Connect with us

Kerala

ഓണത്തിന് കേരളം കുടിച്ചത് 92 കോടിയുടെ മദ്യം

Published

|

Last Updated

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷനും കണ്‍സ്യൂമര്‍ ഫെഡുമുള്‍പ്പെടുന്ന സര്‍ക്കാര്‍ മദ്യ വിപണനശാലകളിലൂടെ ഓണത്തിന്റെ ആദ്യ രണ്ടു ദിവസം കേരളം കുടിച്ചത് 92.45 കോടിയുടെ മദ്യം. ഉത്രാടത്തിനും തിരുവോണത്തിനും മാത്രമുള്ള വില്‍പ്പനയാണ് ഇത്. അടുത്ത ദിവസത്തെ കണക്ക് ബിവറേജസ് കോര്‍പ്പറേഷന്‍ പുറത്തു വിട്ടിട്ടില്ല. ഈ രണ്ടു ദിവസങ്ങളിലെ മാത്രം വില്‍പ്പന കണക്കിലെടുത്താല്‍ മുന്‍ വര്‍ഷത്തെക്കാള്‍ ഏഴരക്കോടിയുടെ വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി 78 കോടി രൂപയുടെയും കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് വഴി 14.45 കോടി രൂപയുടെയും മദ്യമാണ് ഈ രണ്ടു ദിവസംകൊണ്ടു വിറ്റഴിച്ചത്.
ഉത്രാട ദിനം ബെവ്‌കോ ഔട്ട്‌ലെറ്റുകളില്‍ 45 കോടി രൂപയുടെയും തിരുവോണത്തിന് 33 കോടി രൂപയുടേയും വില്‍പ്പന നടന്നു. കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റ് വഴി ഇത്തവണ ഉത്രാടത്തിന് എട്ടു കോടിയുടെയും തിരുവോണത്തിന് ആറേമുക്കാല്‍ കോടിയുടെയും മദ്യം വിറ്റു. ഇക്കുറി അവിട്ടവും ചതയവും ഒരു ദിവസം വന്നതിനാല്‍ അന്നേ ദിവസം ഔട്ട്‌ലെറ്റുകള്‍ തുറന്നു പ്രവര്‍ത്തിച്ചിരുന്നില്ല. ഓണദിനങ്ങളില്‍ ബാറുകളിലൂടെയുള്ള മദ്യവില്‍പ്പനയുടെ കണക്ക് ലഭ്യമായിട്ടില്ല. 418 ബാറുകള്‍ പൂട്ടിയതോടെ സംസ്ഥാനത്തെ മദ്യ ഉപഭോഗം കുറഞ്ഞുവെന്ന വാദം സര്‍ക്കാര്‍ ഉയര്‍ത്തുന്നതിനാല്‍ ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള വില്‍പ്പനയുടെ യഥാര്‍ഥ കണക്ക് പുറത്തുവിടരുതെന്ന നിര്‍ദ്ദേശവും എക്‌സൈസ് വകുപ്പ് ബിവ്‌റിജസ് കോര്‍പറേഷനു നല്‍കിയിട്ടുണ്ട്. ചില പ്രദേശങ്ങളില്‍ മദ്യ വില്‍പ്പന കൂടുന്നുവെന്നു വാര്‍ത്തകള്‍ വരുന്നത് പ്രദേശവാസികളെ ബാധിക്കുന്നുവെന്ന പരാതിയുള്ളതിനാല്‍ കണക്ക് പുറത്തുവിടാനാകില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
ഓണ മദ്യവില്‍പ്പനയില്‍ കരുനാഗപ്പള്ളിയാണ് മുന്നിലെത്തിയത്. തിരുവല്ല വെയര്‍ഹൗസിനു കീഴിലെ കരുനാഗപ്പള്ളി ഔട്ട്‌ലെറ്റില്‍ ഉത്രാടത്തിന് 27.75 ലക്ഷം രൂപയുടെയും തിരുവോണത്തിന് 20.99 ലക്ഷം രൂപയുടെയും വില്‍പന നടന്നു. തൊട്ടുപിന്നിലുള്ള ചാലക്കുടി ഔട്ട്‌ലെറ്റില്‍ ഉത്രാടത്തിന് 28.20 ലക്ഷത്തിന്റെ മദ്യം വിറ്റെങ്കിലും തിരുവോണത്തിന് 18.10 ലക്ഷത്തിന്റെ വില്‍പ്പനയെ നടന്നുള്ളൂ. എന്നാല്‍, കഴിഞ്ഞ ഉത്രാടത്തെ അപേക്ഷിച്ച് ഇക്കുറി ചാലക്കുടിയില്‍ 4.80 ലക്ഷം രൂപയുടെ അധിക വില്‍പ്പന നടന്നതായാണു കണക്ക്. ഒരു വര്‍ഷത്തിനിടെ ഒരു ശതമാനം സെസ് ചുമത്തിയതും പത്തിന്റെ ഗുണിതങ്ങളായി മുഴുവന്‍ മദ്യത്തിന്റെയും വില പുനര്‍ നിശ്ചയിച്ചതുമാണ് വിറ്റുവരവ് തുക അധികമാകാന്‍ കാരണമെന്ന് കോര്‍പറേഷന്‍ അധികൃതര്‍ പറയുന്നു. ഇത്തവണ 418 ബാറുകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നതും അധിക വില്‍പ്പനക്കു കാരണമായി

Latest