50 പവന്‍ മോഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളി പിടിയില്‍

Posted on: September 12, 2014 9:44 am | Last updated: September 12, 2014 at 9:44 am
SHARE

wiki-thiefകോട്ടക്കല്‍: നിര്‍മാണത്തിനേല്‍പ്പിച്ച അന്‍പത് പവന്‍ സ്വര്‍ണവുമായി മുങ്ങാന്‍ ശ്രമിച്ച ആഭരണ നിര്‍മാണ തൊഴിലാളിയെ പോലീസ് പിടികൂടി. വെസ്റ്റ് ബംഗാള്‍ സ്വദേശി ഉഗ്ലി ഉത്തര്‍കൃഷ്ണറാബൂര്‍പാറ സന്ദീപ് പക്കിറ(20) യാണ് പിടിയിലായത്.
കോട്ടക്കല്‍ ടൗണിലെ ആഭരണ നിര്‍മാണ കടയില്‍ നിന്നും സ്വര്‍ണവുമായി കടന്നു കളയുന്നതിനിടയില്‍ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് പ്രതി പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ മൂന്ന് മണിയോടെ കോട്ടക്കലില്‍ നിന്നും ടാക്‌സി വിളിച്ച് രക്ഷപെടുന്നതിനിടെ സംശയം തോന്നിയ ടാക്‌സി ഡ്രൈവര്‍ നല്‍കിയ വിവരത്തെ തുടര്‍ന്നാണ് പ്രതി പോലീസിന്റെ വലയിലായത്.
ഇയാള്‍ സഞ്ചരിച്ച വാഹനം പോലീസ് പരിശോധനക്ക് നിര്‍ത്തിച്ചോള്‍ കുതറി ഓടിയതിനെതുടര്‍ന്ന് അരമണിക്കൂര്‍ നീണ്ടശ്രമത്തിനൊടുവിലാണ് കീഴ്‌പെടുത്തിയത്. മൂന്ന് മാസം മുമ്പ് കോട്ടക്കലിലെ നിര്‍മാണ കടയിലെത്തിയതാണ് പ്രതി. മഹാരാഷ്ട്ര സ്വദേശി സുകുമാരന്റെ ആഭരണ നിര്‍മാണ കടയിലെ തൊഴിലാളിയാണ്.
പെരുവളളൂര്‍ സ്വദേശി നിര്‍മാണത്തിനായി നല്‍കിയ സ്വര്‍ണമാണ് ഇയാള്‍ മോഷ്ടിച്ചത്. കഴിഞ്ഞ എട്ട് വര്‍ഷമായി കോട്ടക്കലില്‍ ജ്വല്ലറികള്‍ക്ക് ആഭരണങ്ങള്‍ നിര്‍മിച്ചു നല്‍കുന്നയാളാണ് സുകുമാരന്‍. കഴിഞ്ഞ രാത്രി കൂടെ ഉള്ളവര്‍ ഉറക്കിലായ സമയം ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടി പൊളിച്ച് ബാഗിലാക്കി മൂന്ന് മണിയോടെ കടന്ന് കളയുകയായിരുന്നു. നാട്ടിലേക്ക് മുങ്ങാനാണ് പദ്ധതിയിട്ടിരുന്നത്. ടൗണിലെ ടാക്‌സി ഡ്രൈവറെ സമീപിച്ച് ബംഗ്ലുരുവിലേക്ക് ട്രിപ്പ് വിളിക്കുകയായിരുന്നു. പറഞ്ഞ വാടക നല്‍കാന്‍ പ്രതി തയ്യാറായതാണ് ഡ്രൈവര്‍ക്ക് സംശയത്തിനിടയാക്കിയത്. ഇയാളെ കയറ്റിവന്ന വാഹനം പോലീസ് കൈകാണിച്ച് പരിശോധനക്കായി നിര്‍ത്തികൊടുക്കുകയായിരുന്നു.
ബംഗ്ലുരുവില്‍ വില്‍പ്പന നടത്തലായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറയുന്നു. പകുതി നിര്‍മിച്ച ആഭരണങ്ങള്‍, ഉരുക്കിയ സ്വര്‍ണം, പാദസരം, മോതിരം തുടങ്ങിയ സ്വര്‍ണാഭരണങ്ങള്‍ പോലീസ് പിടിച്ചെടുത്തു.
എ എസ് ഐ. ആര്‍ രാജന്‍, കൃഷ്ണന്‍, മധു, മുരളി എന്നിവരാണ് പ്രതിയെ പിടികൂടിയത്. തിരൂര്‍ സി ഐ. എ ഹനീഫക്കാണ് അന്വേഷണ ചുമതല. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here