അല്‍ ഹംറ വില്ലേജിലെ കനത്ത യൂട്ടിലിറ്റി ബില്‍ താമസക്കാര്‍ക്ക് ദുരിതമാകുന്നു

Posted on: September 11, 2014 5:07 pm | Last updated: September 11, 2014 at 5:07 pm
SHARE

റാസല്‍ ഖൈമ: അല്‍ ഹംറ വില്ലേജില്‍ വൈദ്യുതിക്കും വെള്ളത്തിനുമായി യൂട്ടിലിറ്റി ബില്ലായി ആയിരക്കണക്കിന് ദിര്‍ഹം ഈടാക്കുന്നത് താമസക്കാര്‍ക്ക് ദുരിതമാകുന്നു. ഇവിടെ വൈദ്യുതി വിതരണം ചെയ്യുന്ന അല്‍ ഖൈല്‍ പവര്‍ കമ്പനിയാണ് യൂട്ടിലിറ്റി ബില്ലായി വന്‍തുക ഈടാക്കുന്നതെന്ന് താമസക്കാര്‍ വ്യക്തമാക്കി. ഫ്രീസോണ്‍ മേഖലയിലെ താമസക്കാര്‍ക്കും ബിസിനസ് സ്ഥാപനങ്ങള്‍ക്കും അല്‍ ഖൈല്‍ പവറാണ് വൈദ്യുതി വിതരണം ചെയ്യുന്നത്.

വടക്കന്‍ എമിറേറ്റായ റാസല്‍ഖൈമയില്‍ പവര്‍ കട്ട് സാധാരണമായതിനാല്‍ ഗ്യാസ് ജനറേറ്റര്‍ ഉപയോഗിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ വൈദ്യുതിക്ക് സര്‍ക്കാര്‍ സബ്‌സിഡി ഇല്ലാത്തതാണ് വൈദ്യുതി ഇനത്തില്‍ ഭാരിച്ച തുക യൂട്ടിലിറ്റി ഫീസായി നല്‍കേണ്ട അവസ്ഥ സൃഷ്ടിക്കുന്നത്.
താമസക്കാരായ വില്ലേജ് നിവാസികള്‍ക്ക് ഒരു കിലോ വാട്ട്‌സ് വൈദ്യുതിക്ക് 23 മുതല്‍ 38 ഫില്‍സ് വരെയാണ് ഈടാക്കുന്നത്. ഇതോടൊപ്പം ഗ്യാസിന്റെ വിലയിലുണ്ടാവുന്ന വര്‍ധനവ് ഉപഭോക്താക്കള്‍ വഹിക്കണം. ഇതോടൊപ്പം ഓരോ യൂണിറ്റിനും സര്‍ചാര്‍ജായി 17 ഫില്‍സ് വീതം വേറെയും നല്‍കണം. ഇതെല്ലാമാണ് ഇവിടെ വൈദ്യുതി ബില്‍ കുത്തനെ ഉയരാന്‍ ഇടയാക്കുന്നത്. ജുലൈ മാസത്തില്‍ വൈദ്യുതി ബില്‍ ഇനത്തില്‍ 1,400 ദിര്‍ഹം അടക്കേണ്ടിവന്നതായി അല്‍ ഹംറ വില്ലേജിലെ ടൗണ്‍ ഹൗസിലെ താമസക്കാരനായ ഒരാള്‍ വ്യക്തമാക്കി. സര്‍ ചാര്‍ജായി ഈടാക്കുന്ന തുക ഏത് നിമിഷവും ഉയര്‍ന്നേക്കാവുന്ന സാഹചര്യമാണ് ഇവിടെ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
അതേ സമയം, ഫിവ (ഫെഡറല്‍ എനര്‍ജി ആന്‍ഡ് വാട്ടര്‍ അതോറിറ്റി) റാസല്‍ ഖൈമയില്‍ 23 മുതല്‍ 38 ഫില്‍സ് വരെയാണ് വൈദ്യുതിക്കും വെള്ളത്തിനുമായി ഈടാക്കുന്നത്. ഫിവയുടെ സേവനം ലഭ്യമായിരുന്നെങ്കില്‍ വൈദ്യുതി-ജല ചാര്‍ജ് പാതിയായി കുറയുമെന്നാണ് താമസക്കാര്‍ പറയുന്നത്.