമം ഉണ്ടാക്കണം. ഇത്തരത്തില്‍ ഒരാള്‍ ഇല്ലാത്ത അവസരത്തില്‍ പരിചയ സമ്പന്നനല്ലാത്ത ഡ്രൈവര്‍ക്ക് വാഹനം ഓടിക്കാന്‍ അനുമതി നല്‍കരുതെന്നും അദ്ദേഹം പറഞ്ഞു.
1,007 പേരെ ഉള്‍പ്പെടുത്തി അടുത്തിടെ നടത്തിയ സര്‍വേയില്‍ 34 ശതമാനവും വാഹനം ഓടിക്കുന്നതിനിടയില്‍ ശ്രദ്ധ വ്യതിചലിക്കുന്നതായി അഭിപ്രായപ്പെട്ടിരുന്നു. 18 നും 24നും ഇടയില്‍ പ്രായമുള്ള യുവ ഡ്രൈവര്‍മാരിലായിരുന്നു സര്‍വേ നടത്തിയത്.
90 ശതമാനം അപകടങ്ങള്‍ക്കും കാരണക്കാരാവുന്നത് പുരുഷന്മാരാണ്. 61 ശതമാനം അപകടങ്ങളും ഉണ്ടാക്കുന്നത് 26നും 38നും ഇടയില്‍ പ്രായമുള്ള ഡ്രൈവര്‍മാരാണ്.
ജനങ്ങള്‍ പൊതുവില്‍ വിശ്വസിക്കുന്നത്. റോഡിലെ തകരാറുകളാണ് അപകടത്തിന് ഇടയാക്കുന്നത് എന്നാണെന്ന് കാര്‍പോള്‍ അറേബ്യ സോഷ്യല്‍ മീഡിയ മാനേജര്‍ അമിര്‍ അബ്ദുല്ല അഭിപ്രായപ്പെട്ടു.
വാഹനാപകട മരണങ്ങള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നത് എന്ത് കൊണ്ടാണെന്ന് പോലീസ് പഠിച്ചുവരുന്നതായി ദുബൈ പോലീസ് ട്രാഫിക് ഡയറക്ടര്‍ കേണല്‍ സെയ്ഫ് മുഹൈര്‍ അല്‍ മസ്‌റൂഇ വെളിപ്പെടുത്തി.

 

---- facebook comment plugin here -----

Latest