നഗരത്തിലെ ട്രാഫിക് സിഗ്നലുകളുടെ ഉടമസ്ഥാവകാശം പോലീസിന് നല്‍കില്ല: പാലക്കാട് നഗരസഭ

Posted on: September 11, 2014 9:40 am | Last updated: September 11, 2014 at 9:40 am
SHARE

palakkad-nagarasabhaപാലക്കാട്: നഗരത്തിലെ ട്രാഫിക് സിഗ്നലുകളുടെ ഉടമസ്ഥാവകാശം പോലീസിന് നല്‍കേണ്ടതില്ലെന്ന് നഗരസഭ തീരുമാനിച്ചു.
ട്രാഫിക് സിഗ്നല്‍ പരിഷ്‌ക്കരിക്കുന്നതിനും നവീകരണം നടത്തുന്നതിനും ഇന്നലെ ചേര്‍ന്ന നഗരസഭാ സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് തീരുമാനിച്ചത്. ഇക്കാര്യത്തില്‍ പൊലീസിന്റെ നിര്‍ദേശങ്ങള്‍ സ്വീകരിക്കുമെന്ന് ചെയര്‍മാന്‍ പി വി രാജേഷ് അറിയിച്ചു. നിയന്ത്രണാധികാരം വേണമെന്ന പൊലീസിന്റെ ആവശ്യം കഴിഞ്ഞവര്‍ഷമാണ് അവര്‍ ഉന്നയിച്ചത്. മൂന്നുവര്‍ഷം മുമ്പ് ട്രാഫിക് സിഗ്നലുകള്‍ പത്തുവര്‍ഷത്തേക്ക് നഗരസഭ ഏറ്റെടുത്തിരുന്നു. ഇത് തുടരുമെന്ന് നഗരസഭ അറിയിച്ചു. കേരള റോഡ് സുരക്ഷ അതോറിറ്റി കമ്മീഷണറുടെ ഉത്തരവ് പ്രകാരമാണ് ഡി വൈ എസ് പി നഗരസഭക്ക് കത്ത് നല്‍കിയിരുന്നത്. 2013 സെപ്തംബര്‍ നാലിന് നടന്ന കൗണ്‍സില്‍ തീരുമാനമനുസരിച്ച് നഗരസഭ ഒരു സ്വകാര്യ സ്ഥാപനവുമായി കരാര്‍ ഒപ്പുവെച്ചിരുന്നു. ട്രാഫിക് സിഗ്നലുകള്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് പൊലീസിന്റെ പരാതി.ഇന്നലെ ചേര്‍ന്ന പാര്‍ട്ടി പ്രതിനിധികളുടെ സ്റ്റിയറിങ് കമ്മിറ്റി യോഗമാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമെടുത്തത്.
നഗരപരിധിയില്‍ അലഞ്ഞിതിരിയുന്ന കന്നുകാലികള്‍ക്ക് അയ്യായിരം രൂപ വരെ പിഴ ഈടാക്കാനും യോഗം തീരുമാനിച്ചു. നഗരത്തില്‍ പ്ലാസ്റ്റിക് നിരോധനം പൂര്‍ണമായും നടപ്പാക്കും. റെയ്ഡുകള്‍ നടത്തും. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് 18ന് ചേരുന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമെടുക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. യോഗത്തില്‍ വൈസ്‌ചെയര്‍പേഴ്‌സണ്‍ എം സഹീദ, കൗണ്‍സിലര്‍മാരായ വി എ നാസര്‍, അബ്ദുല്‍ഖുദ്ദൂസ്, എന്‍ ശിവരാജന്‍, കുമാരി, കെ ഭവദാസ്, എം സാവിത്രി സംബന്ധിച്ചു.