Connect with us

Gulf

ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സിബിഷന് ആവേശകരമായ തുടക്കം

Published

|

Last Updated

അബുദാബി: തലസ്ഥാന വാസികളും നായാട്ടുകമ്പക്കാരുമെല്ലാം കാത്തിരുന്ന ഹണ്ടിങ് ആന്‍ഡ് ഇക്വസ്ട്രിയന്‍ എക്‌സിബിഷന് ആവേകരമായ തുടക്കം. പാരമ്പര്യം വിളിച്ചോതുന്നതും നൂതനവുമായ വേട്ടയാടല്‍ ആയുധങ്ങളും വേട്ടപ്പരുന്തുകളുമായാണ് എക്‌സ്ബിഷന് തുടക്കമായിരിക്കുന്നത്. അബുദാബിയുടെ പടിഞ്ഞാറന്‍ പ്രവിശ്യയുടെ ഭരണ പ്രതിനിധിയും എമിറേറ്റ്‌സ് ഫാല്‍ക്കണേഴ്‌സ് ക്ലബ് ചെയര്‍മാനുമായ ശൈഖ് ഹംദാന്‍ ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ രക്ഷാകര്‍തൃത്വത്തില്‍ അബുദാബി സാംസ്‌കാരിക പൈതൃകാഘോഷ കമ്മിറ്റിയാണ് മൂന്ന് ദിവസത്തെ പ്രദര്‍ശനം നാഷനല്‍ എക്‌സിബിഷന്‍ സെന്ററില്‍ ഒരുക്കുന്നത്.
അറബ് പൈതൃകം ലോകത്തിനു മുന്നില്‍ തുറന്നു കാട്ടുന്ന പ്രദര്‍ശനത്തില്‍ മരുഭൂമിയിലെ പരമ്പരാഗത ജീവിതശൈലിയും അക്കാലത്തെ ആയുധങ്ങളും അയോധനമുറകളുമെല്ലാം പ്രദര്‍ശനത്തിനായി ഒരുക്കിയിട്ടുണ്ട്. 48 രാജ്യങ്ങളില്‍ നിന്നായി 640 പ്രദര്‍ശകരാണ് എത്തിയിരിക്കുന്നത്. വ്യത്യസ്തതരം വേട്ടപ്പരുന്തുകളുടെ പ്രദര്‍ശനവും വില്‍പനയും നടക്കും.
പരുന്തുകളുടെ ഇരപിടിക്കല്‍ രീതിക്കൊപ്പം, വേട്ടനായ്ക്കള്‍, ഒട്ടകങ്ങള്‍ എന്നിവയെയെല്ലാം സന്ദര്‍ശകര്‍ക്ക് നേരിട്ടു കാണാന്‍ പ്രദര്‍ശനത്തിലൂടെ സാധിക്കുമെന്ന് ഉന്നതാധികാര സംഘാടക സമിതി ചെയര്‍മാന്‍ മുഹമ്മദ് ഖലാഫി അല്‍ മസ്‌റൂഇ വ്യക്തമാക്കി.
ചിത്രരചന, ഫോട്ടോഗ്രഫി, കവിതാരചന, പരമ്പരാഗത കാപ്പി തയ്യാറാക്കല്‍, അറേബ്യന്‍ ശുനകന്മാരുടെ സൗന്ദര്യമത്സരം, കുതിര അഭ്യാസം തുടങ്ങി നിരവധി മത്സരപരിപാടികളും പ്രദര്‍ശനത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ചില്‍ ജര്‍മനിയിലെ ന്യൂറന്‍ബര്‍ഗില്‍ നടന്ന ജര്‍മന്‍ ഇന്റര്‍നാഷനല്‍ ഹണ്ടിംഗ് ഷോയില്‍ സ്വദേശികളുടെ പരമ്പരാഗത നായാട്ടുമുറകള്‍ പരിചയപ്പെടുത്തിയിരുന്നതായും അദ്ദേഹം വെളിപ്പെടുത്തി.

 

Latest