Connect with us

Kozhikode

രക്തഗ്രൂപ്പ് നിര്‍ണയം തെറ്റി: വൃക്ക മാറ്റിവെക്കാനാകാതെ രോഗി മരിച്ചു

Published

|

Last Updated

പയ്യോളി: ഇരു വൃക്കകളും തകരാറിലായി ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് യുവാവ് മരിച്ചു. തച്ചന്‍കുന്ന് കുഴിക്കാട്ട് താഴെ ബാബുവിന്റെ മകന്‍ ബിനു (26) ആണ് മരിച്ചത്.
ശസ്ത്രക്രിയക്കായി ഒന്നര ലക്ഷത്തോളം രൂപയുടെ മരുന്നുകള്‍ ആശുപത്രി അധിതൃകര്‍ ബന്ധുക്കളോട് വാങ്ങിപ്പിച്ചിരുന്നു. അച്ഛന്‍ ബാബുവിന്റെ വൃക്ക സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. ഇരുവരുടെയും രക്ത ഗ്രൂപ്പ് എ ബി പോസ്റ്റീവാണെന്ന് കണ്ടതിനാലാണ് വൃക്ക മാറ്റിവെക്കാന്‍ തീരുമാനിച്ചത്. വിവിധ ടെസ്റ്റുകള്‍ നടത്തിയതിന് ശേഷം ആഗസ്റ്റ് 26നാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ 25ന് ബിനുവിന്റെ രക്തഗ്രൂപ്പ് വേറെയാണെന്ന് ആശുപത്രി അധികൃതര്‍ അറിയീച്ചതോടെ ശസ്ത്രക്രിയ മുടങ്ങി. എ പോസ്റ്റീവാണെന്നാണ് ആശുപത്രി അധികൃതര്‍ അറീയിച്ചത്. എന്നാല്‍ ആദ്യം നടത്തിയ പരിശോധനയില്‍ എ ബി പോസ്റ്റീവാണെന്നാണ് അറിയിച്ചിരുന്നത്. ഇതനുസരിച്ച് ഡയാലിസിസ് അടക്കമുള്ള ചികിത്സ നല്‍കിയിരുന്നു. ചികിത്സ മുടങ്ങിയതോടെ ബന്ധുക്കളും സഹായ കമ്മിറ്റിയും ആശുപത്രി അധികൃതരെ സമീപിച്ചപ്പോള്‍ തുടര്‍ന്നുള്ള ഡയാലിസിസ് സൗജന്യമായി നല്‍കാമെന്ന് അറിയിക്കുകയായിരുന്നു. ഇതില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കള്‍ ആരോപിക്കുന്നത്. എന്നാല്‍ തുടര്‍ച്ചയായി ഡയാലിസിസിന് വിധേയമാകുന്ന രോഗികളുടെ രക്ത ഗ്രൂപ്പില്‍ അപൂര്‍വ്വമായി മാറ്റം വരുമെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ബിനുവിന്റെ മാതാവ് ജനാകി, സഹോദരങ്ങള്‍: ബിബുലാല്‍, ബിജേഷ്.

Latest