ട്രാഫിക് പിഴകളില്‍ ഇളവ്; റാസല്‍ ഖൈമയില്‍ വന്‍ പ്രതികരണം

Posted on: September 11, 2014 5:00 pm | Last updated: September 11, 2014 at 5:37 pm
SHARE

റാസല്‍ ഖൈമ: ട്രാഫിക് പിഴകളില്‍ 50 ശതമാനത്തിന്റെ ഇളവ് പ്രഖ്യാപിച്ച റാസല്‍ ഖൈമയില്‍ ആനുകൂല്യം ഉപയോഗപ്പെടുത്താന്‍ ആദ്യ ദിവസം തന്നെ വന്‍ തിരക്ക്. ചൊവ്വാഴ്ച മുതലാണ്, റാസല്‍ ഖൈമ എമിറേറ്റില്‍ രേഖപ്പെടുത്തിയ ട്രാഫിക് പിഴ സംഖ്യയില്‍ പ്രഖ്യാപിച്ച ഇളവ് പ്രാബല്യത്തില്‍ വന്നത്. മൂന്ന് മാസം വരെയാണ് ഇളവ് കാലാവധിയെന്ന് അധികൃതര്‍ നേരത്തെ അറിയിച്ചിട്ടുണ്ട്.
രാജ്യത്തെ ഏത് എമിറേറ്റില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണെങ്കിലും റാസല്‍ ഖൈമയില്‍ രേഖപ്പെടുത്തിയ പിഴയാണെങ്കില്‍ ഈ ആനുകല്യം ലഭിക്കും. രാജ്യത്തെ ഏതു ഭാഗത്തുള്ള ട്രാഫിക് ആസ്ഥാനങ്ങളിലും ആനുകൂല്യത്തോടെ പിഴയടക്കാനുള്ള സൗകര്യം രാജ്യവ്യാപകമായുള്ള ബന്ധപ്പെട്ട വിഭാഗങ്ങളുമായി സഹകരിച്ച് ഒരുക്കിയിട്ടുണ്ടെന്ന് സെന്‍ട്രല്‍ ഓപറേഷന്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ഗാനിം അഹ്മദ് ഗാനിം അറിയിച്ചു.
സ്വദേശികളും വിദേശികളുമായ മുഴുവന്‍ ജനങ്ങള്‍ക്കുമുള്ള, ഭരണാധികാരി ശൈഖ് സഈദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ സമ്മാനമാണ് ഈ ഇളവെന്നും ഇത് ജനങ്ങള്‍ പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഗാനിം അഹ്മദ് ഗാനിം ആവശ്യപ്പെട്ടു. ആവര്‍ത്തിച്ചുണ്ടായ ഗതാഗത പിഴകള്‍ കാരണം വന്‍തുക അടക്കാന്‍ കഴിയാത്തവര്‍ക്കും വാഹനത്തിന്റെ മുല്‍കിയ്യ പുതുക്കാന്‍ കഴിയാത്തവര്‍ക്കും ഇത് സുവര്‍ണാവസരമാണ്.
റാസല്‍ഖൈമയിലെ ട്രാഫിക് ആസ്ഥാനത്തിനു പുറമെ വിവിധ പ്രദേശങ്ങളിലെ അഞ്ച് പോലീസ് സ്റ്റേഷനുകളിലും പിഴയടക്കാന്‍ സൗകര്യപ്പെടുത്തിയിട്ടുണ്ടെന്ന് റാസല്‍ഖൈമ പോലീസിന്റെ അറിയിപ്പ് നേരത്തെ സിറാജ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നഗരത്തിലെ ഒരു പ്രധാന നിരത്തില്‍ സ്ഥാപിച്ച റഡാറിലുണ്ടായ സാങ്കേതിക തകരാര്‍ കാരണം നിയമാനുസൃതമായ വേഗതയില്‍ പോയ വാഹനങ്ങള്‍ക്കും പിഴ കുടുങ്ങിയത് കഴിഞ്ഞ ദിവസം പോലീസ് ഒഴിവാക്കിക്കൊടുത്തിരുന്നു.