Connect with us

Palakkad

കൊഴിഞ്ഞമ്പാറ ഗവ സ്‌കൂള്‍ പി ടി എക്ക് സംസ്ഥാന തല പുരസ്‌കാരം

Published

|

Last Updated

ചിറ്റൂര്‍: വിദ്യാലയപ്രവര്‍ത്തനത്തിന്റെ മാറ്റുകൂട്ടിയ കൊഴിഞ്ഞാമ്പാറ സര്‍ക്കാര്‍ സ്‌കൂള്‍ രക്ഷാകര്‍തൃസമിതിക്ക് സംസ്ഥാനതല പുരസ്‌കാരം. അധ്യാപകദിനത്തോടനുബന്ധിച്ച് കോട്ടയത്ത് നടന്ന ചടങ്ങില്‍ 5 ലക്ഷം രൂപയും മുഹമ്മദ്‌കോയ എവര്‍റോളിങ് ട്രോഫിയും സര്‍ട്ടിഫിക്കറ്റും വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബില്‍നിന്ന് പി ടി എ പ്രസിഡന്റ് ചെന്താമരാക്ഷന്‍ ഏറ്റുവാങ്ങി. തുടര്‍ച്ചയായി നാലുവര്‍ഷം ഉപജില്ലയിലെ പി ടി എക്കുള്ള അംഗീകാരവും ഈ വര്‍ഷത്തെ ജില്ലാതല പുരസ്‌കാരവും കൊഴിഞ്ഞാമ്പാറ സ്‌കൂളിലെ അധ്യാപക രക്ഷാകര്‍തൃസമിതിക്കായിരുന്നു. കുട്ടികളുടെ പഠനം, കായികം, കല, വായന എന്നിവയെക്കുറിച്ച് രക്ഷിതാക്കള്‍ക്ക് അതത്ദിവസംതന്നെ അറിയാനുള്ള അവസരം ഒരുക്കിയിരുന്നു. സ്‌കൂളില്‍ ആഴ്ചയിലൊരിക്കല്‍ പ്രഭാത ഭക്ഷണവും നല്‍കുന്നുണ്ട്. വായനശാല, സയന്‍സ് ലാബ്, ലാബ്, കമ്പ്യൂട്ടര്‍, പഠനത്തില്‍ പിന്നാക്കംനില്‍ക്കുന്ന കുട്ടികള്‍ക്ക് സ്ലോ ലേണേഴ്‌സ് ഐ സി യു., ബ്ലോഗ് എന്നിവ വിദ്യാര്‍ഥികള്‍ക്ക് ഗുണകരമാണെന്ന് പ്രധാനാധ്യാപകനും ദേശീയ അധ്യാപക പുരസ്‌കാര ജേതാവുമായ അബ്ദുള്‍ഖലിലൂര്‍ റഹ്മാന്‍ പറഞ്ഞു.
റോഡ്‌സുരക്ഷാ ക്ലൂബ്ബിന്റെ പ്രവര്‍ത്തനം, ടോയ്‌ലറ്റ് നിര്‍മാണം, കാറ്ററിങ് യൂണിറ്റ്, പച്ചക്കറിക്കൃഷി, പൂന്തോട്ടനിര്‍മാണം എന്നിവയില്‍ വിദ്യാര്‍ഥികളെ തത്പരരാക്കാനും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സഹകരണം നേടാനും പി ടി എക്ക് കഴിഞ്ഞു. സംസ്ഥാനതലത്തിലും ജില്ലാതലത്തിലും സബ്ജില്ലാതലത്തിലുമായി ലഭിച്ച 5.7 ലക്ഷം രൂപ വിദ്യാലയവികസനത്തിന് ചെലവിടുമെന്നും പി ടി എ പ്രസിഡന്റ് ചെന്താമരാക്ഷന്‍, അധ്യാപകരായ കെ എ ബാലകൃഷ്ണന്‍, എം സുരേഷ്‌കുമാര്‍ എന്നിവര്‍ പറഞ്ഞു.