Connect with us

International

സിറിയയില്‍ അമേരിക്കന്‍ വ്യോമ ആക്രമണം ഉടന്‍

Published

|

Last Updated

വാഷിംഗ്ടണ്‍: സിറിയയിലെ ഇസില്‍ തീവ്രവാദികള്‍ക്കെതിരെയുള്ള ആക്രമണ പദ്ധതി അമേരിക്ക സ്ഥിരീകരിച്ചു. ഭീകരവാദികള്‍ എവിടെ ഒളിച്ചിരുന്നാലും അവരെ മുഴുവന്‍ നശിപ്പിക്കുമെന്ന് പ്രസിഡന്റ് ബരാക് ഒബാമ വ്യക്തമാക്കി. ഇതിന് പുറമെ ഇറാഖിലെ ആക്രമണം വ്യാപിക്കുന്ന കാര്യവും അദ്ദേഹം സ്ഥിരീകരിച്ചു. ഇതിന്റെ ഭാഗമായി 500 സൈനികരെ കൂടുതലായി ഇറാഖിലേക്ക് നിയോഗിക്കും. മധ്യേഷ്യയില്‍ അമേരിക്കയുടെ നിര്‍ണായക സഖ്യരാജ്യമായ സഊദി അറേബ്യ ഇസിലിനെതിരെയുള്ള യുദ്ധത്തില്‍ സഹകരിക്കുമെന്ന് അമേരിക്കക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
സഊദിക്ക് പുറമെ മറ്റു അറബ് രാഷ്ട്രങ്ങളുടെയും പിന്തുണ നേടാനുള്ള തീവ്രശ്രമത്തിലാണ് ഇപ്പോള്‍ അമേരിക്ക. ഇതിന്റെ ഭാഗമായി ഈ പോരാട്ടം തങ്ങളുടെ മാത്രം പോരാട്ടമല്ലെന്ന് കഴിഞ്ഞ ദിവസം ഒബാമ വ്യക്തമാക്കുകയും ചെയ്തിരുന്നു. തങ്ങളുടെ ലക്ഷ്യമെന്താണെന്ന് വ്യക്തമാണ്. ശക്തമായ വ്യോമ ആക്രമണത്തിലൂടെ ഇസില്‍ തീവ്രവാദികളെ അമേരിക്കയും സഖ്യ രാജ്യങ്ങളും തുടച്ചു നീക്കുമെന്നും ഒബാമ വ്യക്തമാക്കി.
ഇറാഖിലെ സായുധ സംഘത്തിനെതിരെ അടുത്തിടെ ചെറിയ തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് അമേരിക്ക നേതൃത്വം നല്‍കിയിരുന്നു. ഇറാഖില്‍ പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ വേണ്ടിയാണ് അമേരിക്ക ഇതുവരെ കാത്തിരുന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്. അമേരിക്കന്‍ കോണ്‍ഗ്രസിന്റെ സമ്മതം ഇല്ലാതെ തന്നെ ആക്രമണ പദ്ധതിയുമായി മുന്നോട്ടുപോകാനാണ് ഇപ്പോള്‍ ഒബാമയുടെ പദ്ധതി. 9/11 സംഭവത്തിന് ശേഷം പാസ്സാക്കിയ പ്രത്യേക നിയമത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും ഒബാമ ഈ ആക്രമണം നടത്തുക. ആക്രമണം ആവശ്യമായ സ്ഥലങ്ങളിലെല്ലാം ഇടപെടാന്‍ അന്നത്തെ പ്രസിഡന്റായിരുന്ന ജോര്‍ജ് ബുഷിന് ഈ നിയമത്തിലൂടെ കഴിയുമായിരുന്നു.

Latest