സ്വകാര്യതക്ക് നേരെ

Posted on: September 12, 2014 6:00 am | Last updated: September 11, 2014 at 9:05 pm
SHARE

ആധുനിക സാങ്കേതിക വിദ്യയുടെ വളര്‍ച്ച വ്യക്തികളുടെ സ്വകാര്യതക്ക് കടുത്ത ഭീഷണിയായിരിക്കയാണ്. സുരക്ഷയുടെ പേരില്‍ ഭരണകൂടങ്ങള്‍ വ്യക്തികളുടെ ഫോണുകളും ഇമെയിലുകളും ചോര്‍ത്തുന്ന പ്രവണത വ്യാപകമാണിന്ന്. അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ലോക വ്യാപകമായി നടത്തുന്ന ഫോണ്‍ ചോര്‍ത്തലിന്റെ കഥകള്‍ എഡ്വേഴ്‌സ് സ്‌നോഡനിലൂടെ പുറത്തുവരികയുണ്ടായി. ഇന്ത്യയും ഇക്കാര്യത്തില്‍ ഒട്ടും പിറകിലല്ലെന്നാണ് ഇതുസംബന്ധച്ചു പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ബോധ്യപ്പെടുത്തുന്നത്. സര്‍ക്കാറിന്റെ നിര്‍ദേശ പ്രകാരം രാജ്യത്തെ പല ഫോണ്‍ കമ്പനികളും പൗരന്മാരുടെ ഫോണ്‍ കോളുകള്‍ ചോര്‍ത്തുന്നുണ്ട്. സമാജ്‌വാദി പാര്‍ട്ടി നേതാവായിരുന്ന അമര്‍സിംഗിന്റെ ടെലിഫോണ്‍ ചോര്‍ത്തല്‍ കേസില്‍ സത്യവാങ്മൂലം സമര്‍പ്പിക്കവെ, ഇന്ത്യയില്‍ വര്‍ഷാന്തം ലക്ഷത്തിലേറെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ ചോര്‍ത്തുന്നതായി റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് സുപ്രിം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാറുകളുടെ നിര്‍ദേശമനുസരിച്ചുള്ള ഫോണ്‍ ചോര്‍ത്തലുകള്‍ ഇതിന് പുറമെയാണ്. കഴിഞ്ഞ ജനുവരിക്കും ജൂണിനുമിടയില്‍ ദിനേന ശരാശരി 15 പേരുടെ വ്യക്തിഗത വിവരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ തങ്ങളോട് ആവശ്യപ്പെട്ടതായി ഇന്റര്‍നെറ്റ് കമ്പനിയായ ഗൂഗിള്‍ വെളിപ്പെടുത്തുകയുണ്ടായി. ഗൂഗിള്‍ പുറത്തുവിട്ട കണക്കു പ്രകാരം അമേരിക്ക കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിവരങ്ങള്‍ ചോര്‍ത്തുന്ന രാജ്യം ഇന്ത്യയാണ്.
ഇനിയിപ്പോള്‍ അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ എ ഷെലോണ്‍ മാതൃകയില്‍, എവിടെ നിന്നും ആരുടെ ഫോണുകളും ചോര്‍ത്താനുള്ള സംവിധാനം ഏര്‍പ്പെടുത്താനുള്ള ആലോചനയിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മൊബൈല്‍ ഫോണുകള്‍ക്കും ഇമെയിലുകള്‍ക്കും പുറമെ സ്വകാര്യ കമ്പ്യൂട്ടറുകളിലെ വിവിരങ്ങള്‍ പോ ലും ശേഖരിക്കാനാകുമെന്നതാണ് ഈ സംവിധാനത്തിന്റെ സവിശേഷത. ഇന്ത്യന്‍ ടെലിഗ്രാഫ് ആക്റ്റ്, ടെലിഗ്രാഫ് റൂള്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ആക്റ്റ് എന്നിവ പ്രകാരം ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍, ഗുരുതരമായ കുറ്റകൃത്യങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ടു മാത്രമേ വ്യക്തികളുടെ ഫോണ്‍ കോളുകള്‍ നിരീക്ഷിക്കാന്‍ പോലീസിന് അധികാരമുള്ളു. അതുതന്നെ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടെയോ സംസ്ഥാന ആഭ്യന്തര സെക്രട്ടറിയുടെയോ നിര്‍ദേശാനുസരണം ചീഫ് സെക്രട്ടരി അധ്യക്ഷനായ സമിതിയുടെ മേല്‍നോട്ടത്തിന് വിധേയവുമായിരിക്കണം. ഈ നിയമങ്ങളെല്ലാം എടുത്തുകളഞ്ഞു ഫോണ്‍ ചോര്‍ത്തലിന് നിയമ സാധുത നല്‍കാനാണ് തീരുമാനം.
രാജ്യസുരക്ഷയും സൈബര്‍ സെക്യൂരിറ്റി വിഭാഗത്തിന്റെ പ്രവര്‍ത്തനവും കാര്യക്ഷമമാക്കുയാണത്രേ പുതിയ പദ്ധതിയുടെ ലക്ഷ്യം. പൗരന്മാര്‍ക്ക് സ്വകാര്യത സൂക്ഷിക്കാനുള്ള അവകാശം എല്ലാ രാജ്യങ്ങളും ഉറപ്പ് നല്‍കുന്നുണ്ട്. ഭരണകൂടങ്ങള്‍ക്ക് ഫോണ്‍കോളുകളും ഇമെയിലുകളും ചോര്‍ത്താന്‍ നിയമപരമായി അനുമതി നല്‍കുമ്പോള്‍, ഭരണഘടന പൗരന്മാര്‍ക്ക് നല്‍കുന്ന അവകാശം പ്രഹസനമാകുകയാണ്. അമേരിക്കന്‍ ദേശീയ സുരക്ഷാ ഏജന്‍സിയുടെ ഫോണ്‍ ചോര്‍ത്തല്‍ വാഷിങ്ടണ്‍ ഫെഡറല്‍ ജില്ലാ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍, ഭരണഘടനാവിരുദ്ധവും പൗരന്‍മാരുടെ സ്വകാര്യതയിലേക്ക് തന്നിഷ്ടപ്രകാരമുള്ള കടന്നുകയറ്റവുമാണതെന്നാണ് കോടതി അഭിപ്രായപ്പെട്ടത്. ഇന്ത്യയെപ്പോലെ ജനാധിപത്യ സംവിധാനം നിലനില്‍ക്കുന്ന രാജ്യത്ത് ഒട്ടും അഭിലഷണീയമല്ല ഇത്തരം പ്രവണതകള്‍. ശരിയായ അര്‍ഥത്തില്‍ ഭരണകൂട ഭീകരതയാണിത്.
ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളെ നരീക്ഷിക്കാനെന്ന പേരില്‍ സജ്ജീകരിക്കുന്ന പല സംവിധാനങ്ങളും രാഷ്ട്രീയ എതിരാളികളുടെയും ഘടകകക്ഷി നേതാക്കളുടെയും ഗ്രൂപ്പ് നേതാക്കളുടെയും നീക്കങ്ങളെ നിരീക്ഷിക്കാനായി ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. യു പി എ ഭരണകാലത്ത് സി പി എം ജനറല്‍ സെക്രട്ടരി പ്രകാശ് കാരാട്ട്, എന്‍ സി പി നേതാവ് ശരദ് പവാര്‍, ബീഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ് വിജയ്‌സിംഗ്, അരുണ്‍ ജെയ്റ്റ്‌ലി തുടങ്ങിയ നേതാക്കളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സംഭവം പാര്‍ലമന്റില്‍ പ്രക്ഷുബ്ധാവസ്ഥ സൃഷ്ടിച്ചതാണ്. നിലവില്‍ കേന്ദ്രം ഭരിക്കുന്നത് സംഘ്പരിവാറിന്റെ പൂര്‍ണ നിയന്ത്രണത്തിലുള്ള സര്‍ക്കാറാണെന്നിരിക്കെ, ടെലികമ്യൂണിക്കേഷന്‍ മേഖലയിലെ പുതിയ പദ്ധതി രാജ്യത്തെ ന്യൂനക്ഷങ്ങള്‍ക്ക് കൂടുതല്‍ ഭീഷണിയാകുമോ എന്ന ആശങ്കയും ഉയര്‍ന്നിട്ടുണ്ട്. അമേരിക്കയുടെ ഫോണ്‍ ചോര്‍ത്തല്‍ വാര്‍ത്ത പുറത്ത് വന്നപ്പോള്‍ അതിനെതിരെ ശക്തിയായി പ്രതിഷേധിച്ചവരാണ് ഇപ്പോള്‍ ജനാധിപത്യത്തിന്റെ കടക്കല്‍ കത്തിവെക്കുന്ന പദ്ധതിയുമായി രംഗത്ത് വന്നതെന്നാണ് വിരോധാഭാസം.