Connect with us

Kasargod

ഓട്ടോ-ടാക്‌സി പണിമുടക്ക് യാത്രക്കാരെ വലച്ചു

Published

|

Last Updated

കാസര്‍കോട്: ഓട്ടോ ടാക്‌സി തൊഴിലാളികള്‍ നടത്തിയ സൂചനാ പണിമുടക്ക് ജില്ലയില്‍ ജനജീവിതത്തെ സാരമായി ബാധിച്ചു. നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി സംഘടിപ്പിച്ച പണിമുടക്കിന്റെ ഭാഗമായാണ് ജില്ലയിലും ഓട്ടോ ടാക്‌സി തൊഴിലാളികള്‍ ഇന്നലെ സൂചനാ പണിമുടക്ക് സംഘടിപ്പിച്ചത്. ഇന്നലെ രാവിലെ ആറ് മണിക്ക് തുടങ്ങി വൈകിട്ട് ആറ് വരെ നീണ്ടുനിന്ന പണിമുടക്ക് യാത്രക്കാരെ ഏറെ ദുരിതത്തിലാക്കി.
ഓട്ടോകള്‍ക്ക് മിനിമം ചാര്‍ജ് 25 രൂപയും കി.മീറ്ററിന് 15 രൂപയും ടാക്‌സി കാറുകള്‍ക്ക് മിനിമം 250 രൂപയും കി. മീറ്ററിന് 20 രൂപയുമാക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ടാണ് പണിമുടക്ക്. സി ഐ ടി യു, എ ഐ ടി യു സി, ഐ എന്‍ ടി യു സി, എസ് ടി യു, ജെ ടി യു സി, ടി യു സി ഐ തുടങ്ങിയ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലാണ് തൊഴിലാളികള്‍ പണിമുടക്കിയത്.
പണിമുടക്ക് ജനങ്ങളുടെ സഞ്ചാര സൗകര്യത്തെ പ്രതികൂലമായി ബാധിച്ചു. മിക്ക ബസുകളിലും നല്ല തിരക്കനുഭവപ്പെട്ടത്. ബസ് റൂട്ടില്ലാത്ത സ്ഥലങ്ങളില്‍ യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടുന്നു. പണിമുടക്കിയ തൊഴിലാളികള്‍ രാവിലെ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തി.
പണിമുടക്ക് ആഹ്വാനം തള്ളിക്കളഞ്ഞ് പലയിടത്തും സര്‍വീസ് നടത്തിയ ഓട്ടോറിക്ഷകളെ പണിമുടക്ക് അനുകൂലികള്‍ തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
രാവിലെ കാസര്‍കോട് പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തും ബോവിക്കാനത്തും കാഞ്ഞങ്ങാടും ഉള്‍പ്പടെയുള്ള ചിലയിടങ്ങളിലാണ് ഇത്തരത്തില്‍ ചെറിയ വാക്കേറ്റത്തിനും മറ്റും ഇടയായത്. വിവിധ സംഘടനാ നേതാക്കളായ എസ് എം അബ്ദുറഹ്മാന്‍, എ കേശവ, മണികണ്ഠന്‍ ചെട്ടുംകുഴി, പുരുഷോത്തമന്‍ ബട്ടംപാറ, ഹസൈനാര്‍ താനിയത്ത്, ഖലീല്‍ പടിഞ്ഞാര്‍, കെ കമലാക്ഷന്‍, സുബൈര്‍ മാര തുടങ്ങിയവരുടെ നേതൃത്വത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനവും നടത്തി.

Latest