Connect with us

Gulf

രാജ്യത്ത് കഴിഞ്ഞ വര്‍ഷം നടന്നത് 16,441 വിവാഹങ്ങള്‍, മോചനങ്ങള്‍ 4,233ഉം

Published

|

Last Updated

അബുദാബി: രാജ്യത്ത് കഴിഞ്ഞ വര്‍ഷം രേഖപ്പെടുത്തിയത് 16,441 വിവാഹങ്ങളെന്ന് കണക്കുകള്‍. ഏറ്റവും കൂടുതല്‍ വിവാഹം രേഖപ്പെടുത്തിയത് അബുദാബിയിലാണ്. 3,916 വിവാഹങ്ങളാണ് തലസ്ഥാന നഗരിയില്‍ രേഖപ്പെടുത്തിയത്.
നാഷനല്‍ സ്റ്റാറ്റിസ്റ്റിക്‌സ് സെന്‍ട്രല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന വിവാഹങ്ങളുടെ കണക്കുകള്‍ ഉള്ളത്. അതേസമയം, കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന വിവാഹമോചനങ്ങളുടെ എണ്ണം 4,233 ആണെന്നും കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം വിവാഹിതരായ സ്വദേശികളില്‍ 3,000 പേര്‍ ഇണകളായി സ്വീകരിച്ചത് അന്യനാട്ടുകാരെയാണ്. ഇതില്‍ 2,109 പുരുഷന്മാരാണ്. കഴിഞ്ഞ വര്‍ഷം രാജ്യത്ത് നടന്ന വിവാഹ മോചനങ്ങളില്‍ 2,443 എണ്ണം സ്വദേശികളിലും 1,790 എണ്ണം മറ്റു രാജ്യക്കാരിലുമാണ്. സ്റ്റാറ്റിസ്റ്റിക് സെന്റര്‍ രേഖപ്പെടുത്തിയ വിവാഹങ്ങളില്‍ 7,411ലും ദമ്പതികള്‍ സ്വദേശികളാണ്. 2,100 സ്വദേശികള്‍ ഭാര്യമാരായി തിരഞ്ഞെടുത്തത് അന്യരാജ്യക്കാരെയാണ്. 898 സ്വദേശി വനിതകള്‍ ഇണകളായി സ്വീകരിച്ചത് അന്യനാട്ടുകാരെയാണെന്ന് കണക്കുകള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ആകെ നടന്ന 4,233 വിവാഹമോചനങ്ങളില്‍ 60 ശതമാനവും സ്വദേശികളാണ്. 1,790 കേസുകള്‍. ഏറ്റവും കൂടുതല്‍ വിവാഹമോചനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അബുദാബിയിലാണ്. 1,853 സംഭവങ്ങള്‍. ദുബൈ 1,255, ഷാര്‍ജ 458 എന്നിങ്ങനെയാണ് മറ്റു സ്ഥലങ്ങളിലെ കണക്കുകള്‍. ഏറ്റവും കുറവ് വിവാഹ മോചനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് ഉമ്മുല്‍ ഖുവൈനിലാണ്. 75 കേസുകള്‍ മാത്രം.