വില്‍പ്പനക്കുള്ള ബൈക്കുകള്‍ റോഡ് വക്കില്‍ ; കാല്‍ നട യാത്ര ദുരിതമാകുന്നു

Posted on: September 12, 2014 12:31 am | Last updated: September 11, 2014 at 11:31 pm
SHARE

ചാവക്കാട്: നഗരത്തില്‍ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ ബൈക്കുകള്‍ പ്രദര്‍ശനത്തിനും വില്‍പ്പനക്കുമായി റോഡ് വക്കില്‍ ഇറക്കി വെക്കുന്നത് കാല്‍നട യാത്രക്കാര്‍ക്ക് ദുരിതമാവുന്നു.
ചാവക്കാട് വടക്കെ ബൈപ്പാസ് ജംഗ്ഷനില്‍ കുന്നംകുളം റോഡിലെ ടൗണ്‍ മസ്ജിദിന് എതിര്‍ഭാഗത്തെ സ്ഥാപനമാണ് ബൈക്കുകള്‍ കാനമൂടിയ സ്ലാബും കടന്ന് റോഡ് വക്കില്‍ പ്രദര്‍ശനത്തിനായി വെച്ചിരിക്കുന്നത്.
നിരവധി ബൈക്കുകളാണ് കാല്‍ നട യാത്രക്കാര്‍ക്ക് മുന്നോട്ട് കടക്കാനാവാത്ത വിധം നിരത്തിയിട്ടുള്ളത്.
ബസ് സ്റ്റാന്റ് വഴി ബൈപ്പാസിലൂടെ തിരിഞ്ഞ് കുന്നംകുളം ഭാഗത്തേക്കും തിരിച്ചും നിരവധി ബസുകളും വലിയ വാഹനങ്ങളും കടന്നു പോകുന്നത് ഈ ഭാഗത്തെ ഇടുങ്ങിയ റോഡിലൂടെയാണ്.
സമീപത്തെ എം ആര്‍ ആര്‍ എം ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അടക്കമുള്ള സ്ഥാപനത്തിലെ നൂറുകണക്കിന് വിദ്യാര്‍ഥികളും കാല്‍നടയാത്രക്കാരും യാത്രചെയ്യുന്ന ബൈക്കുകള്‍ നിരത്തിയിട്ടുള്ളതിനാല്‍ റോഡിലേക്ക് കയറിയാണ് നടക്കുന്നത്. ഇത് അപകടങ്ങള്‍ക്ക് കാരണമാവുന്നു.