ഓട്ടോ-ടാക്‌സി തൊഴിലാളി പണിമുടക്ക് വയനാട്ടില്‍ പൂര്‍ണം

Posted on: September 12, 2014 12:33 am | Last updated: September 11, 2014 at 11:33 pm
SHARE

കല്‍പ്പറ്റ: ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കാമെന്ന ഉറപ്പ് സര്‍ക്കാര്‍ പാലിക്കാത്തതില്‍ പ്രതിഷേധിച്ച് സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ നടത്തിയ സൂചനാ പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായിരുന്നു.
നാട്ടിന്‍പുറങ്ങളിലും നഗരങ്ങളിലുമെല്ലാം ഓട്ടോറിക്ഷയോ ടാക്‌സി വാഹനങ്ങളോ നിരത്തില്‍ ഇറങ്ങിയില്ല. ടാക്‌സികളുടെ പണമുടക്ക് മൂലം നഗരങ്ങളില്‍ പൊതുവെ തിരക്ക് വളരെ കുറവായിരുന്നു. പണിമുടക്ക് വിജയിപ്പിച്ച തൊഴിലാളികളെയും സഹകരിച്ച പൊതുജനങ്ങളെയും സംയുക്ത സമര സമിതി അഭിവാദ്യം ചെയ്തു. സര്‍ക്കാര്‍ ഉറപ്പ് പാലിച്ചില്ലെങ്കില്‍ 25മുതല്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാനാണ് തൊഴിലാളി യൂണിയനുകളുടെ തീരുമാനം. ചാര്‍ജ് വര്‍ധനയുമായി ബന്ധപ്പെട്ട് ജൂലൈ 1,2 തീയതികളില്‍ നടത്താനിരുന്ന ചക്ര സ്തംഭന സമരം ജൂണ്‍ 27ന് മന്ത്രി വിളിച്ച് ചേര്‍ത്ത ചര്‍ച്ചയെ തുടര്‍ന്നാണ് മാറ്റിയത്. അന്ന് ഉന്നയിച്ച ആവശ്യങ്ങളില്‍ ചാര്‍ജ് വര്‍ധന ഒഴികെ ബാക്കിയെല്ലാം അംഗീകരിച്ചിരുന്നു. ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മിറ്റിയുടെ റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ ചാര്‍ജ് വര്‍ധന നടപ്പിലാക്കുമെന്നും റിപ്പോര്‍ട്ടിന് കാലതാമസം നേരിട്ടാല്‍ ജൂലൈ 31നകം സര്‍ക്കാര്‍ ഏകപക്ഷീയമായി ചാര്‍ജ് വര്‍ധിപ്പിക്കൂമെന്നുമായിരുന്നു അന്ന് നല്‍കിയ ഉറപ്പ്. ഇതേതുടര്‍ന്നാണ് ചക്രസ്തംഭന സമരം പിന്‍വലിച്ചത്. എന്നാല്‍ ജൂലൈ 31 കഴിഞ്ഞ് ഒന്നര മാസത്തോളം പിന്നിട്ടിട്ടും ചാര്‍ജ് വര്‍ധന നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് അനിശ്ചിതകാല പ്രക്ഷോഭം ആരംഭിക്കുന്നതിന് മുന്നോടിയായിട്ടാണ് ഇന്നലെ സംസ്ഥാനത്തെ മുഴുവന്‍ ഓട്ടോറിക്ഷകളും ടാക്‌സികളും സൂചനാ സമരം. നടത്തിയത്. പണിമുടക്കിയ തൊഴിലാളികള്‍ കല്‍പറ്റ, ബത്തേരി, മാനന്തവാടി, കമ്പളക്കാട്, പനമരം, പുല്‍പള്ളി, മേപ്പാടി തുടങ്ങിയ കേന്ദ്രങ്ങളില്‍ പ്രകടനം നടത്തി.