പുതിയങ്ങാടിയില്‍ കടകള്‍ ആക്രമണം: 15 പ്രതികളെ തിരിച്ചറിഞ്ഞതായി പോലീസ്

Posted on: September 11, 2014 9:30 am | Last updated: September 11, 2014 at 9:30 am
SHARE

കോഴിക്കോട്: പുതിയങ്ങാടിയില്‍ ചൊവ്വാഴ്ച രണ്ട് കടകള്‍ ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് 15 പ്രതികളെ തിരിച്ചറിഞ്ഞതായി എലത്തൂര്‍ പോലീസ്. ഒളിവില്‍ കഴിയുന്ന പ്രതികള്‍ക്കായി ഊര്‍ജിത അന്വേഷണം നടക്കുന്നുണ്ട്. പ്രതികളെല്ലാം പുതിയാപ്പ ഭാഗത്തുള്ളവരാണെന്നും പോലീസ് പറഞ്ഞു.
അതിനിടെ, സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്നലെ രാവിലെ മുതല്‍ വൈകീട്ട് വരെ പുതിയങ്ങാടി മുതല്‍ പാവങ്ങാട് വരെയുള്ള വ്യാപാരികള്‍ കടകള്‍ അടച്ച് ഹര്‍ത്താല്‍ ആചരിച്ചു. പ്രതിഷേധ പ്രകടനവും നടത്തി. അക്രമികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുതിയങ്ങാടി യൂനിറ്റ് ആവശ്യപ്പെട്ടു.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30 ഓടെയാണ് ആക്രമണം. മദ്യപിച്ച് ബൈക്കില്‍ എത്തിയ മൂന്ന് പേര്‍ പ്രകോപനമൊന്നുമില്ലാതെ വാക്കേറ്റവും പിന്നീട് ആക്രമണവും നടത്തുകയായിരുന്നു. ഈ ആക്രണത്തിന് ശേഷം കൂടുതല്‍ സംഘാംഗങ്ങളെ കൂട്ടി തിരിച്ചെത്തി വീണ്ടും കടകള്‍ ആക്രമിക്കുകയായിരുന്നു. നിള അലൂമിനിയം, തൊട്ടടുത്ത ഭാവന ഹാര്‍ഡ്‌വേഴ്‌സ് കട എന്നിവിടങ്ങളിലാണ് സംഘം ആക്രമണം നടത്തിയത്. കടകളില്‍ ഉണ്ടായിരുന്ന കാരപ്പറമ്പ് മേലേടത്ത് ദീപക് (30), കൊയിലാണ്ടി സ്വദേശി ചിങ്ങപുരം വടക്കേ താവോടി ബാലകൃഷ്ണന്‍, മൊകവൂര്‍ പടിഞ്ഞാറെ ആങ്ങോട്ട് വിനോദ് എന്നിവര്‍ക്കും ഓട്ടോറിക്ഷ ഡ്രൈവര്‍ ദയാനന്ദനുമാണ് പരുക്കേറ്റത്.
ആദ്യഘട്ടത്തില്‍ സിറ്റി കണ്‍ട്രോള്‍ റൂമില്‍ വിവരമറിച്ചതിനെ തുടര്‍ന്ന് പോലീസ് എത്തിയെങ്കിലും അക്രമിസംഘം സ്ഥലം വിട്ടിരുന്നു. പിന്നീട് ഏറെനേരം കഴിഞ്ഞ് പതിനഞ്ചോളം പേര്‍ ബൈക്കുകളില്‍ എത്തി വീണ്ടും ആക്രമണം നടത്തുകയായിരുന്നുവെന്ന് വ്യാപാരികള്‍ പറഞ്ഞു.