ഇ പി എഫ് പദ്ധതികളില്‍ അംഗമാകാനുള്ള ഉയര്‍ന്ന വേതന പരിധി 15,000 രൂപയാക്കി

Posted on: September 11, 2014 9:29 am | Last updated: September 11, 2014 at 9:29 am
SHARE

rupeeകോഴിക്കോട്: ഇ പി എഫ്/ ഇ പി എസ്/ ഇ ഡി എല്‍ ഐ പദ്ധതികളില്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി വരുത്തിയതായി റീജ്യനല്‍ പി എഫ് കമ്മീഷണര്‍ കെ പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സെപ്തംബര്‍ ഒന്ന് മുതല്‍ ഈ പദ്ധതികളില്‍ അംഗമാകാനുള്ള ഉയര്‍ന്ന വേതനപരിധി 6500 രൂപയില്‍ നിന്നും 15,000 രൂപയാക്കി ഉയര്‍ത്തി. ഇതോടെ ഇ പി എഫ് പദ്ധതി ബാധകമായിട്ടുള്ള സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന 15,000 രൂപ വരെ വേതനം വാങ്ങിക്കുന്ന എല്ലാ തൊഴിലാളികളും ഇ പി എഫിന്റെ പരിധിയില്‍ വരും. നിലവിലുള്ള അംഗങ്ങളുടെയും പി എഫ് വിഹിതം കണക്കാക്കാനുള്ള മാസ വേതന പരിധി 15000 രൂപയാക്കി ഉയര്‍ത്തിയിട്ടുണ്ട്. ഭേദഗതിപ്രകാരം ഈ മാസം മുതല്‍ തൊഴിലുടമയുടെയും തൊഴിലാളിയുടെയും പി എഫ് അടക്കേണ്ടതാണെന്നും റിജ്യനല്‍ പി എഫ് കമ്മീഷണര്‍ അറിയിച്ചു.
6500 രൂപയില്‍ കൂടൂതലുള്ള വേതനത്തില്‍ പെന്‍ഷന്‍ വിഹിതം അടക്കാന്‍ അനുവദിച്ചിട്ടുള്ള അംഗങ്ങള്‍ക്ക് ഒരു തവണ കൂടി ഓപ്ഷന്‍ നല്‍കാം. ഇത്തരം അംഗങ്ങളുടെ 1500 രൂപക്ക് മുകളില്‍ പെന്‍ഷന്‍ വിഹിതം അടക്കണമെങ്കില്‍ തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് അപേക്ഷ പുതുതായി നല്‍കണം. 2014-2015 സാമ്പത്തിക വര്‍ഷത്തിലേക്ക് ഈ മാസം ഒന്ന് മുതലുള്ള കുറഞ്ഞ മാസ പെന്‍ഷനില്‍ വര്‍ധനവുണ്ടാകും. മെമ്പര്‍ പെന്‍ഷന്‍ 1000വും വിധവാ പെന്‍ഷന്‍ 1000 വും കുട്ടികളുടെ പെന്‍ഷന്‍ 250 രൂപയും അനാഥ പെന്‍ഷന്‍ 750 രൂപയുമാണ് എറ്റവും കുറഞ്ഞ പെന്‍ഷന്‍. ആഗസ്റ്റ് 31ന് മുന്‍പുള്ള വേതന പരിധി 6500 രൂപ വരെയും അതിനു ശേഷമുള്ള വേതനപരിധി 15000 രൂപ വരെയും ആയിരിക്കും.
സെപ്തംബറിന് ശേഷം ജോലിയിലിരിക്കെ മരണപ്പെടുന്ന പി എഫ് അംഗങ്ങള്‍ക്ക് നല്‍കുന്ന പരമാവധി ആനുകൂല്യം വര്‍ധിച്ച ശമ്പളപരിധിയായ 15000 രൂപ പ്രകാരമായിരിക്കും. ഇതിനൊപ്പം പുതുതായി അനുവദിച്ച 20 ശതമാനം വര്‍ധനവും കൂടി നല്‍കും. ഇ ഡി എല്‍ ഐ പദ്ധതിയില്‍ നിന്നും ഒഴിവാക്കപ്പെട്ട സ്ഥാപനങ്ങള്‍ അവരുടെ പകരമുള്ള പദ്ധതികള്‍ ഇപ്രകാരം പുതുക്കേണ്ടതാണ്. കൂടാതെ സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ക്ക് ഇ ഡി എല്‍ ഐ സ്‌കീം 1976 പ്രകാരമുള്ളതോ അതില്‍ കൂടൂതലോ ആനുകൂല്യം നല്‍കേണ്ടതാണ്. അല്ലാത്തപക്ഷം തുകയിലെ വ്യത്യാസം തൊഴിലുടമ നല്‍കേണ്ടതായിരിക്കുമെന്നും റീജ്യനല്‍ പി എഫ് കമ്മീഷണര്‍ പറഞ്ഞു. പി ആര്‍ ഒ പ്രേമരാജും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.