Connect with us

Sports

രവി 'ശാസ്ത്രം' ബി സി സി ഐ കൈവിടില്ല

Published

|

Last Updated

ചെന്നൈ : അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പ് വരെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ചിംഗ് ഡയറക്ടര്‍ സ്ഥാനത്ത് രവിശാസ്ത്രിയെ നിലനിര്‍ത്താന്‍ ബി സി സി ഐ തീരുമാനമെന്ന് സൂചന. അതു പോലെ ഡങ്കന്‍ ഫ്‌ളെച്ചറെ പരിശീലക സ്ഥാനത്ത് നിന്ന് ധൃതിപിടിച്ച് നീക്കേണ്ടെന്നും ബോര്‍ഡിനുള്ളില്‍ ധാരണയായി.
ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര തോറ്റതിന് ശേഷം ഏകദിന പരമ്പരയില്‍ ഇന്ത്യ നടത്തിയ തിരിച്ചുവരവ് രവിശാസ്ത്രിയുടെ ഇംപാക്ടാണെന്നാണ് ബി സി സി ഐ വിലയിരുത്തല്‍. ശാസ്ത്രിയുടെ പ്രചോദന പ്രഭാഷണവും അനായാസേനയുള്ള ആശയവിനിമയവും കളിക്കാര്‍ക്ക് പുതിയ ദിശാബോധം നല്‍കി. വളരെ പെട്ടെന്നുണ്ടായ തീരുമാനമായിരുന്നു രവിശാസ്ത്രിയുടെ നിയമനം. അതിന് ലഭിച്ച പ്രതിഫലമാകട്ടെ വളരെ വലുതും. ബോര്‍ഡ് അംഗങ്ങളെല്ലാം പ്രധാനമായും ചര്‍ച്ച ചെയ്തത് ശാസ്ത്രിയെ ഏതു വിധം ഇന്ത്യന്‍ ടീമിനുള്ളില്‍ ഉപയോഗപ്പെടുത്താം എന്നതിനെ കുറിച്ചാണ് – ഒരു ബി സി സി ഐ അംഗം പറഞ്ഞു.
ആസ്‌ത്രേലിയന്‍ പര്യടനത്തിലും ലോകകപ്പിലും ടീം ഇന്ത്യക്ക് രവിശാസ്ത്രിയുടെ സാന്നിധ്യം മുതല്‍ക്കൂട്ടാകുമെന്നും ബോര്‍ഡ് വിലയിരുത്തുന്നു. മാത്രമല്ല, ഡങ്കന്‍ ഫ്‌ളെച്ചര്‍ക്ക് മുകളിലുള്ള നിയമനം രവിശാസ്ത്രി ഇലക്കും മുള്ളിനും പരിക്കില്ലാത്ത വിധം കൈകാര്യം ചെയ്തതും ബോര്‍ഡ് നിരീക്ഷിച്ചു. വിമര്‍ശത്തില്‍ മുങ്ങി നില്‍ക്കുന്ന ഡങ്കന്‍ ഫ്‌ളെച്ചറെ പിന്തുണക്കുകയാണ് രവിശാസ്ത്രി ചെയ്തത്.
നൂറിലേറെ ടെസ്റ്റുകളില്‍ കോച്ചായിരുന്ന ഫ്‌ളെച്ചറുടെ പരിചയ സമ്പത്ത് ടീമിന് ഇനിയും ആവശ്യമുണ്ടെന്നും ശാസ്ത്രി പറഞ്ഞിരുന്നു. ടീമിനുള്ളില്‍ ധോണിയും ഫ്‌ളെച്ചറും ശാസ്ത്രിക്കെതിരെ തിരിയുമെന്ന രീതിയുള്ള പ്രചാരണങ്ങളെല്ലാം അസ്ഥാനത്താവുകയും ചെയ്തു. അസിസ്റ്റന്റ് പരിശീലകരായ ഭരത് അരുണ്‍, സഞ്ജയ് ബംഗാര്‍, ഫീല്‍ഡിംഗ് കോച്ച് ശ്രീധര്‍ എന്നിവരുടെ പ്രകടനവും വളരെ മികച്ചതെന്ന് ക്രിക്കറ്റ് ബോര്‍ഡ് വിലയിരുത്തി.