Connect with us

Kozhikode

ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര വര്‍ഷം; മെഡി. കോളജ് മാലിന്യം ജനങ്ങള്‍ക്ക് ഭീഷണിയാകുന്നു

Published

|

Last Updated

കോഴിക്കോട്: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഇന്‍സിനറേറ്റര്‍ പ്രവര്‍ത്തനം നിലച്ചിട്ട് ഒന്നര വര്‍ഷമായിട്ടും പുതിയത് സ്ഥാപിക്കാന്‍ നടപടിയില്ല. ഇത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. ദിനംപ്രതി 5000 കിലോ മാലിന്യമാണ് ആശുപത്രിയില്‍ നിന്ന് മാത്രം ഉണ്ടാകുന്നത്. ഇതില്‍ 1000 കിലോയോളം വരുന്ന ജനറല്‍ വേസ്റ്റാണ് ഇന്‍സിനറേറ്റര്‍ ഉപയോഗിച്ച് സംസ്‌കരിച്ചിരുന്നത്. ബാക്കി വരുന്ന ബയോഭക്ഷണ അവശിഷ്ടങ്ങള്‍ കഞ്ചിക്കോട്ടെ ബയോഗ്യാസ് പ്ലാന്റ് സംസ്‌കരണ സംവിധാനങ്ങളുപയോഗിച്ചാണ് നീക്കം ചെയ്യുന്നത്.
ജനറല്‍ വേസ്റ്റുകള്‍ ഇപ്പോള്‍ മാതൃശിശു സംസ്‌കരണകേന്ദ്രത്തിലെ ഇന്‍സിനറേറ്റര്‍ ഉപയോഗിച്ചാണ് സംസ്‌കരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ മണിക്കൂറില്‍ 50 കിലോ മാത്രമേ ഇവിടുത്തെ ഇന്‍സിനറേറ്ററില്‍ സംസ്‌കരിക്കാനാവൂ. മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍നിന്നു മാത്രം 2000 കിലോ വേസ്റ്റാണ് ദിനംപ്രതി ഉണ്ടാകുന്നത്. ഇതില്‍ 800 കിലോയോളം ജനറല്‍ വേസ്റ്റാണ്. അതിനാല്‍ എം സി എച്ചിലെ ജനറല്‍ വേസ്റ്റുകള്‍ ആശുപത്രി പരിസരത്തുതന്നെ അശാസ്ത്രീയമായി സംസ്‌കരിക്കുകയാണ് ചെയ്യുന്നത്.
ഡന്റല്‍ കോളജിന് മുന്‍വശം രൂപപ്പെട്ട മാലിന്യക്കൂമ്പാരം പരിസരവാസികള്‍ക്ക് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. ഇവ കത്തിക്കുമ്പോഴുണ്ടാകുന്ന പുകയും മാലിന്യം കലര്‍ന്ന മഴവെള്ളവും പരിസരമാകെ വ്യാപിക്കുകയാണ്. ദിവസേന 2000 കിലോ മാലിന്യം സംസ്‌കരിക്കാന്‍ ശേഷിയുള്ള 63 ലക്ഷം ചെലവ് വരുന്ന അത്യാധുനിക ഇന്‍സിനറേറ്റര്‍ സ്ഥാപിക്കാന്‍ നടപടി തുടങ്ങിയിട്ട് വര്‍ഷമൊന്നായെങ്കിലും പ്രാവര്‍ത്തികമായിട്ടില്ല. 32 ലക്ഷം രൂപ ഇതിനായി നീക്കിവെച്ചിട്ടുണ്ടെങ്കിലും ബാക്കി തുക കൂടി കണ്ടെത്തിയാലേ ഇത് യാഥാര്‍ഥ്യമാകൂ.

Latest