അബുദാബിയില്‍ വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെട്ടതായി അഡെക്

Posted on: September 11, 2014 6:48 pm | Last updated: September 11, 2014 at 6:48 pm
SHARE

Good teachersഅബുദാബി: വിദ്യാലയങ്ങളുടെ നിലവാരം മെച്ചപ്പെട്ടതായി അഡെക്(അബുദാബി എജ്യുക്കേഷന്‍ കൗണ്‍സില്‍). കഴിഞ്ഞ വര്‍ഷവുമായി താരതമ്യപ്പെടുത്തുമ്പോഴാണ് വിദ്യാലയങ്ങലുടെ നിലവാരം ഉയര്‍ന്നിരിക്കുന്നത്. അഡെകിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ഗുണനിലവാര പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്.
2013-2014 അധ്യയന വര്‍ഷത്തില്‍ പരിശോധന നടത്തിയതില്‍ 66 ശതമാനം വിദ്യാലയങ്ങളും നില മെച്ചപ്പെടുത്തേണ്ട ഗണത്തിലായിരുന്നു. മൊത്തം 118 വിദ്യാലയങ്ങളെയായിരുന്നു പരിശോധനയില്‍ ഉള്‍പ്പെടുത്തിയത്. എന്നാല്‍ 2014 – 2015 അധ്യയന വര്‍ഷം പരിശോധിച്ചപ്പോള്‍ നിലവാരം മെച്ചപ്പെടുത്തേണ്ട വിദ്യാലയങ്ങളുടെ ശതമാനം 44 ആയി കുറഞ്ഞിരിക്കയാണ്. എത്ര വിദ്യാലയങ്ങളിലാണ് ഈ വര്‍ഷം പരിശോധന നടത്തിയതെന്ന് അഡെക് വ്യക്തമാക്കിയിട്ടില്ല. ഏറ്റവും മികച്ച നിലവാരമായ എ യില്‍ ഉള്‍പ്പെട്ട വിദ്യാലയങ്ങളുടെ എണ്ണത്തിലും ഒരു ശതമാനം ഉയര്‍ച്ചയുണ്ടായിട്ടുണ്ട്. കഴിഞ്ഞ അധ്യയന വര്‍ഷം മൊത്തം വിദ്യാലയങ്ങളില്‍ 15 ശതമാനമായിരുന്നു ഈ വിഭാഗത്തിലെങ്കില്‍ ഈ വര്‍ഷം ഇത് 16 ശതമാനമായി ഉയര്‍ന്നു.
നിലവാരമുള്ളവയെ ഉള്‍പ്പെടുത്തിയ ബി വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ഉള്‍പ്പെട്ടത് 19 ശതമാനം വിദ്യാലയങ്ങളായിരുന്നുവെങ്കില്‍ ഈ വര്‍ഷം അത് 40 ശതമാനമായി കുത്തനെ ഉയര്‍ന്നുവെന്ന് അഡെക് ഇന്‍സ്‌പെക്ഷന്‍ ആന്‍ഡ് മോണിറ്ററിംഗ് വിഭാഗം തലവന്‍ അഡ്‌വാര്‍ഡ് മര്‍ടഗ് വ്യക്തമാക്കി.
മികച്ച അധ്യാപകരുടെ സാന്നിധ്യമാണ് വിദ്യാലയങ്ങളുടെ നിലവാരം ഉയര്‍ന്നു നില്‍ക്കാന്‍ ഇടയാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.