വയനാട് ഹെരിറ്റേജ് മ്യൂസിയം നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി

Posted on: September 12, 2014 9:59 am | Last updated: September 12, 2014 at 9:59 am
SHARE

അമ്പലവയല്‍: വയനാട് ഹെരിറ്റേജ് മ്യൂസിയത്തിന്റേയും മള്‍ട്ടിമീഡിയ തിയറ്ററിന്റെയും നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായി. സംസ്ഥാന ടൂറിസം വകുപ്പ് അനുവദിച്ച 40 ലക്ഷം രൂപയുടേതടക്കം 74 ലക്ഷം രൂപയുടെ പ്രവൃത്തികളാണ് കഴിഞ്ഞ 10 മാസത്തിനിടെ നടത്തിയത്.
നവീകരണത്തിനായി കഴിഞ്ഞ നവംബര്‍ നാലിന് അടച്ചിട്ടതാണ് മ്യൂസിയവും തിയറ്ററും. ഈ മാസം അവസാനത്തോടെ ഇവ സഞ്ചാരികള്‍ക്ക് തുറന്നുകൊടുക്കുമെന്ന് ഡി.ടി.പി.സി മാനേജര്‍ ബിജു ജോസഫ് പറഞ്ഞു.
വയനാടിന്റെ ചരിത്ര, സാംസ്‌കാരിക പാരമ്പര്യ ശേഷിപ്പുകളാണ് മ്യൂസിയത്തിലെ മുഖ്യ ആകര്‍ഷണം. രണ്ട് പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് മ്യൂസിയത്തിനും മള്‍ട്ടിമീഡിയ തിയറ്ററിനും ഉപയോഗപ്പെടുത്തിയ കെട്ടിടം. ജീര്‍ണാവസ്ഥയിലായ കെട്ടിടം നവീകരിക്കാന്‍ 2012ലായിരുന്നു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ തീരുമാനം. റിട്ടയേര്‍ഡ് സൂപ്രണ്ടിംഗ് ആര്‍ക്കിയോളജിസ്റ്റ് ഡോ.ഹേമചന്ദ്രനാണ് മ്യൂസിയം, മള്‍ട്ടിമീഡിയ തിയറ്റര്‍ നവീകരണത്തിനു പ്രൊജക്ട് തയാറാക്കിയത്. ഇത് അംഗീകരിച്ച ടൂറിസം വകുപ്പ് 2012 ഓഗസ്റ്റിലാണ് ലക്ഷം രൂപ അനുവദിച്ചത്. 34 ലക്ഷം രൂപ ഡി.ടി.പി.സി സ്വന്തം ഫണ്ടില്‍നിന്നു കണ്ടെത്തുകയായിരുന്നു. തൃശൂര്‍ ആസ്ഥാനമായ സ്റ്റീല്‍ ഇന്‍ഡസ്ട്രീസ് കേരളയാണ് പ്രവൃത്തികള്‍ ഏറ്റെടുത്തത്.
കെട്ടിടത്തിന്റെ മേല്‍ക്കൂരയിലേതടക്കം അറ്റകുറ്റപ്പണി, ഗാലറികളെ സന്ദര്‍ശകസൗഹൃദമാക്കല്‍, പ്രദര്‍ശനവസ്തുക്കളെക്കുറിച്ച് കൂടുതല്‍ അറിവു നല്‍കാന്‍ കംപ്യൂട്ടര്‍ കിയോസ്‌കുകള്‍, പുരാവസ്തുക്കള്‍ക്ക് ഹാനികരമായ അള്‍ട്രാ-വയലറ്റ് രശ്മികള്‍ പുറപ്പെടുവിക്കുന്ന ഫഌറസന്റ് വിളക്കുകള്‍ മാറ്റി എല്‍.ഡി.ഡി ലൈറ്റുകളുടെ സ്ഥാപനം, പെഡസ്റ്റലുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ചെറിയ ശില്‍പങ്ങള്‍ ഗ്ലാസ് ഷോ-കേസുകളിലേക്ക് മാറ്റല്‍, വയനാടിന്റെ ചരിത്രവും പുരാവൃത്തവും വെളിവാക്കുന്ന തരത്തില്‍ വിവരണ ബോര്‍ഡുകള്‍, ജില്ലയുടെ വിവിധഭാഗങ്ങളിലായി ചിതറിക്കിടക്കുന്ന പുരാവസ്തുക്കള്‍ കണ്ടെടുത്ത് ശേഖരം വിപുലമാക്കല്‍, മള്‍ട്ടി-മീഡിയ തിയറ്റര്‍ 80 സീറ്റ് സൗകര്യത്തോടെ മെച്ചപ്പെടുത്തല്‍,ടിക്കറ്റ് കൗണ്ടര്‍ മോടിപിടിപ്പിക്കല്‍, നടപ്പാത നിര്‍മാണം, മ്യൂസിയത്തിലെയും തിയറ്ററിലേയും തറയില്‍ കാര്‍പ്പറ്റ് വിരിക്കല്‍, ടോയ്‌ലറ്റ് നവീകരണം, ചുറ്റുമതില്‍ പെയിന്റിംഗ് തുടങ്ങിയ പ്രവൃത്തികളാണ് ഇതിനകം പൂര്‍ത്തിയായെന്ന് ഡി.ടി.പി.സി മാനേജര്‍ പറഞ്ഞു.
ഗോത്രസ്മൃതി, വീരസ്മൃതി, ദേവസ്മൃതി, ജീവനസ്മൃതി എന്നീ നാല് ഭാഗങ്ങള്‍ ഉള്‍പ്പെടുന്നതാണ് മ്യൂസിയം. വയനാടന്‍ ചെട്ടിമാരുടെയും പണിയരും ഊരാളിക്കുറുമരും ഉള്‍പ്പെടെ ആദിവാസികളുടെയും ഉപജീവനവൃത്തികളുമായി ബന്ധപ്പെട്ട സാമഗ്രികളും വീട്ടുപകരണങ്ങളുമാണ് ഗോത്രസ്മൃതിയിലുള്ളത്. മീന്‍പിടിക്കാനുള്ള ഊത്തുകുഴല്‍, കിളിക്കെണികള്‍, കൂമ്പന്‍കുട തുടങ്ങിയവ ഇതിലടങ്ങന്നു. കാര്‍ഷികവൃത്തിയുമായി ബന്ധപ്പെട്ട വസ്തുക്കളും ഉപകരണങ്ങളുമാണ് ജീവനസ്മൃതിയില്‍. നെല്ല് സൂക്ഷിക്കുന്നതിനുള്ള പത്തായക്കൊട്ട, നിലമുഴാനുള്ള കരി, കൊയ്ത്തരിവാള്‍, സംഗീതോപകരണങ്ങള്‍, ആഭരണങ്ങള്‍, അമ്പലവയലിലും സമീപങ്ങളിലും ഉത്ഖനനത്തില്‍ ലഭിച്ച മണ്‍പാത്രങ്ങള്‍, ഇരുമ്പായുധങ്ങള്‍, ശിലായുഗത്തിലെ ക•ഴുകള്‍ എന്നിവ ജീവനസ്മൃതിയിലെ പ്രദര്‍ശന വസ്തുക്കളാണ്.
വീരക്കല്ലുകളുടെ ശേഖരമാണ് വീരസ്മൃതിയിലുള്ളത്. വാണിജ്യസംഘങ്ങള്‍ക്കുവേണ്ടി കവര്‍ച്ചക്കാരോടും വന്യമൃഗങ്ങളോടും എറ്റുമുട്ടി കൊല്ലപ്പെടുന്ന വീര•ാരുടെ ഓര്‍മയ്ക്കായി നാട്ടുന്ന സ്മാരകശിലകളാണിത്. 13-15 നൂറ്റാണ്ടുകളിലെ പടയാളികളുടെയും അവരുടെ സ്ത്രീകളുടെയും വസ്ത്രധാരണം, ആയുധങ്ങള്‍, അലങ്കാരങ്ങള്‍ എന്നിവ സംബന്ധിച്ച ഏകദേശധാരണ നല്‍കാന്‍ കഴിയുന്നതുമാണ് ഇവ. അലറിച്ചാടുന്ന കടുവയുടെ നേരേ കുന്തവുമായി നില്‍ക്കുന്ന യോദ്ധാക്കളുടേതടക്കം മൂന്നു തലങ്ങളിലായി ചിത്രീകരിച്ച വീരക്കല്ലുകള്‍ മ്യൂസിയത്തിലുണ്ട്. ക്ഷേത്രങ്ങളിലും കാവുകളിലും പ്രതിഷ്ഠിച്ചിരുന്ന വിഗ്രഹങ്ങളാണ് പ്രധാനമായും ദേവസ്മൃതി വിഭാഗത്തിലുള്ളത്. വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു ഖേഖരിച്ച 15 തരം മണ്ണും മ്യൂസിയത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.
1986ല്‍ വയനാട് കലക്ടറായിരുന്ന രവീന്ദ്രന്‍ തമ്പി, ചരിത്രകാര•ാരായ എം.ആര്‍.രാഘവവാര്യര്‍, എം.ജി.എസ്. നാരായണന്‍, രാജന്‍ ഗുരുക്കള്‍, അന്നത്തെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ.യു. ബാലകൃഷ്ണന്‍, ഫീല്‍ഡ് പബ്ലിസിറ്റി ഓഫീസര്‍ പി.കെ.ഉത്തമന്‍, എടക്കല്‍ ഗുഹാസംരക്ഷണ സമിതി പ്രവര്‍ത്തകരായ എന്‍.ബാദുഷ, അബ്ജുല്‍ വഹാബ്, തോമസ് അമ്പലവയല്‍ തുടങ്ങിയവരുടേതായിരുന്നു
വയനാട് ഹെരിറ്റേജ് മ്യൂസിയം എന്ന ആശയം. ജില്ലയില്‍ വനത്തിലും ഗ്രാമങ്ങളിലുമടക്കം ചിതറിക്കിടന്നതില്‍ രണ്ട് ഘട്ടങ്ങളായി ശേഖരിച്ചതാണ് മ്യൂസിയത്തില്‍ ഇന്നുകാണുന്ന ചരിത്രാവശിഷ്ടങ്ങള്‍. മുത്തങ്ങ, എടത്തറ, രാംപള്ളി, ഉപ്പുചിറവയല്‍, നല്ലൂര്‍വയല്‍, ചാണമംഗലം, ബാവലി പ്രദേശങ്ങളില്‍നിന്നു കണ്ടെടുത്തതാണ് ഇവ. ആദ്യഘട്ടത്തില്‍ കണ്ടെടുത്ത ചരിത്രാവശിഷ്ടങ്ങള്‍ അമ്പലവയലില്‍ റവന്യൂ വകുപ്പിന്റെ കൈവശത്തിലുള്ള കെട്ടിടത്തിലാണ് സൂക്ഷിച്ചിരുന്നത്. ചരിത്രാവശിഷ്ടങ്ങള്‍ കണ്ടെത്തുന്നതിനായുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങളില്‍ എം.ജി.സര്‍വകലാശാലയിലെ പ്രൊഫ.രാജു വാര്യര്‍, പൊതുമരാമത്ത് വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന സേതുമാധവന്‍, വയനാട് ട്രക്കിംഗ് ക്ലബ്ബ് പ്രസിഡന്റും നിലവില്‍ ഡി.ടി.പി.സി ജീവനക്കാരനുമായ എം.എസ്.ദിനേശന്‍ എന്നിവരും സജീവമായിരുന്നു.
രവീന്ദ്രന്‍തമ്പി കലക്ടറായിരുന്നപ്പോള്‍ തുടങ്ങിവെച്ച മ്യൂസിയം കെട്ടിയ നിര്‍മാണം പില്‍ക്കാലത്ത് കലക്ടറായ ബിശ്വാസ്‌മേത്ത മുന്‍കൈയെടുത്താണ് പൂര്‍ത്തിയാക്കിയത്. എം.പിമാരായായിരുന്ന കെ.മുരളീധരന്‍, എം.എ.ബേബി എന്നിവരുടെ പ്രാദേശിക വികസനനിധിയാണ് പ്രധാനമായും കെട്ടിടംപണിക്ക് ഉപയോഗപ്പെടുത്തിയത്.