പോരൂരില്‍ മുസ്‌ലിം ലീഗും കോണ്‍ഗ്രസും ബൈ ബൈ

Posted on: September 12, 2014 9:47 am | Last updated: September 12, 2014 at 9:47 am
SHARE

leagueവണ്ടൂര്‍: രാഷ്ട്രീയ അധികാരത്തിന് വേണ്ടിയുള്ള തര്‍ക്കത്തിനൊടുവില്‍ പോരൂര്‍ പഞ്ചായത്തില്‍ യു ഡി എഫ് മുന്നണി ബന്ധം അവസാനിപ്പിച്ച് ലീഗ്. കോണ്‍ഗ്രസുമായി ഇനി ഒത്തുപോകാനാകില്ലെന്നും വേണ്ടി വന്നാല്‍ അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ലീഗ് ഒറ്റക്ക് മത്സരിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മുസ്‌ലിംലീഗ് ആവശ്യപ്പെട്ട പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വിട്ടുനല്‍കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതിനെ തുടര്‍ന്നാണ് മുസ്‌ലിംലീഗ് മുന്നണി ബന്ധം അവസാനിപ്പിക്കുന്നത്.
ഇതിനായി മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, എ പി അനില്‍കുമാര്‍, ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ്കുഞ്ഞി എന്നിവര്‍ ചേര്‍ന്നെടുത്ത തീരുമാനം കോണ്‍ഗ്രസ് അംഗീകരിക്കാതെ വഞ്ചിക്കുകയാണെന്നും ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
2010ല്‍ നടന്ന ഗ്രാമപഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പതിനൊന്നാം വാര്‍ഡില്‍ മത്സരിച്ച മുസ്‌ലിം ലീഗ് അംഗം എന്‍ മുഹമ്മദ് നസീമിനെതിരെ കോണ്‍ഗ്രസ് കാലുവാരിയതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം. 500ഓളം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിക്കുമായിരുന്ന വാര്‍ഡില്‍ കോണ്‍ഗ്രസ് പാരവെച്ചതിനെ തുടര്‍ന്ന് ലീഗ് അംഗം പരാജയപ്പെടുകയായിരുന്നു. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഏഴ് സീറ്റും മുസ്‌ലിംലീഗ് മൂന്ന് സീറ്റും നേടി.
എന്നാല്‍ കോണ്‍ഗ്രസുമായി സഹകരിക്കേണ്ട എന്നതായിരുന്നു ലീഗിന്റെ തീരുമാനം. എന്നാല്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ മലപ്പുറത്ത് നടന്ന ചര്‍ച്ചക്കൊടുവിലാണ് പ്രശ്‌നം പരിഹരിച്ചത്. അവസാനത്തെ വര്‍ഷം പ്രസിഡന്റ് സ്ഥാനം ലീഗ് അംഗത്തിന് നല്‍കാമെന്നാണ് ധാരണയുണ്ടാക്കിയതെന്ന് ലീഗ് ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ച നടത്തിയെങ്കിലും രേഖാമൂലമുള്ള ധാരണയൊന്നും ഉണ്ടാക്കിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് ഭാരവാഹികള്‍ പറയുന്നത്.
പ്രസ്തുത കരാര്‍ സംബന്ധിച്ച് കഴിഞ്ഞ മാസം മണ്ഡലം യുഡിഎഫ് കണ്‍വീനര്‍ കെസി കരീം മൗലവിക്ക് ലീഗ് നേതൃത്വം കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും അനുകൂല നടപടിയുണ്ടായില്ല. തുടര്‍ന്ന് കഴിഞ്ഞ മാസം 31ന് മുസ്‌ലിംലീഗ് പ്രവര്‍ത്തക സമിതിയോഗം ചേരുകയും കോണ്‍ഗ്രസുമായുള്ള ബന്ധം അവസാനിപ്പിക്കാനും തീരുമാനിച്ചു.
ഇതിനിടെ മന്ത്രി എപി അനില്‍കുമാര്‍ ഇടപ്പെട്ട് പരിഹാര ശ്രമം നടത്തിയെങ്കിലും ഫലമുണ്ടായില്ല. തുടര്‍ന്നാണ് കോണ്‍ഗ്രസില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നും ഇതിന് സംസ്ഥാന-ജില്ലാ നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും ലീഗ് ഭാരവാഹികള്‍ അറിയിച്ചു.
അതെസമയം നിലവില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനമുള്‍പ്പടെയുള്ള പദവികള്‍ വിട്ടുകൊടുക്കാന്‍ തീരുമാനിച്ചിട്ടില്ല. നിലവിലെ രാഷ്ട്രീയ സംഭവങ്ങള്‍ അണികളെ അറിയിക്കാന്‍ ഇന്ന് വൈകീട്ട് നാലിന് ചെറുകോട് കെ എം എം എ യു പി സ്‌കൂളില്‍ വിശദീകരണ യോഗം ചേരുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ മുസ്‌ലിംലീഗ് മണ്ഡലം സെക്രട്ടറി എന്‍ മുഹമ്മദ് നസീം, വൈസ് പ്രസിഡന്റ് പി അബ്ദുര്‍റഹിമാന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ ടി സീനത്ത്, കെ അഹമ്മദ്കുട്ടി, കെ ടി അബ്ദുര്‍റശീദ്, കെ മുഹമ്മദലി, കെ കെ മുഹമ്മദലി പങ്കെടുത്തു.