എസ് വൈ എസ് 60- ാം വാര്‍ഷികം: മുല്‍തഖല്‍ ഉലമ നാളെ

Posted on: September 12, 2014 12:15 am | Last updated: September 13, 2014 at 12:16 am
SHARE

sysFLAGകോഴിക്കോട്: എസ് വൈ എസ് 60ാം വാര്‍ഷിക സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മുല്‍തഖല്‍ ഉലമ (പണ്ഡിത സമ്മേളനം) നാളെ കോഴിക്കോട് മര്‍കസ് കോംപ്ലക്‌സ് ഓഡിറ്റോറിയത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. ആറ് പതിറ്റാണ്ടുകാലം കേരളീയ സമൂഹത്തിന് ദിശാബോധം നല്‍കി ധാര്‍മിക വഴിയില്‍ ചലിപ്പിച്ച എസ് വൈ എസിന്റെ 60ാം വാര്‍ഷിക പദ്ധതികളുടെ പ്രഥമ സംരംഭമാണ് മുല്‍തഖല്‍ ഉലമ. എസ് വൈ എസ് സമ്മേളനം ലക്ഷ്യമിടുന്ന സര്‍വതല സ്പര്‍ശിയായ പ്രബോധന രംഗത്തെ പുതിയ മാര്‍ഗരേഖ സമ്മേളനത്തില്‍ അവതരിപ്പിക്കും. സമൂഹത്തിന്റെ വിവിധ തലങ്ങളിലുള്ളവര്‍ക്ക് ഇസ്‌ലാമിന്റെ സമഗ്രതയും സൗന്ദര്യവും പരിചയപ്പെടുത്തുകയും സാംസ്‌കാരികമായ നിറവിലേക്ക് ജനങ്ങള്‍ക്ക് വഴി കാട്ടുകയും ചെയ്യുകയാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.
ജീര്‍ണത നിറഞ്ഞ സാമൂഹികാവസ്ഥകളില്‍ നിന്ന് ധാര്‍മികമായ ജീവിത ശൈലികളിലേക്ക് സമൂഹത്തെ വഴിനടത്താനുള്ള ശ്രമങ്ങള്‍ക്ക് കാലോചിതമായ രൂപഭാവങ്ങള്‍ സ്വീകരിക്കുന്നതിനെക്കുറിച്ചും പ്രബോധനവഴിയില്‍ ആധുനിക സംവിധാനങ്ങളെ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചും പണ്ഡിത സംഗമം ചര്‍ച്ച ചെയ്യും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ചരിത്ര പഠനവും ആദര്‍ശ സംവാദവും പണ്ഡിത സമ്മേളനത്തെ സജീവമാക്കും. ശനിയാഴ്ച കാലത്ത് പത്തിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി എ പി മുഹമ്മദ് മുസ്‌ലിയാര്‍ ആമുഖ പ്രഭാഷണം നടത്തും.
എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, ജനറല്‍ സെക്രട്ടറി പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ കേന്ദ്ര, ജില്ലാ കൂടിയാലോചനാ സമിതി(മുശാവറ) അംഗങ്ങളടങ്ങുന്ന 495 പണ്ഡിതരാണ് സമ്മേളന പ്രതിനിധികള്‍.