Connect with us

Ongoing News

ശ്വാസോച്ഛ്വാസത്തെ ശബ്ദമാക്കി മാറ്റുന്ന യന്ത്രവുമായി 16കാരന്‍

Published

|

Last Updated

ഗുഡ്ഗാവ്: ശബ്ദശേഷിയില്ലാത്തവര്‍ക്ക് ഉച്ഛ്വാസവായുവിനെ ശബ്ദമാക്കി മാറ്റാന്‍ സഹായിക്കുന്ന ഉപകരണവുമായി 16 വയസ്സുകാരന്‍ ഗൂഗിളിന്റെ സയന്‍സ് ഫെയറില്‍ ഇടം നേടി. പാനിപ്പറ്റിലെ ഡി എ വി അന്താരാഷ്ട്ര സ്‌കൂളിലെ വിദ്യാര്‍ഥിയായ അര്‍ശ് ഷാ ദില്‍ബാഗിയാണ് നൂതന ഉപകരണം വികസിപ്പിച്ചത്. ഏഷ്യയിലെ നിന്ന് ഗൂഗിള്‍ സയന്‍സ് ഫെയറിന്റെ ഫൈനല്‍ റൗണ്ടില്‍ ഇടം നേടിയ ഏക വ്യക്തികൂടിയാണ് ദില്‍ബാഗി.

പൂര്‍ണമായയോ ഭാഗീകമായോ സംസാരശേഷി നഷ്ടപ്പെട്ടവര്‍ക്ക് ശ്വാസോച്ഛ്വാസം വഴി സംസാരം സാധ്യമാക്കുന്നതാണ് ടാക്ക് എന്ന് പേരിട്ടിരിക്കുന്ന യന്ത്രം. ഉച്ഛ്വാസവായുവിനെ മോര്‌സ് കോഡുകളാക്കി സെന്‍സര്‍ വഴി കടത്തിവിട്ട് ശബ്ദതരംഗമാക്കി മാറ്റുന്നതാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം. മൈക്രോഫോണ്‍ ഉപയോഗിച്ചാണ് ഉച്ഛ്വാസവായുവിനെ ശബ്ദ തരംഗമാക്കി മാറ്റുന്നത്. ഇതിനെ മോര്‍സ് എന്‍ജിന്‍ എന്ന മൈക്രോ പ്രോസസര്‍ വഴി കടത്തിവിടും. തുടര്‍ന്ന് മറ്റൊരു മെക്രോ പ്രൊസസര്‍ വഴി കടത്തിവിട്ടാണ് ശബ്ദമാക്കി മാറ്റുന്നത്. വെറും 5000 രൂപ മാത്രമാണ് ഇതുണ്ടാക്കാന്‍ ചെലവ് വരുന്നതെന്ന് ദില്‍ബാഗി പറയുന്നു.

സംസാരശേഷിയില്ലാത്ത ലോകപ്രശസ്ത ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗ്്‌സ് ഉപയോഗിക്കുന്ന ഓഗ്‌മെന്റേറ്റീവ് ആന്റ് ആള്‍ട്ടര്‍നേറ്റീവ് കമ്മ്യൂണിക്കേഷന്‍ (എ എ സി) ഉപകരണത്തിന് 4.26 ലക്ഷം രൂപയാണ് ചെലവ്. എന്നാല്‍ ഇതേ ഉപയോഗം സാധ്യമാക്കുന്ന ദില്‍ബാഗിയുടെ യന്ത്രത്തിന് ഇതിന്റെ നൂറിലൊരു ശതമാനം ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് വിസ്മയകരം.

Latest