വയനാട്ടില്‍ 211 മില്ലീ ലിറ്റര്‍ മഴ അധികം ലഭിച്ചു

Posted on: September 12, 2014 12:37 am | Last updated: September 11, 2014 at 11:37 pm
SHARE

കല്‍പ്പറ്റ: കാലവര്‍ഷം ഇക്കുറി വയനാട്ടിലെത്താന്‍ താമസിച്ചെങ്കിലും മൊത്തം മഴയില്‍ അല്‍പം പോലും കുറവില്ലെന്ന് മാത്രമല്ല, കൂടുകയും ചെയ്തു.
കേരള കാര്‍ഷിക സര്‍വകലാശാലയുടെ അമ്പലവയല്‍ പ്രാദേശിക ഗവേഷണ കേന്ദ്രത്തില്‍ രേഖപ്പെടുത്തിയ കണക്കനുസരിച്ച് ഇത്തവണ ഓഗസ്റ്റ് 31 വരെ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 211 മില്ലീമീറ്റര്‍ മഴ അധികമായി ലഭിച്ചുവെന്നാണ് കണക്ക്. സെപ്തംബര്‍ ഒന്നു മുതല്‍ ഒന്‍പത് വരെ പെയ്ത മഴ ഇതിന് പുറമെയാണ്. തിരുവനന്തപുരം കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിലെ കണക്ക് പ്രകാരം വയനാട്ടില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ആറ് ശതമാനത്തോളം മഴ കുറഞ്ഞുവെന്നതാണ്. എന്നാല്‍ അത് ശരിയല്ലെന്ന് അമ്പലവയല്‍ ആര്‍ എ ആര്‍ എസില്‍ രേഖപ്പെടുത്തിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ജൂണ്‍ മാസത്തില്‍ തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം ആരംഭിച്ച് ശക്തിപ്പെടേണ്ട ജൂണ്‍ മാസത്തില്‍ ഇത്തവണ മഴ തീരെ കുവായിരുന്നുവെന്നതാണ് കണക്ക്. കഴിഞ്ഞ വര്‍,#ം ജൂണില്‍ മാത്രം 446.2 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഇത്തവണ പെയ്തത് 175.8 മില്ലീമീറ്ററായിരുന്നു. അതായത് ജൂണില്‍ മാത്രം 270.4 മില്ലീമീറ്ററിന്റെ കുറവ്. എന്നാല്‍ ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ ഈ കുറവ് നികത്തി മുന്നേറിയെന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം 616.2 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ഇത്തവണ പെയ്തത് 645.2 മില്ലീമീറ്റര്‍. 29 മില്ലീമീറ്റര്‍ മഴ ജൂലൈയില്‍ അധികമായി ലഭിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ 287.4 മില്ലീമീറ്റര്‍ മഴ ലഭിച്ച സ്ഥാനത്ത് ഇക്കുറി ഓഗസ്റ്റില്‍ പെയ്തത് 431.4 മില്ലീമീറ്ററാണ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 144 മില്ലീമീറ്റര്‍ അധികം. കഴിഞ്ഞ തവണ ഭേദപ്പെട്ട രീതിയില്‍ വേനല്‍ മഴയും വയനാട്ടില്‍ ലഭിച്ചിരുന്നു. കാലവര്‍ഷത്തില്‍ കാര്യമായ കുറവുണ്ടാവാത്തതിനാല്‍ ഇത്തവണ വേനലില്‍ വന്‍തോതിലുള്ള വരള്‍ച്ചയൊന്നും ഭയക്കേണ്ടതില്ലെന്നാണ് പഴമക്കാരുടെ വാദം.