Connect with us

Gulf

ജീവിതത്തിനായി പൊരുതുന്ന ഒരു മാസമായ സൃഷ്ടി!

Published

|

Last Updated

ദുബൈ: ജീവനുമായി മല്ലടിച്ച് കഴിയുകയാണ് ഒരു മാസം മാത്രം പ്രായമായ പിഞ്ചുകുഞ്ഞ്, പരഗ് വൈദ്യക്കും ഭാര്യ ലെയ്‌സില്‍ വൈദ്യക്കും 12 വര്‍ഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം ലഭിച്ച കുട്ടിയാണ് ലതീഫ ഹോസ്പിറ്റലില്‍ മരണവുമായി മല്ലിടുന്നത്.
അമിത രക്തസമ്മര്‍ദവുമായാണ് ഈ ദമ്പതികളുടെ മകളായ സൃഷ്ടി ഭൂമുഖത്തേക്ക് എത്തിയത്. ഇന്ത്യക്കാരനായ പിതാവും ഫിലിപ്പൈന്‍ സ്വദേശിയായ മാതാവും സൃഷ്ടി ജനിച്ചതില്‍ പിന്നെ ശരിയായി ഉറങ്ങിയിട്ടില്ല. ലതീഫ ഹോസ്പിറ്റലിലെ നവജാത ശിശുക്കള്‍ക്കായുള്ള ഐ സി യുവിലാണ് സൃഷ്ടി കഴിയുന്നത്. കഴിഞ്ഞ മാസം രണ്ടിനായിരുന്നു ലെയ്‌സില്‍ കുഞ്ഞിന് ജന്മം നല്‍കിയത്. അതി സങ്കീര്‍ണമായിരുന്നു പ്രസവം. കുഞ്ഞിനും അമ്മക്കും ജീവന്‍ വരെ നഷ്ടപ്പെടാവുന്ന അവസ്ഥയായിരുന്നു.
ദീര്‍ഘനാള്‍ ആശുപത്രിവാസം ഈ ദമ്പതികളുടെ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചിരിക്കുകയാണ്. സൃഷ്ടിയുടെ ചികിത്സക്കായി ദിവസവും 3,900 ദിര്‍ഹമാണ് ചെലവഴിക്കേണ്ടിവരുന്നത്. കുട്ടിയെ അടുത്ത രണ്ടുമാസം കൂടി ഇതേ രീതിയില്‍ വെന്റിലേറ്ററില്‍ കിടത്തേണ്ടിവരുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുട്ടിയുടെ ചികിത്സ താങ്ങാന്‍ ഈ ദമ്പതികള്‍ക്ക് സാധിക്കാത്ത സ്ഥിതിയാണ്. വിവരമറിഞ്ഞ് ഉദാരമതികള്‍ സഹായവുമായി എത്തുമെന്ന പ്രതീക്ഷയിലാണ് ഇവര്‍.

 

Latest