താഹിറ യൂസുഫ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ്‌

Posted on: September 12, 2014 12:40 am | Last updated: September 11, 2014 at 9:40 pm
SHARE

കുമ്പള: മുസ്‌ലിം ലീഗിലെ താഹിറ യൂസഫിനെ കുമ്പള പഞ്ചായത്ത് പ്രസിഡന്റായി കഴിഞ്ഞ ദിവസം ചേര്‍ന്ന പ്രത്യേക ഭരണ സമിതി യോഗത്തില്‍ തിരഞ്ഞെടുത്തു. താഹിറ യൂസഫിന് 14 ഉം എതിര്‍സ്ഥാനാര്‍ഥികളായ ബി ജെ പിയിലെ പ്രേമ ഷെട്ടിക്ക് ആറും എല്‍ ഡി എഫിലെ രേവതിക്ക് രണ്ടും വോട്ടുകളാണ് ലഭിച്ചത്.
പി എച്ച് റംല മുസ്‌ലിം ലീഗ് പ്രാദേശിക നേതൃത്വവുമായി ഇടഞ്ഞ് പ്രസിഡന്റ് സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുത്തത്.
പ്രസിഡന്റ് സ്ഥാനാര്‍ഥിയെ സംബന്ധിച്ച് തര്‍ക്കം ഉടലെടുത്തതിനാല്‍ തീരുമാനം മുസ്‌ലിം ലീഗ് ജില്ലാ നേതൃത്വത്തിന് വിടുകയും ജില്ലാ നേതൃത്വം താഹിറയെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുകയുമായിരുന്നു. നിലവില്‍ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയാണ് താഹിറ.
പുതിയ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണായി നസീമയെ തിരഞ്ഞെടുക്കുമെന്നാണ് സൂചന. കക്കളം കുന്ന് വാര്‍ഡിനെയാണ് താഹിറ പ്രതിനിധീകരിക്കുന്നത്. യൂത്ത്‌ലീഗ് കുമ്പള പഞ്ചായത്ത് പ്രസിഡന്റ് കെ വി യൂസഫിന്റെ ഭാര്യയാണ് താഹിറ യൂസഫ്.