തിരിച്ചടി നേരിടുന്ന ഹിന്ദുത്വ അജന്‍ഡ

Posted on: September 12, 2014 6:05 am | Last updated: September 11, 2014 at 9:07 pm
SHARE

parliment of indiaസ്വകാര്യവത്കരണത്തിന്റെയും വിദേശ മൂലധന നിക്ഷേപത്തിന്റെയും അതിവേഗ പാതയിലൂടെയാണ് മോദി സര്‍ക്കാര്‍ നൂറ് ദിവസം പിന്നിട്ടത്. ദേശീയ മാധ്യമങ്ങള്‍ മന്‍മോഹന്‍ സിംഗിന്റെ അന്തര്‍മുഖത്വത്തെയും മോദിയുടെ ഉര്‍ജസ്വലതയെയും താരതമ്യം ചെയ്ത് രണ്ട് പേരും ഒരേ പോലെ സേവിച്ചുപോന്ന മൂലധനതാത്പര്യങ്ങളെ സംബന്ധിച്ച് അജ്ഞത സൃഷ്ടിക്കുകയാണ്. ആഗോള മൂലധനത്തിന്റെ ആസ്ഥാന നഗരങ്ങളില്‍ ചെന്ന് പെരുമ്പറ മുട്ടി വിദേശ കുത്തകകള്‍ക്കുള്ള നിക്ഷേപാനുമതി വിളംബരം ചെയ്യുകയാണ് മോദി. വിദേശ മൂലധനത്തിന് തടസ്സങ്ങളേതുമില്ലാതെ കടന്നുവരാന്‍ ഇതാ രക്തകബളം വിരിച്ചിരിക്കുന്നുവെന്ന് വിളിച്ചുപറയുകയാണ്. യു പി എ സര്‍ക്കാറിനെ പോലെ നവ ഉദാരവത്കരണ നയം ത്വരിതഗതിയില്‍ മുന്നോട്ടു കൊണ്ടുപോകാനാണ് മോദി സര്‍ക്കാര്‍ ശ്രമിക്കുന്നത്. യു പി എ സര്‍ക്കാറിന്റെ ജനദ്രോഹ നയങ്ങള്‍ക്കും ദുര്‍ഭരണത്തിനുമെതിരായ ജനവികാരത്തെ ഉപയോഗപ്പെടുത്തിയാണ് ബി ജെ പി അധികാരത്തിലെത്തുന്നത്. വിലക്കയറ്റവും പണപ്പെരുപ്പവും തൊഴിലില്ലായ്മയും വര്‍ദ്ധിതമാകുന്ന അഴിമതിയും കൊണ്ട് പൊറുതിമുട്ടിയ ഇന്ത്യന്‍ ജനത അതില്‍ നിന്നെല്ലാമുള്ള മുക്തി ആഗ്രഹിച്ചാണ് ബി ജെ പിക്ക് വോട്ട് ചെയ്തത്. കോര്‍പറേറ്റ് താത്പര്യങ്ങളും വര്‍ഗീയതയും ചേര്‍ന്നാണ് ജനമനസ്സുകളെ മോദിക്കനുകൂലമാക്കിത്തീര്‍ത്തത്. അധികാരത്തിലേറി ദിവസങ്ങള്‍ക്കകം മോദിയുടെ ലക്ഷ്യം കോര്‍പറേറ്റ് ലാഭതാത്പര്യം മാത്രമാണെന്ന് വ്യക്തമായി. അദാനിമാരുടെയും അംബാനിമാരുടെയും അരുമയാണ് താനെന്ന് 100 ദിവസം കൊണ്ട് അദ്ദേഹം ഭംഗിയായി തെളിയിച്ചു.
കോര്‍പറേറ്റ് മൂലധന വളര്‍ച്ചക്കാവശ്യമായ നയപരിപാടികളാണ് ബി ജെ പി മുന്‍പിന്‍ ആലോചനയില്ലാതെ അടിച്ചേല്‍പ്പിച്ചുകൊണ്ടിരിക്കുന്നത്. വിലക്കയറ്റം തടഞ്ഞില്ലെന്ന് മാത്രമല്ല അത് രൂക്ഷമാക്കുന്ന നടപടി സ്വീകരിച്ചു. അന്താരാഷ്ട്ര വിപണിയില്‍ എണ്ണ വില ബാരലിന് 100 ഡോളറിന് താഴെയായി കുറയുമ്പോഴും ഡീസല്‍ വില പ്രതിമാസം 50 പൈസ വര്‍ധിപ്പിക്കുന്നു. തീവണ്ടിക്കൂലിയും ചരക്ക് കൂലിയും അഭൂതപൂര്‍വമായ തോതില്‍ വര്‍ധിപ്പിച്ചു. ബജറ്റ് വഴി റെയില്‍വേയുടെ സ്വകാര്യവത്കരണത്തിനുള്ള നിര്‍ദേശങ്ങള്‍ അടിച്ചേല്‍പ്പിച്ചു. ഇന്ധന വിലക്കനുസരിച്ച് റെയില്‍വേ ചാര്‍ജ് വര്‍ധിപ്പിക്കുന്നതടക്കമുള്ള വന്‍ കൊള്ളക്കുള്ള നയപരമായ തീരുമാനമാണ് സദാനന്ദ ഗൗഡ മുന്നോട്ടുവെച്ചിരിക്കുന്നത്. റെയില്‍വേയുടെ വിഷന്‍ 2020 അനുസരിച്ച് അന്താരാഷ്ട്ര ബുള്ളറ്റ് ട്രെയിന്‍ നിര്‍മാതാക്കള്‍ക്ക് അവരുടെ സാങ്കേതികവിദ്യയുടെയും യന്ത്രസാമഗ്രികളുടെയും വിപണിയായി ഇന്ത്യയെ മാറ്റാനുള്ള അതിവേഗ റെയില്‍വേ പദ്ധതികളാണ് സര്‍ക്കാര്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ജപ്പാന്‍ കോര്‍പറേറ്റ് ബേങ്കില്‍ നിന്നും വായ്പ മൂലധനം സ്വീകരിച്ച് അതിന്റെ വ്യവസ്ഥകള്‍ക്ക് കീഴടങ്ങി ഇന്ത്യന്‍ റെയില്‍വേയുടെ വികസനം നടപ്പാക്കാനാണ് നീക്കം. ചരക്ക് കൂലി വര്‍ധനവും ഡീസല്‍ ചാര്‍ജ് വര്‍ധനവുമാണ് വിലക്കയറ്റം രൂക്ഷമാകാനുള്ള ഒരു കാരണം. നിതേ്യാപയോഗ സാധനങ്ങളുടെ വില വാണം പോലെ കുതിച്ചുയരുമ്പോഴും വിപണി ഇടപെടലിനുള്ള ഫലപ്രദമായ ഒരു നടപടിയും ഉണ്ടാകുന്നില്ല.
വിദേശ മൂലധനശക്തികള്‍ക്ക് സര്‍വതന്ത്രസ്വതന്ത്രമായി രാജ്യത്തിന്റെ പ്രതിരോധ മേഖലയില്‍ വരെ കടന്നുവരാന്‍ പച്ചക്കൊടി വീശിയിരിക്കുകയാണ്. പ്രതിരോധ മേഖലയിലെ എഫ് ഡി ഐ 49 ശതമാനമാക്കി ഉയര്‍ത്തി യു എസ്-ഇസ്‌റാഈല്‍ ആയുധ കമ്പനികള്‍ക്ക് ചുവപ്പ് പരവതാനി വിരിച്ചിരിക്കുകയാണ്. ഇന്‍ഷ്വറന്‍സ്, ടെലികോം മേഖലയിലും വിദേശമൂലധന നിക്ഷേപം 49 ശതമാനമാക്കി ഉയര്‍ത്തി. ലാഭകരമായി പ്രവര്‍ത്തിക്കുന്ന ഇന്‍ഷ്വറന്‍സ്, ബേങ്കിംഗ്, ടെലികോം മേഖലകളാണ് സ്വകാര്യവത്കരിക്കുന്നത്; ആഗോളമൂലധന കുത്തകകള്‍ക്ക് അടിയറവെക്കുന്നത്. പ്രതിരോധ, സാമ്പത്തിക മേഖലകളിലെ സ്വകാര്യവത്കരണ നടപടികളുടെ തുടര്‍ച്ചയിലാണ് ഹിന്ദുത്വ അജന്‍ഡക്കും വേഗം കൂടിയിരിക്കുന്നത്. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നാണ് ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവത് പരസ്യമായി ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മോദിയുടെ ന്യൂനപക്ഷക്ഷേമ മന്ത്രി നജ്മഹിബതുല്ല ആര്‍ എസ് എസിന്റെ ഹിന്ദുത്വം ഛര്‍ദിച്ചുതുടങ്ങിയിട്ടുമുണ്ട്. സവര്‍ക്കറും ഗോള്‍വാള്‍ക്കറും നടത്തിയ നിര്‍വചനമനുസരിച്ച് ഇന്ത്യ ഹിന്ദുക്കളുടെതാണ്. മുസ്‌ലിംകളും ക്രിസ്ത്യാനികളും അടക്കമുള്ള അപര മതവിശ്വസികള്‍ ഹിന്ദുത്വത്തിന് വഴങ്ങി ജീവിച്ചുകൊള്ളണമെന്നാണ് ‘വിചാരധാര’ അനുശാസിക്കുന്നത്. ഹിറ്റ്‌ലറുടെ സെമറ്റിക് വംശീയ ഉന്മൂലനത്തെ മാതൃകയാക്കാനാണ് ഗോള്‍വാള്‍ക്കര്‍ ആഹ്വാനം ചെയ്തത്.
ജിന്നയും കൂട്ടരും ഇസ്‌ലാം മതത്തിന്റെ അടിസ്ഥാനത്തില്‍ പാക്കിസ്ഥാന് വേണ്ടി വാദിച്ചതു പോലെ ആര്‍ എസ് എസ് ഇന്ത്യ ഹിന്ദു രാഷ്ട്രമാക്കണമെന്ന വാദമാണ് മുന്നോട്ടുവെച്ചത്. അത്തരം വാദങ്ങളെ തള്ളിയാണ് ഇന്ത്യ ഒരു മതനിരപേക്ഷ രാഷ്ട്രമായത്. ബഹുസ്വരതയെ ഉള്‍ക്കൊള്ളുന്ന ഇന്ത്യന്‍ ജനാധിപത്യത്തിന്റെയും ദേശീയതയുടെയും കരുത്ത് മതനിരപേക്ഷതയാണ്. ഡോ. കെ എന്‍ പണിക്കര്‍ നിരീക്ഷിക്കുന്നതു പോലെ ഇന്ത്യന്‍ ദേശീയതയുടെ വര്‍ണഭംഗി അതിന്റെ ബഹുസ്വരതയാണ്.
എന്നാല്‍ ഇന്ത്യന്‍ ഭരണഘടനയിലെ മതനിരപേക്ഷത കപട മതേതരത്വമാണെന്നാണ് സംഘ്പരിവാര്‍ പ്രചരിപ്പിക്കുന്നത്. മതനിരപേക്ഷതയിലധിഷ്ഠിതമായ ഇന്ത്യയുടെ ബഹുസ്വരതയെ അവര്‍ ഒരു കാലത്തും അംഗീകരിച്ചിരുന്നില്ല. സാംസ്‌കാരിക ദേശീയതക്കു വേണ്ടിയാണ് ആര്‍ എസ് എസ് വാദിച്ചുപോന്നത്. ഭരണഘടനയിലെ ന്യൂനപക്ഷ സംരക്ഷണ വ്യവസ്ഥകളെ മുസ്‌ലിംപ്രീണനമായി ആക്ഷേപിച്ചുകൊണ്ട് സാംസ്‌കാരിക ദേശീയത അടിച്ചേല്‍പ്പിക്കാനാണ് സംഘ്പരിവാര്‍ ശ്രമിക്കുന്നത്. ഇന്ത്യ ഒരു രാജ്യവും വ്യത്യസ്ത സംസ്‌കാരങ്ങള്‍ നിലനില്‍ക്കുന്ന സമൂഹവുമാണെന്ന യാഥാര്‍ഥ്യത്തെ അങ്ങേയറ്റം അസഹിഷ്ണുതയോടെയാണ് സംഘ്പരിവാര്‍ കാണുന്നത്. നാനാത്വത്തെ ഉള്‍ക്കൊള്ളുന്ന ഏകത്വമെന്ന മതനരിപേക്ഷ ജനാധിപത്യ സങ്കല്‍പ്പത്തെ അവര്‍ സൈദ്ധാന്തികമായും പ്രായോഗികമായും ധ്വംസിച്ചുകൊണ്ടിരിക്കുകയാണ്.
ജമ്മു കാശ്മീരിന് പ്രതേ്യക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പിനോട് എന്നും സംഘ്പരിവാര്‍ അസഹിഷ്ണുത പുലര്‍ത്തിയിരുന്നു. എകീകൃത സിവില്‍ കോഡ് വാദവും ഗോവധ നിരോധവും അയോധ്യയിലെ ക്ഷേത്ര നിര്‍മാണവും ഇന്ത്യയെ ശിഥിലീകരിക്കുന്ന സാമ്രാജ്യത്വ മൂലധന താത്പര്യങ്ങളിലധിഷ്ഠിതമായ ഹിന്ദുത്വ അജന്‍ഡയാണ്. ജനങ്ങളെ ഭിന്നിപ്പിച്ചും സാമുദായിക ധ്രുവീകരണം ശക്തിപ്പെടുത്തിയും വര്‍ഗീയ സംഘര്‍ഷങ്ങളിലേക്ക് ജനസമൂഹത്തെ തള്ളിവിടുക എന്നതാണ് ഹിന്ദുത്വ അജന്‍ഡ. ഇന്ത്യയുടെ ബഹുസ്വരതയെ ഒരു സംസ്‌കാരത്തിനു കീഴില്‍ കൊണ്ടുവരാനുള്ള ഫാസിസ്റ്റ് രാഷ്ട്രീയമാണിത്.
സംഘ്പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയം ഇന്ത്യന്‍ ജനത അത്ര വേഗമങ്ങ് അംഗീകരിച്ചുകൊടുക്കുമെന്ന് തോന്നുന്നില്ല. അതിന്റെ സൂചനകളാണ് മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനു ശേഷം നടന്ന ഉപ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ കാണിക്കുന്നത്. ഉത്തരാഞ്ചലില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടിയാണ് ബി ജെ പിക്കുണ്ടായത്. രണ്ട് സിറ്റിംഗ് സീറ്റിലും കോണ്‍ഗ്രസിന്റെ സീറ്റിലും ബി ജെ പി പരാജയപ്പെട്ടു. രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ 10ല്‍ നാല് സീറ്റ് മാത്രമാണ് ബി ജെ പിക്ക് ലഭിച്ചത്. 40ല്‍ 30 സീറ്റ് കിട്ടിയ സംസ്ഥാനത്താണ് ഈ തിരിച്ചടി ഉണ്ടായത്.
കര്‍ണാടകത്തില്‍ ബി ജെ പിക്ക് ദയനീയമായ പരാജയം ഏറ്റുവാങ്ങേണ്ടിവന്നു. പഞ്ചാബില്‍ കോണ്‍ഗ്രസ് സീറ്റുകള്‍ ശിരോമണി അകാലിദളാണ് നേടിയത്. ഏറ്റവും ഒടുവില്‍ ബീഹാറിലെ മതനിരപേക്ഷ സഖ്യം ബി ജെ പിക്ക് കനത്ത തിരിച്ചടി നല്‍കി. ആര്‍ ജെ ഡി-യു ജെ ഡി സഖ്യം ദേശീയ ജനാധിപത്യ സഖ്യത്തിന് ബദലായി ന്യൂനപക്ഷങ്ങളുടെയും പിന്നാക്ക ദളിത് സമൂഹങ്ങളുടെയും വോട്ടുകളെ ഏകീകരിച്ചു. മതനിരപേക്ഷ വോട്ടുകളുടെ ശിഥിലീകരണമാണ് 16-ാം ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിയെ അധികാരത്തിലെത്തിച്ചത്. മതനിരപേക്ഷ ജനാധിപത്യ ശക്തികളുടെ ഏകീകരണം വഴി ഇന്ത്യന്‍ മണ്ണില്‍ ബി ജെ പിയെ അപ്രസക്തമാക്കാന്‍ കഴിയുമെന്നാണ് ബീഹാറിലെ തിരഞ്ഞെടുപ്പ് ഫലം കാണിക്കുന്നത്. മോദിയുടെ നേതൃത്വത്തില്‍ ബി ജെ പി നേടിയ വിജയം താത്കാലികമാണെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങളെല്ലാം വ്യക്തമാക്കുന്നത്. ഇന്ത്യന്‍ സാമൂഹിക ഘടനയുടെ സങ്കീര്‍ണതയെ ഹിന്ദുത്വാനുകൂലമാക്കിമാറ്റാനുള്ള പ്രയോഗശാസ്ത്രമാണ് ആപ്‌കോ വേള്‍ഡ്‌വൈഡ് പോലുള്ള പബ്ലിക് റിലേഷന്‍സ് കമ്പനികള്‍ ആവിഷ്‌കരിച്ചത്.
കടുത്ത ഹിന്ദുത്വ ധ്രുവീകരണത്തിലൂടെ അധികാരം നിലനിര്‍ത്താനും ബംഗാളിലും കേരളത്തിലുമെല്ലാം കടന്നുകയറാനുമുള്ള തന്ത്രമാണ് മോദിയും അമിത് ഷായും രൂപപ്പെടുത്തിയിരിക്കുന്നത്. ഇതിനെതിരെ ജാഗ്രത്തായ ഇടപെടല്‍ മതനിരപേക്ഷ ശക്തികളുടെ ഭാഗത്തുനിന്ന് ഉണ്ടാകണം. ബി ജെ പിയിലെ തലമുതിര്‍ന്ന നേതാക്കളെ വരെ അരിഞ്ഞുവീഴ്ത്തി നേതൃത്വത്തില്‍ വംശഹത്യാ വിദഗ്ധനായ അമിത്ഷായെ അവരോധിച്ചിരിക്കുകയാണ്. പണവും ആള്‍ബലവും വര്‍ഗീയ അജന്‍ഡയുമായി ഇന്ത്യയുടെ മതനിരപേക്ഷ ജനാധിപത്യ ഘടനയെ തന്നെ തകര്‍ക്കാനാണ് മോദിയും അമിത് ഷായും ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നത്. മോദി ഭരണത്തിന്റെ നൂറ് ദിനങ്ങള്‍ തെളിയിക്കുന്നത് കോര്‍പറേറ്റ് താത്പര്യങ്ങളാണ് അവരെ നയിക്കുന്നതെന്നാണ്. നീചമായ വര്‍ഗീയത വളര്‍ത്തി കോര്‍പറേറ്റ് മൂലധനത്തിന് ചുവപ്പ് പരവതാനി വിരിക്കുകയാണ് മോദി. മതനിരപേക്ഷ നിലപാടുയര്‍ത്തിപ്പിടിച്ചും നവലിബറല്‍ നയങ്ങള്‍ക്കെതിരെ എല്ലാ വിഭാഗം ജനങ്ങളുടെയും പ്രക്ഷോഭങ്ങള്‍ ഉയര്‍ത്തിയും മോദി- അമിത് ഷാ കൂട്ടുകെട്ടിനെയും അവരുടെ ഹിന്ദുത്വ അജന്‍ഡയെയും പ്രതിരോധിക്കാന്‍ മുഴുവന്‍ വര്‍ഗീയ ഫാസിസ്റ്റ്‌വിരുദ്ധ ശക്തികളുടെയും ഐക്യം രൂപപ്പെടണം.