പോരൂര്‍ പഞ്ചായത്തില്‍ മുസ്‌ലിംലീഗ് – സി പി എം കൂട്ടുകെട്ടിന് വീണ്ടും ശ്രമം

Posted on: September 11, 2014 9:43 am | Last updated: September 11, 2014 at 9:43 am
SHARE

leagueവണ്ടൂര്‍: പോരൂര്‍ ഗ്രാമപഞ്ചായത്തില്‍ മുസ്‌ലിം ലീഗ് വീണ്ടും സിപ ി എമ്മിനൊപ്പം ചേര്‍ന്ന് മുന്നണിയുണ്ടാക്കാന്‍ ശ്രമം തുടങ്ങി. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മുസ്‌ലിംലീഗും സിപി എമ്മും ചേര്‍ന്ന് ഭരണം നടത്തിയ ജില്ലയിലെ അപൂര്‍വ്വ പഞ്ചായത്തുകളിലൊന്നാണ് പോരൂര്‍. ഇപ്പോള്‍ യു ഡി എഫ് സംവിധാനം ഇവിടെ വീണ്ടും ത്രിശങ്കുവിലായിരിക്കുകയാണ്.
ഗ്രാമപഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യുഡി എഫില്‍ രൂപപ്പെട്ട പ്രതിസന്ധി ഒടുവില്‍ മുസ്‌ലിംലീഗ് അവിശ്വാസപ്രമേയം കൊണ്ടുവരാനുള്‍പ്പടെയുള്ള ആലോചനയിലെത്തിയിരിക്കുകയാണ്. നിലവിലെ ഭരണ സമിതിയുടെ കാലാവധി തീരാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കവെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം വേണമെന്ന ആവശ്യവുമായി മുസ്‌ലിംലീഗ് രംഗത്തു വന്നിരുന്നു. എന്നാല്‍ ഇത് അംഗീകരിച്ചുകൊടുക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകാത്തതാണ് നിലവിലെ ഭിന്നതക്ക് കാരണമായിരിക്കുന്നത്.
നിലവില്‍ യു ഡി എഫ് ഭരിക്കുന്ന പഞ്ചായത്തില്‍ ആകെ 17 വാര്‍ഡുകളാണുള്ളത്. ഇതില്‍ കോണ്‍ഗ്രസിന് ഏഴും മുസ്‌ലിംലീഗിന് മൂന്നും സീറ്റുകളാണുള്ളത്. സി പി എം അഞ്ച്, എന്‍ സിപി ഒന്ന്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ് മറ്റു സീറ്റുകള്‍. കോണ്‍ഗ്രസിലെ എന്‍ എം ശങ്കരന്‍ നമ്പൂതിരി പ്രസിഡന്റും മുസ്‌ലിംലീഗിലെ എം സീനത്ത് വൈസ് പ്രസിഡന്റുമായ ഭരണസമിതിയാണ് നാല് വര്‍ഷങ്ങളായി പഞ്ചായത്ത് ഭരിക്കുന്നത്. എന്നാല്‍ അവസാന വര്‍ഷം പ്രസിഡന്റ് സ്ഥാനം മുസ്‌ലിംലീഗിന് നല്‍കണമെന്നായിരുന്നു നേരത്തെയുണ്ടാക്കിയ ധാരണയെന്നാണ് മുസ്‌ലിംലീഗ് അംഗങ്ങള്‍ പറയുന്നത്.
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പത്താം വാര്‍ഡില്‍ മത്സരിച്ച മുസ്‌ലിംലീഗിലെ അംഗത്തെ കോണ്‍ഗ്രസുകാര്‍ ചേര്‍ന്ന് തോല്‍പ്പിച്ചതായി വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു. ഇതോടെ യു ഡി എഫ് പഞ്ചായത്ത് ഭരണത്തില്‍ നിന്ന് അകന്നു നില്‍ക്കാനായിരുന്നു മുസ്‌ലിംലീഗിന്റെ തീരുമാനം.
മന്ത്രി കുഞ്ഞാലിക്കുട്ടി, എപി അനില്‍കുമാര്‍,ഡി സി സി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി എന്നിവരുള്‍പ്പെട്ട സമിതിയാണ് പ്രശ്‌നം പരിഹരിച്ചത്. അവസാന വര്‍ഷം മുസ്‌ലിംലീഗിന് പ്രസിഡന്റ് സ്ഥാനം നല്‍കാമെന്നായിരുന്നു ധാരണയുണ്ടാക്കിയതെന്ന് മുസ്‌ലിംലീഗ് പറയുന്നത്.എന്നാല്‍ ഇത്തരമൊരു കാര്യം പറഞ്ഞു എന്നതല്ലാതെ ധാരണയുണ്ടാക്കിയിട്ടില്ലെന്ന് ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി പറഞ്ഞു. ഓരോ സമയത്തും മുസ്‌ലിംലീഗ് പറയുന്ന എല്ലാ ആവശ്യങ്ങളും അംഗീകരിച്ചുകൊടുക്കാനാവില്ലെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിലും യുഡിഎഫ് ഭിന്നതയുണ്ടായ പഞ്ചായത്തില്‍ മുസ്‌ലിംലീഗ് സ്വന്തമായി മത്സരിക്കുകയും സി പി എമ്മിനോടൊപ്പം ചേര്‍ന്ന് ഇവിടെ ഭരണം നടത്തിയിരുന്നു.
പിന്നീട് അവസാനവര്‍ഷം മുസ്‌ലിംലീഗ് വീണ്ടും കാലുമാറി സിപിഎം ഭരണസമിതിയില്‍ നിന്ന് വിട്ടു നില്‍ക്കുകയും യുഡിഎഫിനോടൊപ്പം ചേരുകയുമായിരുന്നു .മുസ്‌ലിംലീഗിലെ നിലവിലെ ആവശ്യങ്ങള്‍ക്ക് പിന്തുണയുമായി ജില്ലാകമ്മിറ്റിയും രംഗത്തെത്തിയിട്ടുണ്ട്. കൂടുതല്‍ സമ്മര്‍ദ്ദം ചെലുത്തി ഭരണം നേടിയെടുക്കാനാണ് മുസ്‌ലിംലീഗ് ശ്രമിക്കുന്നതെന്നും അറിയുന്നു.