യൂറോ കപ്പ് യോഗ്യതാ റൗണ്ട്: ഹോളണ്ടിന് തോല്‍വി, ഇറ്റലിക്ക് ജയം

Posted on: September 11, 2014 12:04 am | Last updated: September 11, 2014 at 12:04 am
SHARE

euroയുവേഫ 2016 യൂറോ യോഗ്യതാ റൗണ്ടില്‍ കരുത്തരായ ഹോളണ്ട് അട്ടിമറിക്കപ്പെട്ടപ്പോള്‍ ഇറ്റലി കരുത്തറിയിച്ചു കൊണ്ട് ജയിച്ചു കയറി. ഐസ്‌ലാന്‍ഡ്, വെയില്‍സ്, സൈപ്രസ്, ബള്‍ഗേറിയ, ക്രൊയേഷ്യ ടീമുകളും ശ്രദ്ധേയ ജയം സ്വന്തമാക്കി.
ലോകകപ്പിലെ മൂന്നാം സ്ഥാനക്കാരായ ഹോളണ്ടിനെ ഗ്രൂപ്പ് എയിലെ മത്സരത്തില്‍ ഇഞ്ചുറി ടൈമിലെ ഗോളില്‍ ചെക് റിപബ്ലിക്ക് 2-1ന് തോല്‍പ്പിച്ചു. ഗസ് ഹിഡിങ്ക് പരിശീലകനായി വീണ്ടും സ്ഥാനമേറ്റതിന് ശേഷം ഡച്ച് ടീമിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്. 1995ന് ശേഷം ആദ്യമായാണ് ഡച്ച് ദേശീയ ടീമിന്റെ കോച്ച് തുടരെ തോല്‍വിയേല്‍ക്കുന്നത്.
ഇഞ്ചുറി ടൈമില്‍ വാല്‍ക്ലാവ് പിലാറാണ് ചെക്കിന്റെ വിജയഗോള്‍ നേടിയത്. ഡിഫന്‍ഡര്‍ ഡാറില്‍ ജന്‍മതിന്റെ വീഴ്ചയാണ് ഗോളൊരുക്കിയത്. ഗോള്‍കീപ്പര്‍ ജാസ്പര്‍ സിലിസെന് ഹെഡറിലൂടെ ബാക് പാസിന് ശ്രമിച്ചതായിരുന്നു ജന്‍മത്. അത് പിഴച്ചു. പിലാര്‍ പന്ത് കൈക്കലാക്കി വിജയഗോളടിച്ചു. ഇരുപത്തിരണ്ടാം മിനുട്ടില്‍ ഡോക്കലിന്റെ ഗോളില്‍ ചെക് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഡി വ്രിജ് ഡച്ചിന് സമനില ഗോള്‍ നേടി. ഡാലെ ബ്ലിന്‍ഡിന്റെ ക്രോസില്‍ അമ്പത്തഞ്ചാം മിനുട്ടിലായിരുന്നു സ്റ്റെഫാന്‍ ഡി വ്രിജിന്റെ ഹെഡര്‍ ഗോള്‍.
ചെക് ടീം നന്നായി കളിച്ചു. തന്റെ കളിക്കാര്‍ പിഴവുകള്‍ മനസ്സിലാക്കട്ടെ – ഡച്ച് കോച്ച് ഹിഡിങ്ക് മത്സരശേഷം പറഞ്ഞു.
ഗ്രൂപ്പ് എയിലെ മറ്റ് മത്സരങ്ങളില്‍ കസാഖിസ്ഥാനും ലാറ്റ്‌വിയയും ഗോള്‍രഹിതം. തുര്‍ക്കിയെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് ഐസ്‌ലാന്‍ഡ് ഞെട്ടിച്ചത് ശ്രദ്ധേയമായി.
ഗ്രൂപ്പ് എച്ചില്‍ ഇറ്റലി എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് നോര്‍വെയെ തുരത്തിയത്. സ്‌ട്രൈക്കര്‍ ബലോടെല്ലിയുടെ അഭാവത്തില്‍ സാസയും ബൊനൂചിയും അന്റോണിയോ കോന്റെയുടെ ടീമിന് വേണ്ടി ലക്ഷ്യം കണ്ടു.