Connect with us

International

സ്‌കോട്ട്‌ലാന്‍ഡ് ബ്രിട്ടനില്‍ തുടരുന്നതിന് 53 ശതമാനം പേര്‍ അനുകൂലമെന്ന് സര്‍വേ

Published

|

Last Updated

ലണ്ടന്‍: സ്‌കോട്‌ലാന്‍ഡ് ബ്രിട്ടനില്‍ നിന്ന് വേര്‍പിരിയുന്നത് സംബന്ധിച്ചുള്ള ഹിതപരിശോധന അടുത്ത ആഴ്ച നടക്കാനിരിക്കെ നടന്ന സര്‍വേകള്‍ ഐക്യത്തിന് അനുകൂലം. ബ്രിട്ടനില്‍ നിന്ന് പിരിഞ്ഞ് സ്വതന്ത്ര രാഷ്ട്രമാകുന്നതിന് 53 ശതമാനം സ്‌കോട്ട് പൗരന്‍മാരും എതിരാണെന്നാണ് പുതിയ സര്‍വേകള്‍ ചൂണ്ടിക്കാണിക്കുന്നത്. ഹിതപരിശോധനയില്‍ “നോ” വോട്ടുകളാകും കൂടുതലെന്നര്‍ഥം. പ്രമുഖ സ്‌കോട്ടിഷ് പത്രമായ ഡെയ്‌ലി റെക്കോര്‍ഡ് നടത്തിയ സര്‍വേയാണ് ഈ പ്രവചനം നടത്തുന്നത്. വേര്‍പിരിയുന്നതിനെതിരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയടക്കമുള്ളവര്‍ നടത്തുന്ന പ്രചാരണം ഫലം കാണുന്നുവെന്നാണ് സര്‍വേ വ്യക്തമാക്കുന്നത്. 37 ശതമാനം പേര്‍ മാത്രമേ സ്വതന്ത്ര സ്‌കോട്ട്‌ലാന്‍ഡിനായി വോട്ട് ചെയ്യുകയുള്ളൂവത്രേ. 10 ശതമാനം പേര്‍ ഇപ്പോഴും തീരുമാനമെടുത്തിട്ടില്ലെന്നും സര്‍വേ പറയുന്നു. എന്നാല്‍ സര്‍വേ ശാസ്ത്രീയമല്ലെന്നും വേര്‍പിരിയാനുള്ള അഭിവാഞ്ജ ശക്തമാണെന്നും “യെസ്” വോട്ടിന്റെ വക്താക്കള്‍ വാദിക്കുന്നു.
സ്‌കോട്ടുകള്‍ പിരിഞ്ഞു പോകുന്നത് തന്റെ ഹൃദയം മുറിയുന്നതിന് തുല്യമാണെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ പ്രസ്താവിച്ചതിന് പിറകേയാണ് സര്‍വേ നടന്നത്. ഗ്രേറ്റ് ബ്രിട്ടന്റെ അവസാന പ്രധാനമന്ത്രിയെന്ന ഖ്യാതി തന്റെ മേല്‍ പതിയാതിരിക്കാന്‍ ഡേവിഡ് കാമറൂണ്‍ വ്യക്തിപരമായി തന്നെ വിയര്‍പ്പൊഴുക്കുന്നുണ്ട്. സ്‌കോട്ടുകള്‍ പിരിഞ്ഞു പോകുന്നതിനാണ് വിധിയെഴുതുന്നതെങ്കില്‍ പ്രധാനമന്ത്രിപദം ഒഴിയാന്‍ കാമറൂമിന് മേല്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സമ്മര്‍ദം ചെലുത്തിയേക്കും. കാമറൂണിന്റെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് സ്‌കോട്ട്‌ലാന്‍ഡില്‍ തീര്‍ത്തും മോശമായ പ്രതിച്ഛായയാണ് ഉള്ളത്. മാര്‍ഗരറ്റ് താച്ചറുടെ കാലത്ത് തൊഴിലില്ലായ്മയും സ്വകാര്യവത്കരണവും സാമ്പത്തിക പ്രതിസന്ധിയും കാരണം ഇടിഞ്ഞ പാര്‍ട്ടിയുടെ പ്രതിച്ഛായ ഇന്നും അവിടെ മെച്ചപ്പെട്ടിട്ടില്ല. ഇത് മറികടക്കാന്‍ നമ്പര്‍ 10 ഡൗണിംഗ് സ്ട്രീറ്റിലെ തന്റെ വസതിക്ക് പുറത്ത് നീലയും വെള്ളയും ചേര്‍ന്ന സ്‌കോട്ടിഷ് പതാക ഉയര്‍ത്താന്‍ കാമറൂണ്‍ ഉത്തരവിട്ടിരിക്കുകയാണ്.