മറീന 101 ന്റെ 80-ാം നില വില്‍പനക്ക് ഒരുങ്ങുന്നു

Posted on: September 12, 2014 5:17 pm | Last updated: September 12, 2014 at 5:17 pm
SHARE

ദുബൈ: നഗരത്തിലെ അംബര ചുംബികളുടെ മുഖ്യ കേന്ദ്രമായ ശൈഖ് സായിദ് റോഡിലെ മറീനയില്‍ പുതിയ കെട്ടിട വില്‍പ്പനക്ക് കളം ഒരുങ്ങുന്നു. ദുബൈ നഗരത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാറാന്‍ പോകുന്ന മറീന 101ന്റെ 80-ാം നിലയാണ് വില്‍പനക്ക് തയ്യാറായിരിക്കുന്നത്. പണികളില്‍ ബഹുഭൂരിഭാഗവും പൂര്‍ത്തിയായ ഈ നിലയില്‍ എ സി സംഘടിപ്പിക്കുക തുടങ്ങിയ ജോലികള്‍ മാത്രമാണ് ബാക്കിയുള്ളത്.
80-ാം നിലയില്‍ നിന്നുള്ള ശൈഖ് സായിദ് റോഡിന്റെ ദൃശ്യം അതിമനോഹരമായിരിക്കുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഉറുമ്പിനെപ്പോലെ ചെറുതായി നിരനിരയായി നീങ്ങുന്ന കാറുകള്‍ കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുമെന്നും അവര്‍ വിശദീകരിക്കുന്നു. 426 മീറ്റര്‍ ഉയരമുള്ള കെട്ടിടം പൂര്‍ണമായും സജ്ജമാവാന്‍ ഈ വര്‍ഷം അവസാനം വരെ കാത്തിരിക്കേണ്ടിവരും. ഷെഫീല്‍ഡ് ഹോള്‍ഡിംഗ്‌സിനാണ് നിര്‍മാണ ചുമതല.
കെട്ടിടത്തിന്റെ 94-ാം നിലയില്‍ എത്തിയാല്‍ കടലിന്റെ മനോഹര ദൃശ്യമാവും സന്ദര്‍ശകരെയും താമസക്കാരെയും സ്വാഗതം ചെയ്യുകയെന്ന് കമ്പനി സി ഇ ഒ പാട്രിക് എല്‍ഖൂരി വ്യക്തമാക്കി.
414 മീറ്റര്‍ ഉയരമുള്ള പ്രിന്‍സസ് ടവറാണ് ഇപ്പോള്‍ ബുര്‍ജ് ഖലീഫ കഴിഞ്ഞാല്‍ ദുബൈയിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടം.
കെട്ടിടത്തിന്റെ ആദ്യ 33 നിലകളില്‍ 300 മുറികളുള്ള ഹോട്ടലും പിന്നീടുള്ള 45 നിലകളില്‍ ഇരു മുറികളുള്ള ഹോട്ടല്‍ അപ്പാര്‍ട്‌മെന്റുമാണ് പ്രിന്‍സസ് ടവര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്നത്.