Connect with us

International

ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയത് ഗുരുതര യുദ്ധ കുറ്റങ്ങള്‍: ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച്

Published

|

Last Updated

human rights watchജറുസലം: ഫലസ്തീനിലെ ഗാസയില്‍ അമ്പത് ദിവസം നീണ്ടുനിന്ന ആക്രമണത്തിനിടെ ഇസ്‌റാഈല്‍ ഗുരുതരമായ യുദ്ധക്കുറ്റങ്ങള്‍ നടത്തിയതായി അന്താരാഷ്ട്ര മനുഷ്യാവകാശ നിരീക്ഷണ സംഘം. തങ്ങളുടെ സൈനികര്‍ ഉള്‍പ്പെട്ട അഞ്ച് വ്യത്യസ്ത അക്രമ സംഭവങ്ങളില്‍ ക്രിമിനല്‍ അന്വേഷണം നടത്താന്‍ ഇസ്‌റാഈല്‍ സൈന്യം ഉത്തരവിട്ട് ഒരു ദിവസം കഴിയുമ്പോഴാണ് മനുഷ്യവകാശ സംഘത്തിന്റെ ഈ തുറന്നുപറച്ചില്‍.

ഇസ്‌റാഈലും ഹമാസിന്റെ നേതൃത്വത്തില്‍ ഗാസയും തമ്മില്‍ 50 ദിവസം നീണ്ടുനിന്ന യുദ്ധത്തിനിടെ നിരപരാധികളായ 2000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടിരുന്നു. ഈജിപ്തിന്റെ മധ്യസ്ഥതയില്‍ നടത്തിയ അനുരഞ്ജന ചര്‍ച്ചകളെ തുടര്‍ന്ന് കഴിഞ്ഞ മാസം 26നാണ് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്നിരുന്നത്.
ന്യൂയോര്‍ക്ക് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മനുഷ്യവകാശ സംഘടന, ഇസ്‌റാഈല്‍ നടത്തിയ മൂന്ന് ആക്രമണ സംഭവങ്ങളാണ് വിശദമായ പഠനത്തിന് വിധേയമാക്കിയത്. ജൂലൈ 24നും ജൂലൈ 30നും വടക്കന്‍ ഗാസയില്‍ അഭയാര്‍ഥി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന യു എന്‍ സ്‌കൂളുകള്‍ക്ക് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങളാണ് ഇവയില്‍ രണ്ടെണ്ണം. ആഗസ്റ്റ് മൂന്നിന് ഗാസയിലെ റാഫയില്‍ ഇസ്‌റാഈല്‍ മറ്റൊരു യു എന്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണവും സംഘം പരിശോധിച്ചു. മൂന്ന് സംഭവങ്ങളിലായി 17 കുട്ടികള്‍ ഉള്‍പ്പെടെ 45 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ കേന്ദ്രങ്ങളെന്ന നിലയിലായിരുന്നില്ല ആ ആക്രമണങ്ങളെന്നും നിയമവിരുദ്ധമായ കാടത്തമായിരുന്നു അവയെന്നും ഇതു പോലെ റാഫയില്‍ നടത്തിയ ആക്രമണവും യുദ്ധ നിയമങ്ങളെ കാറ്റില്‍പ്പറത്തിയായിരുന്നുവെന്നും മനുഷ്യവകാശ സംഘടന അടിവരയിടുന്നു. ഈ മൂന്ന് ആക്രമണങ്ങളും യുദ്ധക്കുറ്റങ്ങളാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും ഇടയില്ല. സംഘടന ചൂണ്ടിക്കാട്ടുന്നു.
വ്യത്യസ്തമായ അഞ്ച് സംഭവങ്ങളില്‍ ഇസ്‌റാഈല്‍ സൈന്യവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതില്‍ ജൂലൈ 24ന് നടന്ന യു എന്‍ സ്‌കൂള്‍ ആക്രമണവും ഉള്‍പ്പെടുന്നു. ഇതിന് പുറമെ മറ്റു പല സംഭവങ്ങളിലും ഇസ്‌റാഈല്‍ സൈന്യത്തിന്റെ അന്വേഷണം പുരോഗമിക്കുകയാണ്. അതേസമയം, ജൂലൈ 30നും ആഗസ്റ്റ് മൂന്നിനും യു എന്‍ സ്‌കൂളിന് നേരെ നടത്തിയ ആക്രമണം അന്വേഷണ പരിധിയില്‍ വരുന്നുണ്ടോ എന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഒരു കുടുംബത്തിലെ എട്ട് അംഗങ്ങള്‍ കൊല്ലപ്പെട്ട വ്യോമ ആക്രമണത്തെ കുറിച്ചുള്ള അന്വേഷണം ഇസ്‌റാഈല്‍ സൈന്യം തള്ളിക്കളഞ്ഞു.
ഗാസയില്‍ ഇസ്‌റാഈല്‍ നടത്തിയിരുന്ന കിരാതമായ ആക്രമണങ്ങളെ യു എന്നും അന്താരാഷ്ട്ര മനുഷ്യവാകാശ സംഘടനകളും ശക്തമായ ഭാഷയില്‍ അപലപിച്ചിരുന്നു. അഭയാര്‍ഥി കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്ന യു എന്‍ സ്‌കൂളിന് നേരെയുള്ള ആക്രമണത്തെ അമേരിക്കയും വിമര്‍ശിച്ചിരുന്നു. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ തങ്ങള്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയെ സമീപിക്കുമെന്ന് നേരത്തെ ഹമാസ് ഇസ്‌റാഈലിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

Latest