ബീവറേജസ് ഔട്ട്‌ലെറ്റുകളും അടച്ചുപൂട്ടുക; ധാര്‍മിക രോഷം നാളെ 20 കേന്ദ്രങ്ങളില്‍

Posted on: September 11, 2014 9:46 am | Last updated: September 11, 2014 at 9:46 am
SHARE

beverageമലപ്പുറം: ദീര്‍ഘ നാളത്തെ മുറവിളിക്കും സമ്മര്‍ദങ്ങള്‍ക്കും ശേഷം ധാര്‍മികതയും ജന വികാരവും ഉയര്‍ത്തിപ്പിടിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച മദ്യനിരോധനം സമ്പൂര്‍ണമാക്കാന്‍ ബീവറേജ് ഔട്ട്‌ലെറ്റുകള്‍ കൂടി അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് 20 സോണ്‍കേന്ദ്രങ്ങളില്‍ നാളെ ധാര്‍മിക രോഷം നടക്കും.
സുന്നി സംഘടനകളുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന ധാര്‍മിക രോഷത്തില്‍ സര്‍ക്കാരിന് പിന്തുണ പ്രഖ്യാപിച്ചും മദ്യലോബികളുടെ കുതന്ത്രങ്ങള്‍ക്കെതിരെയും പ്രതിഷേധങ്ങളുയരും. കേവലം സര്‍ക്കാരിന് ലഭിക്കുന്ന വരുമാനം മാത്രം കണക്കാക്കി കുടുംബങ്ങളിലും സമൂഹത്തിലും അനുദിനം പെരുകിക്കൊണ്ടിരിക്കുന്ന അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നത് പുരോഗമന ജനാധിപത്യ സര്‍ക്കാറിന് ഭൂഷണമല്ല.
വിദ്യാര്‍ഥി യുവജനങ്ങളില്‍ വര്‍ധിച്ചു വരുന്ന മദ്യ-മയക്കുമരുന്ന് ഉപയോഗത്തിനെതിരെ വ്യാപകമായ ബോധവത്കരണ പ്രചരണ പ്രവര്‍ത്തനങ്ങളാണ് എസ് വൈ എസ് അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായി നടത്തുന്നത്. ഈ സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായാണ് സോണ്‍ കേന്ദ്രങ്ങളില്‍ ധാര്‍മിക രോഷം സംഘടിപ്പിക്കുന്നത്. സോണ്‍ ആസ്ഥാനങ്ങളില്‍ നടക്കുന്ന ധാര്‍മിക രോഷത്തെ ജില്ലാ നേതാക്കള്‍ അഭിസംബോധന ചെയ്യും.