ഗതാഗതക്കുരുക്ക്; നഗര പരിഷ്‌കരണ പദ്ധതി നടപ്പാക്കണമെന്ന്‌

Posted on: September 11, 2014 12:51 am | Last updated: September 10, 2014 at 11:52 pm
SHARE

മണ്ണാര്‍ക്കാട്: ഗതാഗഗതക്കൂരുക്കിന് പരിഹാരം കാണാന്‍ നഗര പരിഷ്‌ക്കരണ പദ്ധതികള്‍ നടപ്പാക്കണമെന്നാവശ്യം ഉയരുന്നു. നിലവിലെ ഗതാഗതകുരുക്ക് നഗരത്തിലെ വ്യാപാരികള്‍ക്കും യാത്രക്കാര്‍ക്കും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.
അത്യാസന്ന നിലയിലുള്ള രോഗികളെപോലും യഥാസമയം നഗരത്തിലെ ആശുപത്രികളില്‍ എത്തിക്കാനാകുന്നില്ല. ഇരു പുഴകള്‍ക്കിടയില്‍ കിടക്കുന്ന മണ്ണാര്‍ക്കാട് നഗരത്തിലെ നിലവിലെ ബൈപ്പാസ് സംവിധാനം കാര്യക്ഷമമല്ല.
കണ്ടെയ്‌നര്‍ ലോറികള്‍ പോലുള്ള വലിയ വാഹനങ്ങള്‍ക്ക് ഇതു വഴി പോകുവാന്‍ സാധിക്കാത്ത അവസ്ഥയാണ്. പുതിയ ബൈപ്പാസ് എന്നത് പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിനില്‍ക്കുകയാണ്.
കുന്തിപ്പുുഴ പുതിയപാലം തുറക്കുന്നതോടെ നഗരത്തിലെ ഗതാഗതകുരുക്ക് രൂക്ഷമാകാനാണ് സാധ്യത. നഗരത്തിലെ ചെറുതും വലുതുമായ റോഡുകളെ പരസ്പരം ബന്ധിപ്പിച്ച് റിങ് റോഡ് സംവിധാനം നടപ്പാക്കിയാല്‍ ഇടത്തരം വാഹനങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ യാത്രക്ക് എറെ ഉപകരിക്കും.
ഇത് ഗതാഗതകുരുക്ക് കുറക്കും. യാത്രക്കാര്‍ക്ക് സൗകര്യപ്രതമായി കുടുതല്‍ ബസ് വേ കളുടെ നിര്‍മാണം നടത്തണമെന്നതാണ് മറ്റൊരാവശ്യം. നെല്ലിപ്പുഴ, കോടതിപ്പടി, കുന്തിപ്പുഴ എന്നിവിടങ്ങളില്‍ കൂടുതല്‍ ബസുകള്‍ നിര്‍ത്താന്‍ കഴിയുന്ന രീതിയില്‍ കൂടുതല്‍ ബസ് വേകളാണ്‌നഗരത്തിനാവശ്യം.
ദിനം പ്രതി നഗരത്തിലെത്തുന്ന ബസുകളുടെയെണ്ണം വര്‍ദ്ധിച്ചത് നിലവിലുളള പഞ്ചായത്ത് ബസ് സ്റ്റാന്റിന് ഉള്‍കൊളളാവുന്നതിലധികമായിരിക്കുന്നു. അതുകൊണ്ട് തന്നെ കൂടുതല്‍ സൗകര്യപ്രദമായ പുതിയ ബസ് സ്റ്റാന്റ് വേണം.
നഗരത്തിലെത്തുന്ന യാത്രക്കാരുടെ പ്രാഥമിക ആവശ്യങ്ങള്‍ക്കുളള സംവിധാനവും ഇവിടെയില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങളേറെയുളള ഇവിടെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ദിനം പ്രതി നഗരത്തിലെത്തുന്നത്. നഗരത്തിലെ വിവിധഭാഗങ്ങളില്‍ പൊതുടോയ്‌ലെറ്റ് നിര്‍മ്മിക്കണമെന്നാണ് മറ്റൊരാവശ്യം.
കൂടാതെ ചെറിയ കുട്ടികളുമായി എത്തുന്ന സ്ത്രീകള്‍ക്കും, മറ്റ് യാത്രകാര്‍ക്കും വിശ്രമിക്കാനാവശ്യമായ സംവിധാനവും ആവശ്യമാണ്.
റോഡരികിലുളള കൈയേറ്റം, ഫുട്പാത്തിലുളള അനധികൃത കച്ചവടവും കാല്‍നടയാത്രക്കാര്‍ക്കടക്കം ഏറെ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
ഇത്തരം അനധികൃത കയ്യേറ്റങ്ങളെ നിയന്ത്രിക്കാന്‍ അനധികൃതര്‍ മുന്നോട്ടുവരണമെന്നാണ് ജനകീയാവശ്യം.