എച്ച് എം ടി വാച്ച് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു

Posted on: September 11, 2014 8:53 pm | Last updated: September 11, 2014 at 8:59 pm
SHARE

hmtസാധാരണക്കാരന്റെ വാച്ച് സ്വപ്‌നങ്ങള്‍ക്ക് നിറം പകര്‍ന്ന എച്ച് എം ടി വാച്ച് കമ്പനി ഉല്‍പാദനം നിര്‍ത്തുന്നു. ജപ്പാന്‍ കമ്പനിയായ സിറ്റിസണ്‍സ് വാച്ച് കമ്പനിയുമായി സഹകരിച്ച് 1961ലാണ് എച്ച് എം ടി വാച്ച് നിര്‍മ്മാണ യൂണിറ്റ് സ്ഥാപിച്ചത്. 2000 മുതലുള്ള തുടര്‍ച്ചയായ നഷ്ടമാണ് പൊതുമേഖലാ സ്ഥാപനമായ എച്ച് എം ടിയുടെ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാറിനെ പ്രേരിപ്പിച്ചത്.

2011-12ല്‍ കമ്പനിയുടെ ആകെ നഷ്ടം 224.04 കോടി രൂപയായിരുന്നുവെങ്കില്‍ 2012-13ല്‍ ഇത് 242.27 കോടി രൂപയായി വളര്‍ന്നു. 2012 മാര്‍ച്ച് അവസാനിക്കുമ്പോള്‍ 694.2 കോടിയുടെ സര്‍ക്കാര്‍ വായ്പയും കമ്പനിയുടെ പേരിലുണ്ടായിരുന്നു. ശമ്പളം നല്‍കാനും നിയമാനുസൃതമായ കടങ്ങള്‍ അടച്ചു തീര്‍ക്കാനുമായിട്ടായിരുന്നു ഈ വായ്പ അനുവദിച്ചിരുന്നത്.

പൊതുമേഖല സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനുള്ള ബോര്‍ഡ് എച്ച് എം ടി ചിനാര്‍ വാച്ച്‌സ് ലിമിറ്റഡ് എന്നീ കമ്പനികള്‍ അടച്ചു പൂട്ടാനുള്ള ശുപാര്‍ശ ഇതിനോടകം തന്നെ നല്‍കി കഴിഞ്ഞതായാണ് ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന.