എയര്‍സെല്‍ മാക്‌സിസിന് വില്‍ക്കാന്‍ മാരന്‍ സമ്മര്‍ദം ചെലുത്തിയതായി സി ബി ഐ

Posted on: September 11, 2014 11:36 pm | Last updated: September 11, 2014 at 11:36 pm
SHARE

cbiന്യൂഡല്‍ഹി: എയര്‍സെല്ലിലെ ഓഹരികളും രണ്ട് അനുബന്ധകമ്പനികളും മലേഷ്യന്‍ കമ്പനി മാക്‌സിസ് ഗ്രൂപ്പിന് വില്‍ക്കാന്‍ 2006ല്‍ മുന്‍ ടെലികോം മന്ത്രി ദയാനിധി മാരന്‍, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെലികോം പ്രൊമോട്ടര്‍ സി ശിവശങ്കരനെ നിര്‍ബന്ധിപ്പിച്ചതായി സി ബി ഐ പ്രത്യേക കോടതിയില്‍ പറഞ്ഞു. ഇതുപ്രകാരം ശിവശങ്കരന്‍ മൂന്ന് കമ്പനികള്‍ മാക്‌സിസിന് വിറ്റിട്ടുണ്ട്. എയര്‍സെല്‍- മാക്‌സിസ് ഇടപാട് കേസില്‍ സി ബി ഐ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വാദം കേള്‍ക്കുന്ന സ്‌പെഷ്യല്‍ കോടതി ജഡ്ജി ഒ പി സൈനിക്ക് മുമ്പാകെയാണ് സി ബി ഐ ഇക്കാര്യം ബോധിപ്പിച്ചത്. ദയാനിധി മാരനും സഹോദരന്‍ കലാനിധി മാരനും മറ്റ് ആറ് പേര്‍ക്കുമെതിരെ കഴിഞ്ഞ 29നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
ശിവശങ്കരന്‍ ഇരയായിരുന്നെന്നും ബിസിനസ് ചെയ്യാന്‍ ദയാനിധി സമ്മതിച്ചില്ലെന്നും സീനിയര്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കെ കെ ഗോയല്‍ പറഞ്ഞു. ടെലികോം മന്ത്രിയായിരിക്കെ ശിവശങ്കരന്റെ കമ്പനിയുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളില്‍ തീരുമാനമെടുക്കാതെ താമസിപ്പിക്കുകയായിരുന്നു ദയാനിധി. ഇതുമൂലം സുഗമമായ ബിസിനസിന് കമ്പനികള്‍ക്ക് സാധിച്ചില്ല. തുടര്‍ന്ന് മാക്‌സിസ് ഗ്രൂപ്പ് ശിവശങ്കരന്റെ കമ്പനികളെ വിലക്കെടുക്കുകയായിരുന്നു. ഇതിന് ശേഷം എല്ലാ വിഷയങ്ങളും ശരിയാക്കിക്കൊടുക്കുകയും മാക്‌സിസിന് അമിത ലാഭം ഉണ്ടാകുകയും ചെയ്തുവെന്നും സി ബി ഐ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു.