കോട്ടോപ്പാടത്ത് സി പി എം നല്‍കിയ അവിശ്വാസ പ്രമേയം പിന്‍വലിച്ചു

Posted on: September 12, 2014 12:30 am | Last updated: September 11, 2014 at 11:30 pm
SHARE

മണ്ണാര്‍ക്കാട്: ഇടതുമുന്നണി കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ വികസന കാര്യ സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍ പേഴ്‌സണനെതിരെ നല്‍കിയ അവിശ്വാസ പ്രമേയം പിന്‍വലിച്ചതായി നേതാക്കള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഈ മാസം 25ന് അവിശ്വാസം ചര്‍ച്ചക്കെടുക്കാനിരിക്കെയാണ് പെട്ടെന്നുളള സി പി എമ്മിന്റെ നിലപാട് മാറ്റം. എന്നാല്‍ യു ഡി എഫ് ‘രിക്കുന്ന പഞ്ചായത്തില്‍ പ്രസിഡന്റിനെതിരെ യു ഡി എഫ് അംഗങ്ങള്‍ തന്നെ നല്‍കിയ അവിശ്വാസം മുസ്‌ലിംലീഗിലെ ചേരിത്തിരിവിന്റെയും വിഭാഗീയതയുടെയും ഭാഗമായി ഉടലെടുത്തതാണെന്നും ഇതില്‍ കക്ഷിച്ചേരാന്‍ സി പി എമ്മില്ലെന്നും ഇതിനാലാണ് അവിശ്വാസ പ്രമേയം പിന്‍വലിച്ചതെന്നും നേതാക്കള്‍ പറഞ്ഞു.
അവിശ്വാസ പ്രമേയം നോട്ടീസ് നല്‍കിയ ശേഷം ലീഗിലെ ഇരുവിഭാഗവും തങ്ങളെ സമീപിക്കുകയും പ്രസിഡന്റ് സ്ഥാനമടക്കമുളളവ വാഗ്ദാനം ചെയ്തതായും എന്നാല്‍ ഏതെങ്കിലും വിഭാഗവുമായി യോജിക്കാനൊ കക്ഷിച്ചേരാനൊ ഇവരുടെ പിന്‍തുണയോടെ അധികാരത്തിലെത്താനൊ സി പി എം സന്നദ്ധമല്ല. എല്ലാം ജനങ്ങളോട് തുറന്ന് പറഞ്ഞ് ജനങ്ങളെ ബാധിക്കുന്ന പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് ശക്തമായി പ്രക്ഷോപങ്ങളുമായി മുന്നോട്ട് പോവാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുളളതെന്നും പത്രസമ്മേളനത്തില്‍ പറഞ്ഞു. കോട്ടോപ്പാടം ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ കെ എന്‍ സുശീല, പത്മജ, സി പി എം നേതാക്കളായ മനോമോഹന്‍, മനോജ് തുടങ്ങയിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.