ആദിത്യനാഥ് എം പിക്ക് എതിരെ കേസെടുത്തു

Posted on: September 12, 2014 6:00 am | Last updated: September 11, 2014 at 11:40 pm
SHARE

yogi-adityanathലക്‌നോ: വിലക്ക് ലംഘിച്ച് റാലി നടത്തിയതിന് ഉത്തര്‍പ്രദേശിലെ ബി ജെ പി. എം പി യോഗി ആദിത്യനാഥിനെതിരെ എഫ് ഐ ആര്‍. വര്‍ഗീയ പരാമര്‍ശങ്ങളാല്‍ നിരന്തരം വിവാദം സൃഷ്ടിക്കുന്ന ആദിത്യനാഥ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക് ലംഘിച്ച് ലക്‌നോയില്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു. ആദിത്യനാഥിനും റാലിയില്‍ സംസാരിച്ച മറ്റുള്ളവര്‍ക്കുമെതിരെ കേസെടുത്തതായി എസ് പി പ്രവീണ്‍ കുമാര്‍ അറിയിച്ചു. നിയമസഭാ സീറ്റുകളിലേക്ക് അടുത്തു നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിലെ ബി ജെ പിയുടെ മുഖ്യ പ്രചാരകനാണ് യോഗി ആദിത്യനാഥ്.
യോഗം പൂര്‍ണമായി വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ടെന്നും ദൃശ്യത്തില്‍ കാണുന്ന മുഴുവന്‍ പേര്‍ക്കെതിരെ കേസെടുക്കുമെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബി ജെ പി. എം പിമാരായ ജഗദാംബികാ പാല്‍, ലല്ലു സിംഗ് എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. യോഗത്തിന്റെ സി ഡി തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ച് കൊടുത്തു.
ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ഠാക്കൂര്‍ദ്വാരാ, മെയിന്‍പുരി, നിഗാസാന്‍ മണ്ഡലങ്ങളില്‍ പ്രസംഗിക്കുന്നതിന് ആദിത്യനാഥിന് വിലക്കുണ്ട്. മെയിന്‍പുരിയില്‍ അദ്ദേഹം മൊബൈല്‍ ഫോണ്‍ വഴി യോഗത്തില്‍ സംസാരിച്ചുവെന്ന പരാതി അന്വേഷിച്ച് വരികയാണ്. തനിക്കെതിരെ നിയമവിരുദ്ധമായി കേസെടുക്കുകയാണ് ജില്ലാ ഭരണകൂടമെന്ന് ആദിത്യനാഥ് ആരോപിച്ചു.
ഇത്തരം കരിനിയമങ്ങള്‍ക്കെതിരെ ജനങ്ങള്‍ വിധിയെഴുതുമെന്ന് ബി ജെ പി വക്താവ് വിജയ് ബഹദൂര്‍ പാഠക് പറഞ്ഞു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഭൂരിപക്ഷ വിഭാഗത്തെ ഇളക്കി വിടുന്ന തികച്ചും വിദ്വേഷപരമായ പ്രസംഗങ്ങളാണ് ആദിത്യനാഥിന്റെ മുഖമുദ്ര.