ആലിമുസ്‌ലിയാര്‍ സ്മാരക ഗ്രന്ഥാലയത്തോടുളള അവഗണന എന്ന് തീരും?

Posted on: September 11, 2014 9:45 am | Last updated: September 11, 2014 at 9:45 am
SHARE

മഞ്ചേരി: ഉദ്ഘാടനം ചെയ്ത് പതിനഞ്ചു വര്‍ഷം കഴിഞ്ഞിട്ടും മഞ്ചേരി നെല്ലിക്കുത്ത് ആലിമുസ്‌ലിയാര്‍ സ്മാരക ഗ്രന്ഥാലയത്തോടുള്ള അധികൃതരുടെ അവഗണനക്ക് അറുതിയായില്ല. 1989-ല്‍ നഗരസഭാ ചെയര്‍മാനായിരുന്ന അസൈന്‍ കാരാട് ജനകീയാസൂത്രണ പദ്ധതി പ്രകാരം 14.5 ലക്ഷം രൂപ ചെലവഴിച്ചു നിര്‍മ്മിച്ചതാണ് ഈ ലൈബ്രറി.
സ്വാതന്ത്ര്യ സമര സേനാനിയും മതപണ്ഡിതനും ഖിലാഫത്ത് നായകനുമായിരുന്ന ആലിമുസ്‌ലിയാരുടെ സ്മരക്കായി അദ്ദേഹത്തിന്റെ നാട്ടില്‍ തന്നെ സ്ഥാപിച്ച ഈ ലൈബ്രറിയില്‍ ചരിത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗവേഷണം നടത്തുന്നതിനും മറ്റുമായി ഒട്ടേറെ വിലപിടിപ്പിള്ള ഗ്രന്ഥങ്ങള്‍ നഗരസഭ എത്തിച്ചിരുന്നു. എന്നാല്‍ വായനക്കാര്‍ക്ക് ആവശ്യമുള്ള പുസ്‌കങ്ങള്‍ വിതരണം ചെയ്യാന്‍ ഒരു ലൈബ്രേറിയനെ ഇതുവരെ നിയമിച്ചിട്ടില്ലെന്നതാണ് ഇവിടുത്തെ പ്രശ്‌നം. നോക്കാനാളില്ലാതെ ഈ കെട്ടിടത്തില്‍ സാമൂഹ്യ വിരുദ്ധര്‍ വിഹാരം നടത്തിയതോടെ നാട്ടുകാര്‍ പ്രക്ഷോഭമാരംഭിച്ചു. തുടര്‍ന്ന് നഗരസഭ ഇവിടെ താത്ക്കാലിക ജീവനക്കാരനെ നിയമിച്ചു. എന്നാല്‍ വര്‍ഷങ്ങളായി ഇദ്ദേഹത്തിന്റെ സേവനവും ഇവിടെ ലഭിക്കുന്നില്ല. ഗ്രന്ഥശാല വീണ്ടും തുറക്കാതെയായി. 2010ല്‍ മൂന്ന് ലക്ഷത്തിലധികം രൂപയുടെ പുസ്തകങ്ങളാണ് ഇവിടേക്ക് വാങ്ങിയത്. എന്നാല്‍ ഈ പുസ്തകങ്ങളും ചിതലരിക്കുകയാണ്. ഏറെ കൊട്ടിഘോഷിച്ച് വീണ്ടും മുന്‍സ്പീക്കര്‍ കെ രാധാകൃഷ്ണനെക്കൊണ്ട് ഉദ്ഘാടനം ചെയ്യിപ്പിച്ചുവെങ്കിലും ഗ്രന്ഥാലയത്തോടുള്ള നഗരസഭയുടെ സമീപനത്തില്‍ മാറ്റമൊന്നും ഉണ്ടായിട്ടില്ല. ഒരു പത്രം പോലും ഇവിടെ വരുത്തുന്നില്ലെന്നതാണ് ഏറെ വിചിത്രം.
പത്ര ഏജന്റുമാര്‍ക്ക് കുടിശ്ശിക നല്‍കാത്തതിനാല്‍ പത്രവിതരണം നിര്‍ത്തിയിരിക്കുകയാണ്. ഇത് പുനസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ മുനിസിപ്പാലിറ്റിയുടെ ഭാഗത്തുനിന്നുമുണ്ടായിട്ടില്ല. സ്മാരകത്തോടുള്ള ഈ അവഗണന ധീരദേശാഭിമാനിയും പണ്ഡിതനുമായ ആലി മുസ്‌ലിയാരെ അപമാനിക്കുന്നതിനു തുല്ല്യമാണെന്നും ഇത് നാടിന് അപമാനമാണെന്നും നാട്ടുകാര്‍ പറയുന്നു.